കേരളത്തെ കൈ വിടാതെ കേന്ദ്രം, നിപ്പാ പ്രതിരോധത്തിന് എല്ലാ പിന്തുണയും, വിമാനത്തിൽ മരുന്നെത്തും
ദില്ലി: വീണ്ടും നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കേരളം ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. അതിനിടെ നിപ്പാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് എല്ലാ വിധ പിന്തുണയും പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
സംസ്ഥാനത്തെ ആരോഗ്യമന്ത്രി കെകെ ശൈലജയുമായി സംസാരിച്ചുവെന്നും ദില്ലിയില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി അടക്കമുളളവര്‍ യോഗം ചേര്‍ന്ന് കേരളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും ഡോ. ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി. ആശങ്കയ്ക്കുളള ഒരു സാഹചര്യവും നിലവില്‍ ഇല്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി.

നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി ദില്ലിയില്‍ കേന്ദ്ര സര്‍ക്കാര്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 011-23978046 എന്നതാണ് നമ്പര്‍. മാത്രമല്ല എയിംസില്‍ നിന്നും ഡോക്ടര്‍മാര്‍ അടക്കമുളള ആറംഗ സംഘം കൊച്ചിയില്‍ എത്തിയിട്ടുണ്ട്. നിപ്പ ചികിത്സയ്ക്കുളള മരുന്ന് വിമാനത്തില്‍ കേരളത്തില്‍ എത്തിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി.
നിപ്പ രണ്ടാം തവണയും കേരളത്തില്‍ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. രോഗിയായ യുവാവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ആരോഗ്യമന്ത്രി കെകെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. മാത്രമല്ല വൈറസ് പടരാതിരിക്കാനുളള മുന്‍ കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. രോഗിയെ ചികിത്സിച്ച രണ്ട് നഴ്‌സുമാരും രോഗിയുമായി അടുത്ത് ഇടപഴകിയ രണ്ട് പേരും അടക്കം നാല് പേര്‍ പനിയെ തുടര്‍ന്ന് നിരീക്ഷണത്തിലാണ്.












Click it and Unblock the Notifications