നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് പത്രിക നല്‍കി; മകന്‍ ഉപമുഖ്യമന്ത്രിയാകും, ബിഹാറിന് ഇനി ബിജെപി മുഖ്യന്‍
പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഈ മാസം 16ന് നിതീഷ് മുഖ്യമന്ത്രി പദവിയൊഴിയും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍, ബിഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി എന്നിവരുടെ സാന്നിധ്യത്തിലാണ് നിതീഷ് കുമാര്‍ പത്രിക സമര്‍പ്പിച്ചത്.
മുഖ്യമന്ത്രി പദവി ഒഴിയുന്ന നിതീഷിന്റെ നടപടി ജെഡിയുവില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പദവി രാജിവയ്ക്കരുതെന്ന ആവശ്യവുമായി നിരവധി ജെഡിയു പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിക്ക് മുന്നിലെത്തി. ആരോഗ്യപരമായ കാരണങ്ങളാണ് മുഖ്യമന്ത്രി പദവി ഒഴിയാന്‍ കാരണം എന്നാണ് നിതീഷുമായി അടുപ്പമുള്ളവര്‍ പറയുന്നത്.

പാര്‍ട്ടിയില്‍ കൂടിയാലോചിക്കാതെ തീരുമാനം എടുത്തത് ശരിയായില്ല എന്ന് ജെഡിയു നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. മകന്‍ നിഷാന്ത് കുമാറിനെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരാനും രാജ്യസഭാ സീറ്റില്‍ മത്സരിപ്പിക്കാനും നിതീഷ് തീരുമാനിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് അദ്ദേഹം മുഖ്യമന്ത്രി പദവി ഒഴിയുന്നകാര്യം അറിയിച്ചത്.
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിതീഷിനെ മുന്‍നിര്‍ത്തിയാണ് എന്‍ഡിഎ പ്രചാരണം നടത്തിയതും മികച്ച വിജയം നേടിയതും. നിതീഷ് മുഖ്യമന്ത്രി പദവി ഒഴിയുമെന്ന് നേരത്തെ ബിജെപി നേതാക്കള്‍ സൂചന നല്‍കിയിരുന്നു. ഇപ്പോള്‍ അക്കാര്യം യാഥാര്‍ഥ്യമായിരിക്കുകയാണ്. ബിജെപി നേതാവായ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയാകാനാണ് സാധ്യത. നിതീഷിന്റെ മകന്‍ നിഷാന്ത് കുമാര്‍ ഉപമുഖ്യമന്ത്രിയാകും.
നിതീഷ് കുമാര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ അപ്രസക്തനാകുന്നതോടെ ജെഡിയുവിന്റെ കരുത്ത് കുറയുമെന്നാണ് കരുതുന്നത്. രാജ്യസഭാംഗമാകുന്നതോടെ കേന്ദ്രമന്ത്രി പദവി നിതീഷിന് ലഭിച്ചേക്കും. എന്നാല്‍ ബിഹാര്‍ രാഷ്ട്രീയത്തില്‍ ബിജെപി ചോദ്യം ചെയ്യാനില്ലാത്ത പാര്‍ട്ടിയായി മാറി. ബിജെപിയുടെ ദീര്‍ഘകാല സ്വപ്‌നമാണ് യാഥാര്‍ഥ്യമാകുന്നത്. നിതീഷിന്റെ നിഴലില്‍ വളര്‍ന്ന ബിജെപി ഇപ്പോള്‍ നിതീഷിനെ അരികിലേക്ക് മാറ്റുന്നു എന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ ശിവസേന ഒരുകാലത്ത് ബിജെപിയുടെ സഖ്യകക്ഷിയായിരുന്നു. പിന്നീട് ശിവസേനയെ ഭിന്നിപ്പിച്ച് ദുര്‍ബലമാക്കിയത് ബിജെപിയാണ് എന്ന വിമര്‍ശനം നിലവിലുണ്ട്. പഞ്ചാബില്‍ അകാലിദളിനും അതേ അവസ്ഥയാണ്. ഇപ്പോള്‍ ജെഡിയുവും അതേ വഴിയിലാണ് സഞ്ചരിക്കുന്നത്. ജെഡിയുവിനെ ബിജെപി വിഴുങ്ങുമെന്ന് കോണ്‍ഗ്രസും ആര്‍ജെഡിയും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
10 തവണ മുഖ്യമന്ത്രിയായ വ്യക്തിയാണ് നിതീഷ് കുമാര്‍. ബിഹാര്‍ രാ്ഷ്ട്രീയത്തില്‍ ചാഞ്ചാടി എപ്പോഴും ഭരണത്തില്‍ തുടര്‍ന്നിരുന്നു അദ്ദേഹം. അതിപിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍, ദലിതര്‍, മുസ്‌ലിങ്ങള്‍, സ്ത്രീ വോട്ടര്‍മാര്‍ എന്നിവരുടെ പിന്തുണയിലാണ് നിതീഷിനും സഖ്യത്തിനും ഭരണത്തുടര്‍ച്ച നേടാനായത്. ഈ വിഭാഗങ്ങളുടെ വോട്ട് നേടാന്‍ ശേഷിയുള്ള നേതാവാണ് നിതീഷ്. എന്നാല്‍ അദ്ദേഹത്തിന്റെ രാജി ഈ വിഭാഗത്തെയും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications