'ഓക്‌സിജന്‍ ക്ഷാമം മൂലം മരണങ്ങളില്ല', കേന്ദ്ര ആരോഗ്യസഹമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്
ദില്ലി: ഓക്‌സിജന്‍ ക്ഷാമം മൂലമുളള മരണങ്ങളില്ലെന്ന കേന്ദ്ര ആരോഗ്യ വകുപ്പ് സഹമന്ത്രി ഭാരതി പ്രവീണ്‍ പവാറിന്റെ പ്രസ്താവനയ്ക്ക് എതിരെ രാജ്യസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി കോൺഗ്രസ് എംപി കെസി വേണുഗോപാൽ. ഓക്‌സിജന്‍ ക്ഷാമം മൂലമുളള മരണങ്ങള്‍ സംസ്ഥാനങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് മന്ത്രി കഴിഞ്ഞ ദിവസം രാജ്യസഭയിൽ എഴുതി തയ്യാറാക്കിയ മറുപടിയില്‍ വ്യക്തമാക്കിയത്. ഓക്സിജൻ ലഭ്യതക്കുറവ് മൂലം കോവിഡ് രോഗികൾ ആശുപത്രിയിലും പുറത്തും മരണപ്പെട്ടതുമായി ബന്ധപ്പെട്ടു ഉന്നയിച്ച ചോദ്യത്തിനായിരുന്നു മറുപടി. പ്രതിപക്ഷ പാർട്ടികളെല്ലാം ഈ പ്രസ്താവനയ്ക്ക് എതിരെ രംഗത്ത് വന്നിരുന്നു.
വസ്തുതകൾക്കു നിരക്കാത്ത ഉത്തരം നൽകി കേന്ദ്രമന്ത്രി പാർലമെൻ്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കെസി വേണുഗോപാൽ ആരോപിച്ചു. കോവിഡ് നിയന്ത്രണത്തിൽ കേന്ദ്ര സർക്കാരിന് സംഭവിച്ച വീഴ്ച മറച്ചു വെക്കാൻ ലക്ഷ്യമിട്ട് മനപ്പൂർവം സഭയെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണ് മന്ത്രിയുടെ മറുപടി എന്ന് ചൂണ്ടിക്കാട്ടിയാണ് കെസി വേണുഗോപാൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയത്.

Recommended Video
കോവിഡ് രണ്ടാം തരംഗം രൂക്ഷമായ മെയ് മാസത്തിൽ ഡൽഹിയിലെ ബത്ര ആശുപത്രിയിൽ ഓക്സിജൻ ലഭ്യതക്കുറവ് മൂലം, ആശുപത്രിയിലെ ഡോക്ടർ അടക്കം 12 രോഗികൾ മരണപ്പെട്ടുവെന്ന് മെഡിക്കൽ ഡയറക്ടർ തന്നെ വ്യക്തമാക്കിയിരുന്നു. സമാനമായി ഓക്സിജൻ ക്ഷാമം മൂലം ഗോവ മെഡിക്കൽ കോളേജിൽ രോഗികൾ മരണപ്പെടുന്നുവെന്നു ഗോവ ആരോഗ്യ മന്ത്രി തന്നെ വെളിപ്പെടുത്തിയ കാര്യം അവകാശ ലംഘനത്തിന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
കർണാടകയിലെ ചാമരാജനഗർ ജില്ലാ ആശുപത്രിയിൽ മെയ് മാസം ആദ്യം നടന്ന കോവിഡ് മരണങ്ങളെ കുറിച്ചന്വേഷിക്കാൻ കർണാടക ഹൈകോടതി പാനൽ തന്നെ നിയോഗിച്ച സമിതി കണ്ടെത്തിയത് ഓക്സിജൻ ലഭ്യതക്കുറവ് മൂലം ഒട്ടേറെ രോഗികൾ മരണമടഞ്ഞുവെന്നാണ്. ഇതേ സംഭവത്തെ സംബന്ധിച്ച് കർണാടക ആരോഗ്യമന്ത്രി തന്നെ മാധ്യമങ്ങളോടെ സംസാരിക്കവേ ഓക്സിജൻ ലഭ്യതക്കുറവ് മൂലം 3 രോഗികൾ മരണമടഞ്ഞുവെന്ന് സമ്മതിച്ചിട്ടുണ്ട്. ഹരിയാനയിൽ സമാനമായ 19 മരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഹരിയാന സർക്കാർ ഉത്തരവിട്ട കാര്യവും നോട്ടീസിൽ ചൂണ്ടിക്കാട്ടിയതായി കെസി വേണുഗോപാൽ വ്യക്തമാക്കി.
അതിരപ്പള്ളിയില്‍ മഴ നനഞ്ഞ് അനാര്‍ക്കലി മരയ്ക്കാര്‍; ഹോട്ട് ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications