നിരോധിച്ച 500 രൂപയുടെ നോട്ട് സ്വീകരിച്ചില്ല; മകളെ ഒന്‍പതാം ക്ലാസുകാരനെ വിട്ട് പീഡിപ്പിച്ചു
500 രൂപ കറന്‍സി നോട്ടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് 15 വയസ്സുള്ള പെണ്‍കുട്ടിയെ ഒന്‍പതാം ക്ലാസുകാരന്‍ പീഡിപ്പിച്ചത്.
ബറേലി: കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി കറന്‍സി പിന്‍വലിച്ചതിനെത്തുടര്‍ന്ന് നിരവധി പ്രശ്‌നങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ പഴയ 500 രൂപ നോട്ട് സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് ആളെ വിട്ട് പീഡിപ്പിച്ച സംഭവം ഇതാദ്യമായാണ് നടക്കുന്നത്. മധ്യപ്രദേശിലെ ബറേലിയിലാണ് സംഭവം നടന്നത്. 500 രൂപ കറന്‍സി നോട്ടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് 15 വയസ്സുള്ള പെണ്‍കുട്ടിയെ 9ാം ക്ലാസുകാരന്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ വീട്ടുകാരും അയല്‍വാസികളും തമ്മില്‍ ആരംഭിച്ച വഴക്കാണ് പീഡനത്തിലേക്ക് എത്തിയത്.
പെണ്‍കുട്ടിയുടെ പിതാവ് സമീപവാസികള്‍ക്ക് നെയ്യ് വിറ്റിരുന്നു. പകരമായി അവര്‍ നല്‍കിയത് 500 രൂപയുടെ നോട്ടായിരുന്നു. കറന്‍സി നിരോധനത്തെത്തുടര്‍ന്ന് അസാധുവാക്കിയ നോട്ട് സ്വീകരിക്കില്ലെന്ന് ഇയാള്‍ അറിയിച്ചു. തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷമാണ് മകളുടെ പീഡനത്തില്‍ കലാശിച്ചത്. അയല്‍വാസികള്‍ ചേര്‍ന്നാണ് പീഡനം ആസൂത്രണം ചെയ്തത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആശുപത്രിയില്‍ പോയ സമയത്ത് 9ാം ക്ലാസുകാരന്‍ വീട്ടില്‍ ചെന്നു. പിന്നീട് ബലപ്രയോഗം നടത്തി പീഡിപ്പിച്ചു. രാത്രിയിലാണ് ആശുപത്രിയിലേക്ക് പോയവര്‍ തിരിച്ചെത്തിയത്.

പീഡന വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആണ്‍കുട്ടിയേയും മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്തത്. 9ാം ക്ലാസുകാരനായതിനാല്‍ കേസ് എടുക്കില്ലെന്നു കരുതിയാണ് ആണ്‍കുട്ടിയെ പ്രേരിപ്പിച്ചതെന്ന മൊഴിയാണ് പ്രതികള്‍ നല്‍കിയത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമ നിയമ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.


Click it and Unblock the Notifications