'ഇല്ല, ഇന്നിംഗ്സ് അവസാനിച്ചിട്ടില്ല'; സോണിയ ഗാന്ധി സജീവ രാഷ്ട്രീയ രംഗത്ത് തുടരുമെന്ന് അൽക്ക ലംബ
താൻ സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുകയാണെന്ന സൂചന കഴിഞ്ഞ ദിവസം സോണിയ ഗാന്ധി നൽകിയിരുന്നു

ദില്ലി; കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കില്ലെന്ന് പാർട്ടി നേതാവ് അൽക്ക ലാംബ. സോണിയ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കില്ലെന്നും പാർട്ടി പ്രവർത്തകർക്ക് മാർഗ ദർശിയായി അവർ രാഷ്ട്രീയ രംഗത്ത് തന്നെ തുടരുമെന്നും അല്‌ക്ക ലംബ പറഞ്ഞു. പ്ലീനറി സമ്മേളനത്തിൻറെ സദസിൽ സോണിയ ഗാന്ധിയെ ഇരുത്തി കൊണ്ടായിരുന്നു അൽക്കയുടെ പ്രതികരണം.
താൻ സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുകയാണെന്ന സൂചന കഴിഞ്ഞ ദിവസം സോണിയ ഗാന്ധി നൽകിയിരുന്നു. കോൺഗ്രസ് പ്ലീനറി സമ്മേശളനത്തിലെ 15,000 ത്തോളം വരുന്ന കോൺഗ്രസ് പ്രതിനിധികളെ അഭിസംബോധന ചെയ്ത് കൊണ്ടായിരുന്നു അവർ ഇക്കാര്യം വ്യക്തമാക്കിയത്. കോൺഗ്രസിൽ വഴിത്തിരിവായ ഭാരത് ജോഡോ യാത്രയോടെ തന്റെ ഇന്നിംഗ്സിന് സമാപനമാവുന്നുവെന്നത് തന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നതാണെന്നായിരുന്നു സോണിയ ഗാന്ധി പറഞ്ഞത്.
അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്ന് താന്‍ മത്സരിക്കുമോ അതോ ആ സീറ്റ് മകള്‍ പ്രിയങ്ക ഗാന്ധി വദ്രയ്ക്ക് കൈമാറുമോ എന്ന കാര്യം ജനങ്ങള്‍ തന്നെ ഊഹിക്കട്ടെ എന്ന നിലപാടായിരുന്നു സോണിയ സ്വീകരിച്ചത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ ഇല്ലെയോ എന്ന കാര്യത്തിൽ വ്യക്തത നൽകാൻ അവർ തയ്യാറായിരുന്നില്ല.
നിലവിൽ റായ്ബറേലി മാത്രമാണ് യുപിയിൽ കോൺഗ്രസ് ഭരണത്തിലുള്ള ഏക മണ്ഡലം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സോണിയ ഗാന്ധി മത്സര രംഗത്ത് ഉണ്ടായിരുന്നുവെങ്കിലും അവർ തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായിരുന്നില്ല. മകളും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയായിരുന്നു സോണിയയ്ക്ക് വേണ്ടി വോട്ട് തേടിയത്. സോണിയയുടെ അഭാവത്തിൽ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി തന്നെയാകും മത്സരിച്ചേക്കുകയെന്നാണ് വിലയിരുത്തപ്പടുന്നത്. യുപിയുടെ ചുമതല നിലവിൽ പ്രിയങ്ക ഗാന്ധിയ്ക്കാണ്.
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ് മുതൽ യു പിയിൽ പ്രിയങ്ക സജീവമാണെന്നിരിക്കെ അവരുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള കടന്ന് വരവ് റായ്ബറേലിയിൽ നിന്ന് വേണമെന്ന് നേതാക്കളിൽ പലരും ആവശ്യമുയർത്തിയിരുന്നു. പ്രിയങ്കയെ സംബന്ധിച്ച് സുരക്ഷിത മണ്ഡലമായിരിക്കും റായ്ബറേലിയെന്ന കാര്യത്തിൽ തർക്കമില്ല.












Click it and Unblock the Notifications