നിര്‍ഭയ കേസ് പ്രതിയുടെ തിരുത്തല്‍ ഹര്‍ജി തള്ളി; ചൊവ്വാഴ്ച പുലര്‍ച്ചെ തൂക്കിലേറ്റുമോ?
ദില്ലി: നിര്‍ഭയ കൂട്ടബലാല്‍സംഗ കേസിലെ പ്രതി പവന്‍ കുമാര്‍ ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസില്‍ ശിക്ഷിക്കപ്പെട്ട നാല് പ്രതികളെയും ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് തൂക്കിലേറ്റാന്‍ മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കെയാണ് സുപ്രീംകോടതി തിരുത്തല്‍ ഹര്‍ജി തള്ളിയത്. ജസ്റ്റിസ് രമണയുടെ ചേംബറിലാണ് ഹര്‍ജി പരിഗണിച്ചത്.

കേസിന് ആസ്പദമായ സംഭവം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായില്ലെന്നാണ് പവന്റെ വാദം. അതുകൊണ്ട് വധശിക്ഷ ഒഴിവാക്കി തടവ് ശിക്ഷയാക്കണമെന്ന് പവന്‍ കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ പ്രതികളുടെ ശിക്ഷ ചൊവ്വാഴ്ച നടപ്പാക്കുമോ എന്ന് വ്യക്തമല്ല. കാരണം മറ്റൊരു പ്രതി രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി കാത്തിരിക്കുകയാണ്.
പ്രതി അക്ഷയ് കുമാര്‍ രണ്ടാംതവണ ദയാഹര്‍ജിയുമായി രാഷ്ട്രപതിയെ സമീപിച്ചത് കഴിഞ്ഞ ശനിയാഴ്ചയാണ്. നേരത്തെ സമര്‍പ്പിച്ച ദയാഹര്‍ജിയില്‍ എല്ലാ ഭാഗവും ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് പുതിയ ഹര്‍ജിയില്‍ വിശദീകരിക്കുന്നു. കേസിലെ നാല് പ്രതികളെയും മാര്‍ച്ച് മൂന്നിന് പുലര്‍ച്ചെ മൂന്ന് മണിക്ക് തൂക്കിലേറ്റുമെന്ന് വിചാരണ കോടതി പുറപ്പെടുവിച്ച മരണ വാറണ്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 17നാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. മുകേഷ് കുമാര്‍ സിങ്, പവന്‍ ഗുപ്ത, വിനയ് കുമാര്‍ ശര്‍മ, അക്ഷയ് കുമാര്‍ എന്നിവരാണ് കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍.
പവന്‍ ഗുപ്ത ഒഴികെയുള്ള മൂന്ന് പേരുടെയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. എല്ലാ ഹര്‍ജികളും തള്ളിയ സാഹചര്യത്തിലാണ് വിചാരണ കോടതി ഈ മാസം 17ന് മരണ വാറണ്ട് പുറപ്പെടുവിച്ചത്. എന്നാല്‍ ഈ മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പവന്‍കുമാര്‍ ഗുപ്ത ദില്ലി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഇനി ഇയാള്‍ രാഷ്ട്രപതിയെ ദയാഹര്‍ജിയുമായി സമീപിക്കാനും സാധ്യതയുണ്ട്. അക്ഷയും വാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ദില്ലി കോടതിയെ സമീപിച്ചിട്ടുണ്ട്. രാഷ്ട്രപതിക്ക് ദയാ ഹര്‍ജി നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ സ്റ്റേ ആവശ്യപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications