ഈ വൃദ്ധന്‍ പണമിരക്കുന്നു..രാജ്യത്തിന് വേണ്ടിയാണല്ലോ എന്നോർക്കുമ്പോഴാ ഒരാശ്വാസം!
ഭാര്യയുടെ അന്ത്യകര്‍മ്മങ്ങള്‍ക്ക് നാട്ടുകാരുടെ മുന്നില്‍ കൈനീട്ടി ഒരു വൃദ്ധന്‍. സ്വന്തം അക്കൗണ്ടിലെ പണം പിന്‍വലിക്കാനാവാതെ വന്നതോടെയാണ് ഈ ദുരവസ്ഥ.
ലത്തേഹര്‍ : നോട്ട് നിരോധനത്തിന്റെ ഫലമായുള്ള ഒരു ദുരന്തവാര്‍ത്തയെങ്കിലും കേള്‍ക്കാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല എന്നായിരിക്കുന്നു രാജ്യത്തെ അവസ്ഥ. എടിഎം ക്യൂവിലെ മരണമോ ബാങ്കിലെ വാക്ക് തര്‍ക്കങ്ങളോ വാര്‍ത്തയല്ലാതായിരിക്കുന്നു. ആവശ്യത്തിന് നോട്ട് കിട്ടാത്തതും കിട്ടിയ നോട്ട് ചില്ലറയാക്കാനാവാതെയും നാട്ടുകാര്‍ നട്ടം തിരിയുന്നു.
ബാങ്ക് അക്കൗണ്ടില്‍ പണമുള്ളവനും ഇല്ലാത്തവനും ഒരുപോലെയായ 'സമത്വ'ത്തിന്റെ നാളുകളാണ് കടന്നുപോകുന്നത്. സ്വന്തം അക്കൗണ്ടില്‍ ആവശ്യത്തിന് പണമുണ്ടായിട്ടും ഭാര്യയുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ നാട്ടുകാരുടെ മുന്നില്‍ കൈ നീട്ടേണ്ടി വന്ന അവസ്ഥയിലാണ് വയസ്സുകാലത്ത് ഈ മനുഷ്യന്‍.

ജുയെല്‍ കുജുര്‍ എന്ന തൊണ്ണൂറുകാരന്‍ ഝാര്‍ഖണ്ഡുകാരനാണ് ഈ ദുരവസ്ഥ. ലത്തേഹര്‍ ജില്ലയിലെ
റിട്ടയേഡ് സര്‍ക്കാര്‍ ജീവനക്കാരനായ കുജൂറിന്റെ ഭാര്യ ഹീരാമണി കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഭാര്യയുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്താന് പതിനായിരം രൂപയായിരുന്നു കുജൂറിന് വേണ്ടിയിരുന്നത്.

പണം പിന്‍വലിക്കാനായി കുജൂര്‍ തന്റെ മരുമകനോടൊത്ത് മഹ്വാബന്ദിലെ സ്റ്റേറ്റ് ബാങ്ക് ശാഖയില്‍ പോയി. എന്നാല്‍ പതിനായിരം രൂപ പിന്‍വലിക്കാനാകില്ല എന്നായിരുന്നു ബാങ്കിലെ കാഷ്യറുടെ മറുപടി. കുജൂര്‍ മാനേജറെ കണ്ട് തന്റെ അവസ്ഥ അറിയിച്ചു. എന്നാല്‍ നാലായിരം രൂപയല്ലാതെ പണം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു ലഭിച്ച മറുപടി

വെറും കയ്യോടെ മടങ്ങുക എന്നല്ലാതെ കുജൂറിന് മുന്നില്‍ മറ്റു വഴികള്‍ ഇല്ലായിരുന്നു.ഗ്രാമത്തില്‍ മടങ്ങിയെത്തിയ കുജൂറിന് നാട്ടുകാരുടെ മുന്നില്‍ കൈനീട്ടുകയേ നിവൃത്തി ഉണ്ടായിരുന്നുള്ളൂ. 600 പേരുള്ള ഗ്രാമത്തില്‍ പിരിവ് നടത്തി ഭാര്യയുടെ അന്ത്യകര്‍മ്മങ്ങള്‍ക്കുള്ള പണമുണ്ടാക്കേണ്ടി വന്നു ഈ തൊണ്ണൂറുകാരന്.

നോട്ട് നിരോധനത്തിന് ശേഷം ഗ്രാമത്തിലുള്ളവരെല്ലാം പണമില്ലാതെ നട്ടംതിരിയുകയാണെന്ന് കുജൂര്‍ പറയുന്നു. ആകെ ഒരു ബാങ്ക് മാത്രമേ ഈ സ്ഥലത്തുള്ളൂ. കുജൂറിന് നല്‍കാന്‍ പതിനായിരം രൂപ പോലും ബാങ്കില്‍ ഇല്ലെന്നായിരുന്നു ബാങ്ക് അധികൃതരുടെ വിശദീകരണം.












Click it and Unblock the Notifications