പ്രതിപക്ഷ നീക്കം പാളുന്നു? രാഷ്ട്രപതി സ്ഥാനാർത്ഥി ആകാനില്ലെന്ന് ശരദ് പവാർ
ദില്ലി; രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ ഡി എയ്ക്കെതിരെ സംയുക്ത സ്ഥാനാർത്ഥിയെന്ന നിലയിൽ എൻ സി പി അധ്യക്ഷൻ ശരദ് പവാറിനെ ഉയർത്തിക്കാട്ടാനുള്ള നീക്കത്തിലായിരുന്നു പ്രതിപക്ഷം. പവാറിനെ നിർത്തുന്നതിലൂടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ചുള്ള തർക്കങ്ങൾ ഒഴിവാക്കാമെന്നും കോൺഗ്രസ് ഉൾപ്പെടെ കണക്ക് കൂട്ടിയിരുന്നു. എന്നാൽ പ്രതിപക്ഷ നീക്കത്തിന് കനത്ത തിരിച്ചടി നൽകി താൻ രാഷ്ട്രപതി സ്ഥാനാർത്ഥി ആകാൻ ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പവാർ. ഇന്ന് ഇടതുനേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പവാർ മനസ് തുറന്നത്.

പവാറിനെ സ്ഥാനാർത്ഥിയാക്കാനുള്ള ചർച്ചകൾ പ്രതിപക്ഷ പാർട്ടികൾ സജീവമാക്കുന്നതിനിടയിലാണ് സി പി എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സി പി ഐ ദേശീയ സെക്രട്ടറി ഡി രാജയും ഇന്ന് പവാറുമായി കൂടിക്കാഴ്ച നടത്തിയത്. നേരത്തേ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഗാർഖെയും പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എ എ പി നേതാവ് സഞ്ജയ് സിംഗും ഇതുമായി ബന്ധപ്പെട്ട് പവാറുമായി ചർച്ച നടത്തിയിരുന്നു. അരവിന്ദ് കെരിവാൾ,ശിവസേന നേചാവ് ഉദ്ധവ് താക്കറെ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തുടങ്ങിയ നേതാക്കളെല്ലാം തന്നെ പവാറിനെ പിന്തുണയ്ക്കുന്നവരാണ്.
എന്നാൽ ഇന്നത്തെ കൂടിക്കാഴ്ചയിൽ താൻ ഒരു മത്സരത്തിന് ഇല്ലെന്ന് അദ്ദേഹം ഇടത് നേതാക്കളെ അറിയിച്ചുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

താൻ ആരോഗ്യ പ്രശ്നങ്ങൾ നേരിടുണ്ടെന്ന് പവാർ നേതാക്കളോട് വ്യക്തമാക്കി. കാശ്മീരിൽ നിന്നുള്ള മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ പേരാണ് പവാർ മുന്നോട്ട് വെച്ചത്. അതേസമയം ഇടതു നേതാക്കൾക്ക് പിന്നാലെ പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജിയും പവാറിനെ കണ്ടിരുന്നു. അദ്ദേഹത്തിന്റെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. പവാർ തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. രാജ്യത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ തങ്ങൾ പങ്കുവെച്ചുവെന്ന് പവാർ ട്വീറ്റ് ചെയ്തു. എന്നാൽ രാഷ്ട്രപതി സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ചർച്ച നടന്നോയെന്ന കാര്യം വ്യക്തമല്ല.

തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള ഭൂരിപക്ഷം പ്രതിപക്ഷത്തതിന് ലഭിക്കുമെന്ന ആത്മവിശ്വാസം ഇല്ലാത്തതിനാലാണ് പവാർ വിമുഖത കാണിക്കുന്നതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. പവാർ കൈയ്യൊഴിഞ്ഞതോടെ ഇനി ആരാകും പ്രതിപക്ഷ സ്ഥാനാർത്ഥി എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഗുലാം നബി ആസാദിനെ കോൺഗ്രസ് നിർദ്ദേശിച്ചാൽ ഇടതു നേതൃത്വം അതിനെ പിന്തുണച്ചേക്കും. എന്നാൽ ടി ആർ എസ്. തൃണമൂൽ കോൺഗ്രസ് എന്നിവർ ഗുലാം നബിയുടെ പേരിനെ അനുകൂലിച്ചേക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ആസാദിനെ കൂടാതെ യശ്വന്ത് സിൻഹ, ഗോപാൽകൃഷ്ണ ഗാന്ധി എന്നിവരുടെ പേരുകളും ചർച്ചയാവുന്നുണ്ട്.

പവാർ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ ബുധാനാഴ്ച മമത ബാനർജി വിളിച്ച് ചേർത്ത പ്രതിപക്ഷ നേതാക്കളുടെ യോഗം നിർണായകമാകും. ടി ആർ എസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളെ യോഗത്തിലേക്ക് ക്ഷണിട്ടുണ്ട്. .എന്നാൽ യോഗത്തിൽ പങ്കെടുക്കുമോയെന്ന കാര്യത്തിൽ ഇതുവരേയും നേതാക്കളാരും നിലപാട് വ്യക്തമാക്കിയിട്ടില്ല. അതിനിടെ എൻ ഡി എയിലും സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുകയാണ്. രാംനാഥ് കോവിന്ദിന് മറ്റൊരു ടേം കൂടി നൽകേണ്ടതുണ്ടോയെന്നാണ് എൻ ഡി എയിലെ ആലോചന. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പേരും ചർച്ചയാകുന്നുണ്ട്. കഴിഞ്ഞ തവണത്തേത് പോലെ അപ്രതീക്ഷിത സ്ഥാനാർത്ഥിയെ എൻ ഡി എ അവതരിപ്പിക്കാനുള്ള സാധ്യത തളളിക്കളയാനാലില്ല.
ക്യൂട്ട് ലൈനൊക്കെ മാറ്റി പിടിച്ച് നസ്രിയ..നടിയുടെ പുത്തൻലുക്ക് ഞെട്ടിച്ചെന്ന് ആരാധകർ...വൈറൽ












Click it and Unblock the Notifications