ക്ലര്‍ക്കിനെ ഡയറക്ടറാക്കിയ ജാലവിദ്യ; മറിഞ്ഞത് കോടികള്‍, ഇടംപിടിച്ചത് കോടീശ്വരന്‍മാര്‍ക്കൊപ്പം

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഉത്തര്‍പ്രദേശിലെ റാംപൂരിനെ കുറിച്ച് കേട്ടിട്ടുണ്ടോ? സമാജ്‌വാദി പാര്‍ട്ടി നേതാവ് അഅ്‌സം ഖാന്റെ നിയമസഭാ മണ്ഡലമാണിത്. അതില്‍കവിഞ്ഞ് വലിയ പ്രത്യേകതയില്ലാത്ത പ്രദേശം. പക്ഷേ, ഇവിടെയുള്ള ഒരു ഗ്രാമം ഇന്ന് ആഗോളതലത്തില്‍ ചര്‍ച്ചയാണ്. റാംപൂരിലെ നജ്ജു ഖാന്‍ ഖൈറിലുള്ള 42 കാരന്‍ ജാവേദ് അലി ഖാനാണ് ഇതിനു കാരണം.

ലോക കോടീശ്വരന്‍മാര്‍ അവരുടെ സമ്പാദ്യം എങ്ങനെയുണ്ടാക്കിയെന്നും അവര്‍ നടത്തിയ ക്രമക്കേടിന്റെയും രേഖകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ആഗോള തലത്തില്‍ മാധ്യമങ്ങള്‍ ഒരുമിച്ച് കണ്ടെത്തി പരസ്യപ്പെടുത്തുകയായിരുന്നു ഈ തട്ടിപ്പ്; പാരഡൈസ് പേപ്പര്‍ എന്ന പേരില്‍. കേന്ദ്രമന്ത്രിസഭയിലെ അംഗമായ ബിജെപി നേതാവും ബോളിവുഡ് താരം അമിതാബ് ബച്ചനും കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ മകനുമടക്കം നിരവധി പേരുടെ രഹസ്യനീക്കങ്ങളും അതിലുണ്ടായിരുന്നു.

Fake

ഇന്ത്യയില്‍ നിന്നുള്ള തട്ടിപ്പുകാരുടെ പട്ടിക മാത്രമായിരുന്നില്ല പാരഡൈസ് പേപ്പര്‍. ലോകത്തെ മിക്ക രാജ്യങ്ങളിലെയും പ്രമുഖര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. നികുതിവെട്ടിപ്പിന് അവര്‍ കണ്ടെത്തിയ മാര്‍ഗം, വിദേശത്ത് പേരിനൊരു കമ്പനി രജിസ്റ്റര്‍ ചെയ്ത്, അതുവഴി പണമിടപാട് നടത്തുകയും നിക്ഷേപകങ്ങള്‍ നടത്തുകയും ചെയ്യുക.

മാതൃരാജ്യത്തിന് നല്‍കേണ്ട നികുതിയില്‍ നിന്നു രക്ഷപ്പെടാന്‍ കണ്ടെത്തിയ മാര്‍ഗം. പക്ഷേ, മാധ്യമങ്ങളുടെ ഐക്യകണ്‌ഠേനയുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായി ഇക്കളികളെല്ലാം പുറത്തായി. ഈ കോടീശ്വരന്‍മാരുടെ പട്ടികയില്‍, വെട്ടിപ്പ് നടത്തിയവരുടെ കൂട്ടത്തില്‍ റാംപൂരിലെ ജാവേദ് അലി ഖാന്റെ പേരുമുണ്ട്.

ഒരു ക്ലര്‍ക്കായി ദുബായില്‍ ജോലി ചെയ്യുകയാണ് ഖാന്‍. ഒരു ലക്ഷത്തോളം രൂപ പ്രതിമാസം ശമ്പളം പറ്റുന്നു. തരക്കേടില്ലാത്ത ജീവിതം. നാട്ടില്‍ ഇരുനില വീട്ടിലാണ് അദ്ദേഹത്തിന്റെ ബന്ധുക്കളുടെ താമസം. പക്ഷേ ആ വീട് ഖാന്റെ പേരിലല്ല. പക്ഷേ ഇദ്ദേഹം കോടികളുടെ വെട്ടിപ്പ് നടത്തിയ 714 ഇന്ത്യാക്കാരുടെ കൂട്ടത്തില്‍പ്പെട്ടതാണ് രസകരം.

