'പ്രധാനസേവകന് താമസിക്കാൻ 467 കോടിയുടെ സൗധം വേറേയും': ചരിത്രത്തെ അപഹസിക്കുന്നുവെന്ന് വി ശിവദാസന്‍
ദില്ലി: 'വാട്സ്ആപ്പ് യൂണിവേഴ്സിറ്റി' എന്നൊരു വാക്ക് തന്നെ ഭാഷക്ക് സംഭാവന ചെയ്ത ആർ എസ് എസ് രാഷ്ട്രീയം, അർദ്ധസത്യങ്ങളും അസത്യങ്ങളും, പ്രചരിപ്പിച്ചു കൊണ്ടാണ് ജനങ്ങളെ വിഡ്ഢികളാക്കാൻ ശ്രമിക്കുന്നതെന്ന് സി പി എം നേതാവും രാജ്യസഭ എംപിയുമായ വി ശിവദാസന്‍. ഇതിൽ ഏറ്റവും പുതിയതാണ് പാർലമെന്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് അരങ്ങേറിയ പ്രഹസനം. കൊളോണിയൽ മുതലാളിത്തത്തിന്റെ കൊടിയ ചൂഷണത്തിനെതിരെ ഒന്നിച്ച ജനതയാണ് ഇന്ത്യയെ സ്വതന്ത്രമാക്കിയത്. ആ ജനകീയ സമരത്തിന്റെ ത്യാഗോജ്വലമായ ചരിത്രത്തെ അപഹസിക്കുന്ന നിലപാടാണ് ഈ പ്രഹസനത്തിലൂടെ ആർ എസ് എസ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ഉന്നത വർഗ്ഗങ്ങളുടെ രഹസ്യവും പരസ്യവുമായ പിന്തുണ കൊണ്ടാണ് ഇന്ത്യയിൽ ബ്രിട്ടീഷ് കൊളോണിയൽ മുതലാളിത്തം അതിന്റെ വേരുറപ്പിച്ചത്. തങ്ങളുടെ അധികാരം നിലനിർത്തുവാനായി ഏത് അനാചാരങ്ങളോടും സന്ധി ചെയ്യുവാൻ ബ്രിട്ടീഷുകാരും തങ്ങളുടെ ശക്തിയും സ്വാധീനവും നിലനിർത്തുവാനായി ഏത് സാമ്രാജ്യത്വശക്തിക്കും കീഴ്പ്പെടുവാൻ സമൂഹത്തിലെ ഉന്നത വർഗ്ഗങ്ങളും തയ്യാറായിരുന്നു എന്നത് ചരിത്ര വസ്തുതയാണ്.

സാമ്രാജ്യത്വത്തിന്റെയും ജാതീയതയുടെയും ഫ്യൂഡലിസത്തിന്റെയും സംയുക്ത ചൂഷണം നേരിട്ട ഇന്ത്യയിലെ സാധാരണ ജനതയാണ് ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി സമസ്തവും ബലികഴിച്ച് ഇറങ്ങിയത്. ആ ലക്ഷക്കണക്കിന് മനുഷ്യരുടെ ത്യാഗങ്ങളെ പരിഹസിക്കുന്ന നിലപാടാണ് 'അധികാരക്കൈമാറ്റത്തിന്റെ ചെങ്കോൽ' എന്ന പ്രഹസനത്തിലൂടെ ആർ എസ് എസ് കൈകൊണ്ടത്. ഇന്ത്യൻ പാർലമെന്റ് ഉദ്ഘാടനത്തിൽ ഇന്ത്യയുടെ രാഷ്ട്രപതിക്ക് ക്ഷണം പോലും ഇല്ലാത്ത അപമാനകരമായ സാഹചര്യമാണ് ആർ എസ് എസ് സൃഷ്ടിച്ചിരിക്കുന്നതെന്നും വി ശിവദാസന്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യൻ ജനതയുടെ 1200 കോടി രൂപയുടെ നികുതിപ്പണം കൊണ്ട് പണിത നവസൗധം, ആർ.എസ്.എസിന്റെ ബുക്കിൽ എഴുതിച്ചേർക്കുന്നതിനുള്ള സങ്കുചിത പരിശ്രമം ആണ് നടക്കുന്നത്. പ്രധാനസേവകന് താമസിക്കാൻ 467 കോടിയുടെ സൗധം വേറെ ഒരുങ്ങുന്നുണ്ട്. തിരുവാവാടുംതുറയ് അധീനം കൈമാറിയ ചെങ്കോൽ, ബ്രിട്ടീഷ്കാരിൽ നിന്നും ഇന്ത്യൻ ജനതയിലേക്കുള്ള അധികാരകൈമാറ്റത്തിനായി ഉപയോഗിച്ചതായി ഒരു തെളിവും നിലവിൽ ഇല്ല. 'കൈമാറിയ അധികാരം' വീണ്ടും കൈമാറുന്നതിന് എന്ത് പ്രസക്തിയാണുള്ളത്?
ഇന്ത്യയുടെ അഭംഗുരമായ ഭരണസംവിധാനത്തിനു അധികാര നഷ്ടം വന്നു എന്നാണോ അർത്ഥമാക്കേണ്ടത്? അങ്ങനെ നഷ്ടപ്പെട്ടില്ലെങ്കിൽ വീണ്ടും കൈമാറ്റം ചെയ്യുന്നതിന്റെ ഔചിത്യം എന്താണ്. മതചിഹ്നങ്ങൾ വിറ്റുപജീവിക്കുന്ന വർഗീയരാഷ്ട്രീയത്തിനു യുക്തി ഒന്നും പ്രസക്തമല്ലെങ്കിലും സാധാരണക്കാരുടെ സാമാന്യ ബുദ്ധിയെ പരിഹസിക്കുകയും ജനാധിപത്യ പാരമ്പര്യത്തെ അവഹേളിക്കുകയും ചെയ്യുന്ന നിലപാടുകൾ ശക്തമായി എതിർക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications