നാളെ തൂക്കിലേറ്റരുതെന്ന് നിര്‍ഭയ കേസ് പ്രതികള്‍; ഹര്‍ജി തള്ളി കോടതി, ദയാ ഹര്‍ജിയുമായി പവന്‍ ഗുപ്ത
ദില്ലി: ചൊവ്വാഴ്ച തൂക്കിലേറ്റരുതെന്ന നിര്‍ഭയ കേസ് പ്രതികളുടെ ഹര്‍ജി ദില്ലി കോടതി തള്ളി. നേരത്തെ പുറപ്പെടുവിച്ച മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാല്‍ പാട്യാല കോടതി ഹര്‍ജി തള്ളുകയാണ് ചെയ്തത്. കേസിലെ പ്രതി പവന്‍ കുമാര്‍ ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി രാവിലെ സുപ്രീംകോടതിയും തള്ളിയിരുന്നു. തൊട്ടുപിന്നാലെ ഇയാള്‍ രാഷ്ട്രപതിക്ക് ദയാ ഹര്‍ജി നല്‍കി. നേരത്തെ ചില പ്രതികള്‍ സമര്‍പ്പിച്ച ദയാ ഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. പവന്‍ കുമാറിന്റെ ഹര്‍ജിയില്‍ രാഷ്ട്രപതിയുടെ തീരുമാനം വന്നാല്‍ നടപടികള്‍ വേഗത്തിലാക്കാനാണ് തിഹാര്‍ ജയില്‍ അധികൃതരുടെ തീരുമാനം. ചൊവ്വാഴ്ച രാവിലെ ആറ് മണിക്ക് തിഹാര്‍ ജയില്‍ വച്ച് പ്രതികളെ തൂക്കിലേറ്റാനാണ് മരണ വാറണ്ടുള്ളത്. ഇത് റദ്ദാക്കണമെന്നായിരുന്നു പ്രതികളുടെ ഹര്‍ജി.

കേസിന് ആസ്പദമായ സംഭവം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായില്ലെന്നാണ് പവന്‍ കുമാര്‍ ഗുപ്ത സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച തിരുത്തില്‍ ഹര്‍ജിയില്‍ വാദിച്ചത്. അതുകൊണ്ട് വധശിക്ഷ ഒഴിവാക്കി തടവ് ശിക്ഷയാക്കണമെന്ന് പവന്‍ കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഹര്‍ജി സുപ്രീംകോടതി തള്ളിയ ഉടനെ ഇയാള്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.
അതേസമയം കേസിലെ മറ്റൊരു പ്രതി അക്ഷയ് കുമാര്‍ രണ്ടാംതവണ ദയാഹര്‍ജിയുമായി രാഷ്ട്രപതിയെ സമീപിച്ചത് കഴിഞ്ഞ ശനിയാഴ്ചയാണ്. നേരത്തെ സമര്‍പ്പിച്ച ദയാഹര്‍ജിയില്‍ എല്ലാ ഭാഗവും ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് പുതിയ ഹര്‍ജിയില്‍ ഇയാള്‍ വിശദീകരിക്കുന്നു. കേസിലെ നാല് പ്രതികളെയും മാര്‍ച്ച് മൂന്നിന് പുലര്‍ച്ചെ ആറ് മണിക്ക് തൂക്കിലേറ്റുമെന്ന് വിചാരണ കോടതി പുറപ്പെടുവിച്ച മരണ വാറണ്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 17നാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. മുകേഷ് കുമാര്‍ സിങ്, പവന്‍ കുമാര്‍ ഗുപ്ത, വിനയ് കുമാര്‍ ശര്‍മ, അക്ഷയ് കുമാര്‍ എന്നിവരാണ് കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍.
പവന്‍ ഗുപ്ത ഒഴികെയുള്ള മൂന്ന് പേരുടെയും ദയാഹര്‍ജി രാഷ്ട്രപതി നേരത്തെ തള്ളിയതാണ്. എല്ലാ ഹര്‍ജികളും തള്ളിയ സാഹചര്യത്തിലാണ് വിചാരണ കോടതി ഈ മാസം 17ന് മരണ വാറണ്ട് പുറപ്പെടുവിച്ചത്.


Click it and Unblock the Notifications