ഫോർട്ട് കൊച്ചി - വൈപ്പിൻ മൂന്നാമത്തെ റോ റോ സർവ്വീസ് ഉടൻ; 14 ട്രക്കുകളും 12 കാറുകളും 50 യാത്രക്കാർക്കും പോകാം
കൊച്ചി കോർപ്പറേഷന്റെ മൂന്നാമത്തെ റോ-റോ കപ്പൽ ഈ മാസം നീറ്റിലിറക്കും. ശനിയാഴ്ചയാണ് മേയർ വികെ മിനിമോൾ ഇക്കാര്യം അറിയിച്ചത്. കൊച്ചിൻ ഷിപ്പയാർഡ് ലിമിറ്റഡിലെത്തി മേയർ നിർമാണ പുരോഗതി വിലയിരുത്തി. എറണാകുളം എംപി ഹൈബി ഈഡനും മേയർക്കൊപ്പമുണ്ടായിരുന്നു.
നിർമാണത്തിന്റെ അവസാന ഘട്ടത്തെക്കുറിച്ച് ഷിപ്പയാർഡ് ഉദ്യോഗസ്ഥരുമായി മേയർ നേരിട്ട് സംസാരിച്ചു. മുഖ്യമന്ത്രിയുടെ സൗകര്യം കൂടി പരിഗണിച്ചായിരിക്കും ഉദ്ഘാടന തീയതി നിശ്ചയിക്കുക.പുതിയ കപ്പലിന് മികച്ച ശേഷിയാണുള്ളത്. 14 ട്രക്കുകൾ ഇതിൽ കയറ്റാൻ കഴിയും. 12 കാറുകളും 50 യാത്രക്കാരെയും ഇതിൽ ഉൾക്കൊള്ളാനാകും. നിലവിൽ സർവീസ് നടത്തുന്ന റോ-റോ കപ്പലുകളിൽ നേരിടുന്ന പ്രവർത്തനപരമായ പോരായ്മകൾ പരിഹരിക്കുന്ന തരത്തിലാണ് പുതിയ കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിലൂടെ ഫോർട്ട് കൊച്ചി-വൈപ്പിൻ റൂട്ടിലെ യാത്രക്കാർക്ക് കൂടുതൽ വിശ്വസനീയവും കാര്യക്ഷമവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ.

അതേസമയം ഔപചാരിക ഉദ്ഘാടനത്തിന് മുമ്പ് തന്നെ ഈ മാസം പുതിയ കപ്പൽ നീറ്റലിറക്കും. നിലവിലുള്ള കപ്പലുകളുടെ അറ്റകുറ്റപ്പണികളും വേഗത്തിൽ തന്നെ നടപ്പാക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ ഉറപ്പ്. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ പിന്തുണ ഇതിനുണ്ടാകും. പുതിയ ഫെറി സർവീസ് ആരംഭിച്ചതിന് ശേഷം നിലവിലെ രണ്ട് കപ്പലുകളും ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന രീതിയിൽ ഡ്രൈ ഡോക്കിൽ പ്രവേശിപ്പിച്ച് ആവശ്യമായ അറ്റകുറ്റപ്പണികളും പരിപാലന പ്രവർത്തനങ്ങളും നടത്തും.
അതേസമയം കൂടുതൽ യാത്രക്കാരേയും വാഹനങ്ങളേയും ഉൾക്കൊള്ളിക്കാൻ സാധിക്കുന്ന ആധുനിക ഹൈബ്രിഡ് റോ-റോ കപ്പൽ നിർമിക്കാനും പദ്ധതിയുണ്ടെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു. ഡീസലിലും വൈദ്യുതിയിലും പ്രവർത്തിക്കുന്ന കപ്പലായിരിക്കും ഇത്. നൂറിലധികം വാഹനങ്ങൾ ഇതിൽ ഉൾക്കൊള്ളാൻ സാധിക്കും. കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ച് കൊച്ചിൻ ഷിപ്പയാർഡിൽ തന്നെ ഇത് നിർമിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഫോർട്ട് കൊച്ചി-വൈപ്പിൻ റൂട്ടിൽ 2017-18 കാലയളവിലാണ് കൊച്ചി കോർപ്പറേഷന്റെ റോ-റോ സർവീസ് ആരംഭിച്ചത്. ഫോർട്ട് കൊച്ചി-വൈപ്പിൻ റൂട്ടിലെ പ്രധാന യാത്രാമാർഗ്ഗമാണിത്. റോഡിലെ തിരക്കും യാത്രാസമയവും കുറയ്ക്കാൻ ഇത് സഹായിക്കുന്നു. നിലവിലെ കപ്പലുകൾ നിർമിച്ചതും കൊച്ചിൻ ഷിപ്പയാർഡ് തന്നെയാണ്. നിലവിലെ കപ്പലുകൾക്ക് ഇടയ്ക്കിടെ അറ്റകുറ്റപ്പണികൾക്കായി സർവീസ് നിർത്തിവെക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മൂന്നാമത്തെ കപ്പൽ വേഗത്തിലറക്കാൻ അധികൃതർ ആലോചിക്കുന്നത്.
പുതിയ കപ്പൽ കൂടി സർവീസിൽ എത്തുന്നതോടെ യാത്രക്കാരക്ക് വലിയ ഇടവേളകൾ ഇല്ലാതെ തന്നെ സർവീസ് ഉറപ്പാക്കാനാകും. മാത്രമല്ല തിരക്കേറിയ സമയങ്ങളിലെ യാത്രാ ആവശ്യങ്ങൾ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാനും കഴിയും.












Click it and Unblock the Notifications