2003 നവംബര്‍ 10 മുതല്‍ സിയാം കാപ്പിറ്റല്‍ ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പ്രധാന ഉടമയും ഡയറക്ടറുമാണ് ഖാന്‍ എന്ന് പാരഡൈസ് പേപ്പറില്‍ പറയുന്നു. കരീബിയന്‍ ദ്വീപ് സമൂഹമായ ബ്രിട്ടീഷ് വിര്‍ജിനിലെ ഏറ്റവും വലിയ ദ്വീപായ ടോര്‍ടോളയിലാണ് ഈ കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 18 കമ്പനികളില്‍ നിന്നുള്ള നിക്ഷേപം സിയാം കാപ്പിറ്റലിനുണ്ടെന്നും പാരഡൈസ് പേപ്പറില്‍ പറയുന്നു.

എന്നാല്‍ പുറത്തുവന്ന രേഖകളില്‍ ഖാന്റെ ശമ്പളവും മറ്റാനുകൂല്യങ്ങളും സംബന്ധിച്ച് വ്യക്തമാക്കുന്നില്ല. സിയാമിന്റെ ഡയറക്ടറും ഓഹരി ഉടമയുമാണ് എന്നാണ് ഇദ്ദേഹത്തെ പറ്റി പറയുന്നത്. 2006 ഓഗസ്റ്റ് 22ന് ഇദ്ദേഹം ഈ പദവി രാജിവെച്ചുവെന്നും പേപ്പറില്‍ വ്യക്തമാക്കുന്നു. പട്ടികയിലെ പേര് കണ്ടാണ് ഖാനുമായി ബന്ധപ്പെട്ടത്. ദുബായിലാണദ്ദേഹമിപ്പോള്‍. ഖാന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വാള്‍സ്ട്രീറ്റ് എക്‌സ്‌ചേഞ്ചില്‍ 2000 മുതല്‍ ക്ലര്‍ക്കായി ജോലി ചെയ്തിരുന്നു. മുംബൈക്കാരന്‍ വ്യവസായി ആരിഫ് പട്ടേലിന്റേതായിരുന്നു കമ്പനി. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം ചില കടലാസുകളില്‍ ഒപ്പിട്ടുകൊടുത്തിരുന്നു. സിയാമില്‍ നിന്നു വായ്പ കിട്ടുന്നതിന് വേണ്ടിയാണ് ഇതെന്നായിരുന്നു ആരിഫ് പട്ടേല്‍ പറഞ്ഞിരുന്നത്. സിയാം കമ്പനിയുമായി ബന്ധപ്പെട്ട് തന്റെ പേരിലുണ്ട് എന്ന് പറയുന്ന ബാങ്ക് അക്കൗണ്ട് ഇതുവരെ താന്‍ ഉപയോഗിച്ചിട്ടില്ല. ആദായ നികുതി വകുപ്പിന് എല്ലാ വിവരങ്ങളും കൈമാറാന്‍ തയ്യാറാണ്. തനിക്ക് ഒന്നും ഒളിക്കാനില്ല- എന്നാണ് ഖാന്റെ വാക്കുകള്‍.

25 വര്‍ഷം മുമ്പ് ഗള്‍ഫിലേക്ക് പോയതാണ് ഖാന്‍. ഇന്ത്യയില്‍ ഇദ്ദേഹത്തിന് സ്വന്തമായി ഭൂമയില്ല. മാസത്തില്‍ 6500 ദിര്‍ഹം ശമ്പളമുള്ള ജോലിയാണിപ്പോള്‍. റാംപൂരിലെ ഗ്രാമത്തിലുള്ള വീട്ടില്‍ ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ താമസിക്കുന്നുണ്ട്. കുടുംബത്തില്‍ ഒരു വിവാഹമുണ്ടായിരുന്നു മാസങ്ങള്‍ക്ക് മുമ്പ്. അന്ന് ചടങ്ങില്‍ പങ്കെടുക്കാന്‍ ഖാന്‍ വന്നിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.

ഇത്തരത്തില്‍ വ്യക്തികള്‍ അറിയാതെ അവരുടെ രേഖകള്‍ ഉപയോഗിച്ച് കോടികളുടെ നികുതി വെട്ടിപ്പ് നടത്തുന്ന വന്‍കിടക്കാരും പാരഡൈസ് പേപ്പറിലുണ്ടെന്നതാണ് സത്യം. 714 ഇന്ത്യക്കാരെ കുറിച്ചാണ് ഈ പേപ്പറുകളില്‍ പറയുന്നത്. എന്നാല്‍ പലരും അവരുടെ പേരില്‍ നടക്കുന്ന വെട്ടിപ്പുകള്‍ അറിഞ്ഞില്ലെന്നതാണ് സത്യം. ഒരു തരത്തില്‍ പറഞ്ഞാല്‍ സാധാരണക്കാരെ മറപിടിച്ചും വന്‍കിട വ്യവസായികള്‍ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ട്.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
NRI clerk links small UP town to Paradise Papers

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X