കുത്തബ് മിനാറിൽ ഖനനം നടത്താൻ ഉത്തരവിട്ടിട്ടില്ല: റിപ്പോർട്ട് തള്ളി സാംസ്കാരിക വകുപ്പ് മന്ത്രാലയം
ദില്ലി: കുത്തബ് മിനാറിൽ ഖനനം നടത്താൻ ഉത്തരവിട്ടിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രാലയം. കുത്തബ് മിനാറിൽ ഖനനം നടത്താൻ കേന്ദ്ര സാംസ്കാരിക മന്ത്രാലയം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) യോട് ഉത്തരവിട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു അത്തരം നിർദ്ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ രംഗത്ത് എത്തിയതെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
ശനിയാഴ്ച സാംസ്കാരിക സെക്രട്ടറി ഗോവിന്ദ് മോഹൻ സ്മാരകം സന്ദർശിച്ച ശേഷം, ഖുതുബ് നിർമ്മിച്ചത് കുതുബുദ്ദീൻ ഐബക്കാണോ ചന്ദ്രഗുപ്ത വിക്രമാദിത്യയാണോ എന്ന് പരിശോധിക്കാൻ ഖനനം നടത്താൻ എ എസ് ഐയോട് ഉത്തരവിട്ടുവെന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പടെ പ്രചരിച്ച റിപ്പോർട്ട്. ഉദ്യോഗസ്ഥരുടെ സ്ഥിരം സൈറ്റ് സന്ദർശനമായിരുന്നു ഇതെന്നും ഇതുവരെ അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രാലയം ഉറപ്പിച്ചുപറയുന്നു. എന്നാൽ, ഇത് സംബന്ധിച്ച് പ്രതികരിക്കാൻ എ എസ് ഐയിലെ ഉദ്യോഗസ്ഥർ തയ്യാറായില്ല.

ശനിയാഴ്ച കുത്തുബ് മിനാറിലെത്തിയ സാംസ്കാരിക സെക്രട്ടറി ഗോവിന്ദ് മോഹൻ മുതിർന്ന ഉദ്യോഗസ്ഥരുടെയും ചരിത്രകാരന്മാരുടെയും സംഘത്തോടൊപ്പം രണ്ട് മണിക്കൂറിലധികം അവിടെ ചെലവഴിക്കുകയും സ്മാരകങ്ങളുടെ പരിപാലനവുമായി ബന്ധപ്പെട്ട വിവിധ വശങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. രണ്ട് ഗണേശ വിഗ്രഹങ്ങൾ സമുച്ചയത്തിൽ നിന്ന് മാറ്റുന്നത് സംബന്ധിച്ച് ദേശീയ സ്മാരക അതോറിറ്റി എഎസ്‌ഐക്ക് അടുത്തിടെ എഴുതിയ കത്തിന്റെ വെളിച്ചത്തിൽ സംഘം ഈ വിഗ്രഹങ്ങൾ നിലവിൽ സ്ഥാപിച്ചിരിക്കുന്ന ഖുവാത്ത് ഉൽ ഇസ്ലാം സന്ദർശിക്കുകയും ചെയ്തു.
സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന വിവിധ ഹിന്ദു, ജൈന വിഗ്രഹങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ സന്ദർശകർക്ക് ഉചിതമായ സൈൻബോർഡുകളിലൂടെ നൽകണമെന്ന് സെക്രട്ടറി നിർദേശിച്ചതായും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഖനനം നടത്തുന്നതിൽ തീരുമാനമായിട്ടില്ലെങ്കിലും, ഔദ്യോഗിക സന്ദർശന വേളയിൽ വിഷയം പരിഗണനയ്ക്ക് വന്നതായി ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു. പിന്നീട്, എഎസ്‌ഐ ദേശീയ സ്മാരകമായി പ്രഖ്യാപിക്കാൻ നിശ്ചയിച്ചിരിക്കുന്ന സമീപത്തെ അനംഗ് താൽ തടാകവും സംഘം സന്ദർശിച്ചു.












Click it and Unblock the Notifications