പ്രവാചക നിന്ദ പ്രതിഷേധം; യുപിയില്‍ കൂട്ട അറസ്റ്റ്, കടുത്ത നടപടിയെടുക്കാന്‍ യോഗിയുടെ നിര്‍ദേശം
ലഖ്‌നൗ: പ്രവാചക നിന്ദ നടത്തിയ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവര്‍ക്കെതിരെ കടുത്ത നടപടിയുമായി ഉത്തര്‍ പ്രദേശ് പോലീസ്. ആറ് ജില്ലകളില്‍ നിന്നായി 200ലധികം പേരെ അറസ്റ്റ് ചെയ്തു. അലഹാബാദില്‍ നിന്ന് 68 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഹത്രാസില്‍ 50 പേരും സഹാറന്‍പൂരില്‍ 48 പേരും അംബേദ്കര്‍ നഗറില്‍ 28 പേരും മുറാദാബാദില്‍ 25 പേരും ഫിറോസാബാദില്‍ 8 പേരുമാണ് അറസ്റ്റിലായത്.
ആറ് ജില്ലകളില്‍ നിന്ന് 227 പേരെ അറസ്റ്റ് ചെയ്തുവെന്നാണ് ഇന്ന് രാവിലെ വരെയുള്ള കണക്ക്. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. സംഘര്‍ഷത്തിന്റെയും പ്രതിഷേധത്തിന്റെയും വീഡിയോ പരിശോധിച്ചുവരികയാണ്. പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പ്രതിഷേധക്കാര്‍ ശാന്തരാകണമെന്നും പോലീസ് ഓഫീസര്‍ പ്രശാന്ത് കുമാര്‍ ആവശ്യപ്പെട്ടു.

രണ്ടു ബിജെപി നേതാക്കളാണ് പ്രവാചകനെയും കുടുംബത്തെയും മോശമായി വിമര്‍ശിച്ചത്. ബിജെപി ദേശീയ വക്താവായിരുന്ന നുപുര്‍ ശര്‍മ, ഡല്‍ഹി വക്താവ് നവീന്‍ കുമാര്‍ ജിന്‍ഡാല്‍ എന്നിവരുടെ പ്രതികരണമാണ് വിവാദമായത്. ആഗോള തലത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ ഇവര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും പാര്‍ട്ടിയില്‍ നിന്ന് ബിജെപി സസ്‌പെന്റ് ചെയ്യുകയുമുണ്ടായി.
എന്നാല്‍ രണ്ടാഴ്ചയായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്തത് സര്‍ക്കാരിന്റെ ഇരട്ട നയമാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. എല്ലാവരും ശാന്തമായിരിക്കണമെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ ഇത്ര ദിവസമായിട്ടും നടപടിയൊരുക്കാത്ത പോലീസ് നുപുര്‍ ശര്‍മയ്ക്ക് സുരക്ഷ ഒരുക്കുകയാണ് ചെയ്തിരിക്കുന്നതെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
സാമൂഹിക വിരുദ്ധ സംഘങ്ങളാണ് പ്രതിഷേധത്തിന് പിന്നിലെന്ന് യുപി സര്‍ക്കാര്‍ പറയുന്നു. ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പോലീസിന് അനുമതി നല്‍കിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിയമം കൈയ്യിലെടുക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും യോഗി ആദിത്യനാഥിന്റെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.
വെള്ളിയാഴ്ച ജുമുഅ നിസ്‌കാര ശേഷമാണ് യുപി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധം രൂപപ്പെട്ടത്. ഇത് മുന്‍കൂട്ടി കണ്ട് പള്ളികള്‍ക്കും മറ്റു മത കേന്ദ്രങ്ങള്‍ക്കും മുന്നില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിരുന്നു. പ്രയാഗ് രാജില്‍ പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. അതാല ഭാഗത്തുണ്ടായ പ്രതിഷേധത്തില്‍ കല്ലേറ് നടന്നു. നുപുര്‍ ശര്‍മക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുമായിട്ടായിരുന്നു സഹാറന്‍പൂരിലെ പ്രതിഷേധം. ഇവരെ തടഞ്ഞതോടെയാണ് സംഘര്‍ഷമായത്.
ഉത്തരാഖണ്ഡിലെ റാഞ്ചിയില്‍ നടന്ന പ്രതിഷേധത്തിന് നേരെ പോലീസ് വെടിവയ്ക്കുകയും രണ്ടു പേര്‍ മരിക്കുകയും ചെയ്തു. ബംഗാളിലും പ്രതിഷേധം നടക്കുകയാണ്. ഡല്‍ഹിയിലും ദക്ഷിണേന്ത്യയിലും പ്രതിഷേധം നടന്നു. രാജ്യവ്യാപകമായ പ്രതിഷേധത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്. നുപുര്‍ ശര്‍മക്കെതിരെ മുംബൈ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. നുപുര്‍ ശര്‍മക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് അറബ് രാജ്യങ്ങള്‍ രംഗത്തുവന്നിരുന്നു.












Click it and Unblock the Notifications