വീണ്ടും പാക് പ്രകോപനം, തിരിച്ചടിച്ച് ഇന്ത്യ: പ്രതികരണവുമായി ട്രംപ്: പാകിസ്ഥാന് ധനസഹായവുമായി ഐഎംഎഫ്
ദില്ലി: തുടർച്ചയായ രണ്ടാം ദിവസവും പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ഇന്ത്യക്ക് നേരെ ഡ്രോണ്‍ ആക്രമണത്തിന് ശ്രമം. ജമ്മു കശ്മീരിലെ ബാരാമുള്ള മുതൽ ഗുജറാത്തിലെ ഭുജ് വരെുള്ള 26 ഇടത്ത് പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണത്തിന് ശ്രമിച്ചുവെന്നാണ് പ്രതിരോധ സേനാ വിഭാഗങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ പഞ്ചാബിലെ ഫിറോസ്പൂരില്‍ മാത്രമാണ് പാകിസ്ഥാന് നേരിയ അപകടം വിതയ്ക്കാന്‍ സാധിച്ചത്.
3 പേർക്ക് പരിക്ക്
പാകിസ്ഥാന്‍ വിക്ഷേപിച്ച ഡ്രോണ്‍ പതിച്ചത് ഒരു വീടിന് മുകളിലായിരുന്നു. സ്ഫോടനത്തെ തുടർന്നുണ്ടായ വലിയ തീ പിടുത്തതില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. സാരമായി പൊള്ളലേറ്റ സ്ത്രീ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. മറ്റ് രണ്ടുപേരുടെ പരിക്ക് ഗുരുതരമുള്ളതല്ല. പാക് പ്രകോപനങ്ങള്‍ക്ക് അതിശക്തമായ ഭാഷയില്‍ തന്നെയാണ് ഇന്ത്യയുടെ തിരിച്ചടി.

ഡല്‍ഹിയില്‍ നിർണ്ണായക കൂടിക്കാഴ്ച
അതിർത്തി മേഖലയില്‍ സംഘർഷം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹതിന്റെ വസതിയില്‍ നിര്‍ണായകയോഗം വിളിച്ചുചേർത്തു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. നേരത്തെ മൂന്ന് സായുധ സേന മേധാവികളുമായും പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു.
സംഘർഷം അവസാനിപ്പിക്കണമെന്ന് ട്രംപ്
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം എത്രയും വേഗം ശമിക്കുന്നത് കാണാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഗ്രഹിക്കുന്നുവെന്ന് വൈറ്റ് ഹൗസ് വെള്ളിയാഴ്ച വ്യക്തമാക്കി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക നടപടി ശക്തമാകുന്നതിനിടെയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റിന്റെ പ്രസ്താവന പുറത്ത് വരുന്നത്.
"ഈ സംഘർഷാവസ്ഥ എത്രയും വേഗം ശമിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്ന് പ്രസിഡന്റ് പ്രകടിപ്പിച്ചിട്ടുണ്ട്. പ്രസിഡന്റ് ട്രംപ് ഇവിടെ ഓവൽ ഓഫീസിൽ വരുന്നതിന് വളരെ മുമ്പുതന്നെ, പതിറ്റാണ്ടുകളായി പരസ്പരം വൈരുദ്ധ്യത്തിലായിരുന്ന രണ്ട് രാജ്യങ്ങളാണിതെന്ന് അദ്ദേഹം മനസ്സിലാക്കുന്നു. മാർക്കോ റൂബിയോയും വളരെയധികം ഇടപെട്ടിട്ടുള്ള കാര്യമാണിത്," ലീവിറ്റ് പറഞ്ഞു.
ഐഎംഎഫ് സഹായം
അന്താരാഷ്ട്ര നാണ്യനിധി (IMF) പാകിസ്ഥാന് 100 കോടി ഡോളറിന്റെ വായ്പാ സഹായം അനുവദിച്ചതായി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അറിയിച്ചു. എന്നാൽ, ഈ അവകാശവാദത്തിൽ IMF ഇതുവരെ പ്രതികരിച്ചിട്ടില്ല. 700 കോടി ഡോളറിന്റെ വായ്പയ്ക്കായി പാകിസ്ഥാൻ IMF-നെ സമീപിച്ചിരുന്നു, ഇതിന്റെ ആദ്യ റിവ്യൂവിലാണ് 100 കോടി ഡോളർ അനുവദിച്ചത്. കൂടാതെ, 130 കോടി ഡോളറിന്റെ മറ്റൊരു വായ്പയ്ക്കും പാകിസ്ഥാൻ അപേക്ഷിച്ചിരുന്നു, ഇവ രണ്ട് വർഷമായി IMF-ന്റെ പരിഗണനയിലായിരുന്നു. വെള്ളിയാഴ്ച നടന്ന റിവ്യൂ യോഗത്തിൽ ഇന്ത്യ ശക്തമായ എതിര്‍പ്പ് ഉന്നയിച്ചെങ്കിലും, അതിനെ മറികടന്നാണ് വായ്പ അനുവദിച്ചത്.












Click it and Unblock the Notifications