കോണ്‍ഗ്രസില്ലാതെ ദേശീയ തലത്തില്‍ ബിജെപി വിരുദ്ധ സഖ്യം സാധ്യമാവില്ല: ശരദ് പവാർ
മുംബൈ: കോൺഗ്രസില്ലാതെ ദേശീയ തലത്തില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ മുന്നണി സാധ്യമല്ലെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ സി പി) അധ്യക്ഷൻ ശരദ് പവാർ. കേന്ദ്രത്തിൽ ബി ജെ പിക്ക് ബദൽ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഒരു നീക്കത്തില്‍ നിന്നും കോൺഗ്രസിനെ ഒഴിവാക്കാനാകില്ലെന്നാണ് ശരദ് പവാർ അഭിപ്രായപ്പെട്ടത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭാരതീയ ജനതാ പാർട്ടിക്കെതിരെ ഐക്യമുന്നണി രൂപീകരിക്കാൻ പ്രതിപക്ഷ പാർട്ടികൾ ആലോചിക്കുന്നു പശ്ചാത്തലത്തില്‍ കൂടിയാണ് എന്‍സിപി അധ്യക്ഷന്റെ പ്രതികരണം.
തൃണമൂൽ കോൺഗ്രസ് മേധാവിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി കോൺഗ്രസിനെ ഒഴിവാക്കി സഖ്യം ആലോചിക്കുന്നതായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് കഴിഞ്ഞ ഡിസംബറില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനെ ദേശീയ രാഷ്ട്രീയത്തിൽ നിന്ന് അകറ്റി നിർത്തുകയും യു പി എയ്ക്ക് സമാന്തരമായി ഒരു പ്രതിപക്ഷ സഖ്യം സൃഷ്ടിക്കുകയും ചെയ്യുന്നത് ഭരണകക്ഷിയായ ബി ജെ പിയെയും ഫാസിസ്റ്റ് ശക്തികളെയും ശക്തിപ്പെടുത്തുന്നതിന് തുല്യമാണെന്നും സേന അന്ന് അഭിപ്രായപ്പെട്ടിരുന്നു.

നാല് സംസ്ഥാനങ്ങളിലെ സമീപകാല നിയമസഭാ തെരഞ്ഞെടുപ്പുകളിൽ, കോൺഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയായിരുന്നു കോൺഗ്രസിനെ പ്രതിപക്ഷ രൂപീകരണത്തിൽ നിന്നും മാറ്റി നിർത്താനുള്ള ശ്രമം മമത ബാനർജി ആരംഭിച്ചത്. ബി ജെ പിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നതില്‍ അർത്ഥമില്ലെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിപ്രായപ്പെട്ടത്. "ബി ജെ പിക്കെതിരെ പോരാടാൻ ആഗ്രഹിക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് എനിക്ക് തോന്നുന്നു. കോൺഗ്രസിനെ ആശ്രയിക്കുന്നതിൽ അർത്ഥമില്ല,"- മമത ബാനർജി
അതേസമയം, എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ മുംബൈയിലെ സിൽവർ ഓക്ക് വസതിക്ക് മുന്നിൽ അടുത്തിടെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് പൂനെയിൽ മാധ്യമപ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഇതുവരെ 115 പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഭിഭാഷകനായ ഗുണരത്‌ന സദാവർതെ ഉൾപ്പെടെ ഒമ്പത് പേർ പോലീസ് കസ്റ്റഡിയിലാണ്. ഇവരെ ബുധനാഴ്ച ഉച്ചയ്ക്ക് ഗിർഗാവ് കോടതിയിൽ ഹാജരാക്കും. ചന്ദ്രകാന്ത് സൂര്യവൻഷി എന്ന മാധ്യമപ്രവർത്തകനെയാണ് അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികളെ ചോദ്യം ചെയ്തതിൽ ആൾക്കൂട്ട ആക്രമണത്തിൽ പങ്ക് വെളിപ്പെട്ടതിനെ തുടർന്ന് ബുധനാഴ്ച പുലർച്ചെയാണ് സൂര്യവംശിയെ പിടികൂടിയതെന്നും പോലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications