നോട്ട് നിരോധനം; കേന്ദ്രവും ആര്‍ബിഐയും രേഖകള്‍ സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും റിസര്‍വ് ബാങ്കിനോടും സുപ്രിംകോടതി. നോട്ട് നിരോധനം ചോദ്യം ചെയ്തുള്ള ഹരജികളില്‍ അവസാന ദിവസ വാദം നടക്കുമ്പോഴാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് രേഖകള്‍ ആവശ്യപ്പെട്ടത്. ജസ്റ്റിസുമാരായ എസ് അബ്ദുല്‍ നസീര്‍, ബിആര്‍ ഗവായ്, എഎസ് ബൊപ്പണ്ണ, വി രാമസുബ്രമണ്യന്‍, ബിവി നാഗരത്ന എന്നിവരാണ് ബെഞ്ചിലുള്ളത്. ഈ മാസം പത്തിന് മുമ്പ് കക്ഷികള്‍ക്ക് തങ്ങളുടെ വാദങ്ങള്‍ എഴുതി നല്‍കാമെന്നും ബെഞ്ച് അറിയിച്ചു. കേസ് വിധി പറയാനായി മാറ്റി.

നോട്ടുനിരോധനം പരിശോധിക്കാന്‍ കോടതിക്ക് അധികാരമില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഈ വാദം കോടതി തള്ളി. രേഖകള്‍ മുദ്രവച്ച കവറില്‍ നല്‍കാമെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ടരമണി ബെഞ്ചിനെ അറിയിച്ചു. നോട്ടുനിരോധനം ചോദ്യം ചെയ്തുള്ള 58 ഹരജികളിലാണ് കോടതി വാദം കേട്ടത്. നിരോധിച്ച നോട്ടുകള്‍ മാറാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികളും പരിഗണിച്ചവയില്‍ ഉള്‍പ്പെടുന്നുണ്ട്.
കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹജരാക്കിയിട്ടില്ലെന്ന കാര്യം പി ചിദംബരമാണ് വാദത്തിനിടെ ബെഞ്ചിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ഹരജികള്‍ പരിഗണിക്കുന്ന ആദ്യഘട്ടത്തില്‍ വിഷയം അക്കാദമികം മാത്രമാണോയെന്നാണ് കോടതി പരിശോധിച്ചത്. തുടര്‍ന്ന് വാദം കേള്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. നോട്ട് നിരോധിക്കാന്‍ തീരുമാനമെടുത്ത രീതി പരിശോധിക്കുമെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു.
2016 നവംബര്‍ എട്ടിന് രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 നോട്ടുകള്‍ നിരോധിച്ചതായി പ്രഖ്യാപിച്ചത്. ജനങ്ങളെ ഏറെ പ്രയാസപ്പെടുത്തിയ പ്രഖ്യാപനമായിരുന്നു ഇത്. കള്ളപ്പണം തടയുന്നതിന്റെ ഭാഗമയിട്ടാണ് നടപടി എന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ നിരോധന ശേഷം എല്ലാ നോട്ടുകളും തിരിച്ചെത്തിയതോടെ സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു. സര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് സുപ്രീംകോടതിയില്‍ പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications