ജനാധിപത്യമല്ല, കുടുംബത്തിന്റെ ആധിപത്യമാണ് അപകടത്തിൽ; കോൺഗ്രസിനെതിരെ അമിത് ഷാ
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അയോഗ്യതയ്ക്കെതിരെ പാർലമെന്റ് നടപടികൾ തടസപ്പെടുത്തിപ്രതിപക്ഷ പാർട്ടികൾ നടത്തിയ പ്രതിഷേധത്തോട് ജനങ്ങൾ ഒരിക്കലും പൊറുക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇവിടെ ജനാധിപത്യമല്ല, കുടുംബത്തിന്റെ ആധിപത്യമാണ് അപകടത്തിലായിരിക്കുന്നതെന്നും ഷാ പറഞ്ഞു. യുപിയിലെ കൗസാംബിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
'രാഹുൽ ഗാന്ധിയുടെ അയോഗ്യതയെച്ചൊല്ലി പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്തിയ പ്രതിപക്ഷ പാർട്ടികളോട് രാജ്യം പൊറുക്കില്ല. ജനാധിപത്യമല്ല അപകടത്തിലായത്, ജാതീയതയും കുടുംബാധിപത്യവുമാണ് യഥാർത്ഥത്തിൽ ഇവിടെ അപകടത്തിലായത്', ഷാ പറഞ്ഞു. 2024 ലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള എൻഡിഎ സർക്കാരിനെ ഭരണത്തിലേറ്റണമെന്നും അമിത് ഷാ പറഞ്ഞു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പതക്, സംസ്ഥാന ബിജെപി അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.മോദി എന്ന പേരിനെ കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസിൽ സൂറത്ത് കോടതി രാഹുലിനെ ശിക്ഷിച്ചതിന് പിന്നാലെയായിരുന്നു രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയത്.
2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കര്‍ണാടകത്തിലെ കോളാറില്‍ രാഹുൽ നടത്തിയ പരാമർശമായിരുന്നു കേസിനാധാരം.'എല്ലാ കള്ളന്‍മാരുടെയും പേരിനൊപ്പം മോദിയെന്ന് വരുന്നതെങ്ങനെ' എന്നായിരുന്നു രാഹുൽ പറഞ്ഞത്. എന്നാൽ രാഹുൽ ഗാന്ധിയുടെ പരാമർശം താനടക്കമുള്ളവർക്ക് വ്യക്തിപരമായി മാനഹാനി ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി എംഎൽഎ പൂർണേഷ് മോദി രാഹുലിനെതിരെ പരാതി നൽകുകയായിരുന്നു.
അതേസമയം സൂറത്ത് കോടതി വിധിക്കെതിരെ കോൺഗ്രസ് അപ്പീൽ നൽകാനിരിക്കെയായിരുന്നു തിടുക്കപ്പെട്ട് രാഹുൽ ഗാന്ധിയ്ക്കെതിരായ അയോഗ്യത നടപടി ലോക്സഭ സെക്രട്ടറിയേറ്റ് സ്വീകരിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ രാഹുലിന്റെ അയോഗ്യതയ്ക്കെതിരെ വലിയ പ്രതിഷേധമായിരുന്നു പ്രതിപക്ഷം തീർത്തത്. കോൺഗ്രസ് പ്രതിഷേധങ്ങളിൽ തൃണമൂൽ അടക്കമുള്ള പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications