ഡല്‍ഹിയില്‍ ഒഡീഷ സ്വദേശിനിയെ ക്രൂരമായി ബലാത്സംഗം ചെയ്തു; റോഡില്‍ ഉപേക്ഷിച്ചു
ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് റോഡില്‍ ഉപേക്ഷിച്ചു. ഡല്‍ഹിയിലെ സരായ് കാലെ ഖാന്‍ റോഡില്‍ ഉപേക്ഷിച്ച യുവതിയെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ നാവികസേന ഉദ്യോഗസ്ഥന്‍ ഒരു യുവതിയെ ചോരയില്‍ കുതിര്‍ന്ന വസ്ത്രങ്ങള്‍ ധരിച്ച് നടന്നുപോകുന്നത് കണ്ടിരുന്നു. ഇതേ തുടര്‍ന്ന് നാവികസേന ഉദ്യോഗസ്ഥന്‍ പോലീസിനെ അറിയിക്കുകയായിരുന്നു.
സംഭവസ്ഥലത്തെത്തിയ പോലീസ് യുവതിയെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പരുക്കുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

അതേസമയം യുവതി മറ്റൊരു സ്ഥലത്ത് നിന്നാണ് പീഡനത്തിന് ഇരയായതെന്ന് സംശയിക്കുന്നതായി പോലീസ് ഓഫീസര്‍ പറഞ്ഞു. സംഭവത്തിന് ശേഷം ഇവരെ കുറ്റവാളികള്‍ സരായ് കാലേ ഖാനില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷ സ്വദേശിയാണ് യുവതിയെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ബിരുദധാരിയായ യുവതി ഒരു വര്‍ഷം മുമ്പാണ് ഡല്‍ഹിയിലെത്തിയത്. നഴ്‌സിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് യുവതി പോലീസിനോട് പറഞ്ഞു. ഒഡീഷയില്‍ നിന്ന് യുവതി വീടുപേക്ഷിച്ചാണ് ഡല്‍ഹിയിലെത്തിയത്. ഇവരുടെ മാതാപിതാക്കള്‍ യുവതിയെ കാണ്‍മാനില്ലെന്ന് കാണിച്ച് പരാതി നല്‍കിയിരുന്നു. ഇവര്‍ പിന്നീട് ഈ യുവതി ഡല്‍ഹിയിലുണ്ടെന്ന് കണ്ടെത്തിയിരുന്നു.
രണ്ട് മാസം മുമ്പ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഡല്‍ഹിയിലെത്തി ഒഡീഷയിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുവതി മടങ്ങാന്‍ തയ്യാറായിരുന്നില്ല. ഇതോടെ മാതാപിതാക്കള്‍ മടങ്ങിപ്പോവുകയായിരുന്നു. യുവതിക്ക് ഒരു മാസം മുമ്പ് സ്വന്തം ഫോണ്‍ നഷ്ടമായിരുന്നു. അതിന് ശേഷം കുടുംബത്തെ പോലും ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.
അതേസമയം ഫോണ്‍ കളഞ്ഞുപോയതാണോ മോഷണം പോയതാണോ എന്ന് പറയാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. യുവതിയുടെ കൈവശം പണമില്ലായിരുന്നു. ഇവര്‍ സൗത്ത് ഡല്‍ഹിയിലാണ് താമസിച്ചിരുന്നത്. പണമില്ലാത്തതിനാല്‍ തെരുവിലായിരുന്നു ഉറങ്ങിയത്. ഒരു എടിഎം ബൂത്തിനടുത്ത് രണ്ട് ദിവസത്തോളം യുവതി ഉറങ്ങുന്നത് സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
യുവതി ഇപ്പോള്‍ ചികിത്സയിലാണെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ തന്നോട് അതിക്രമം കാണിച്ചവരെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ യുവതിക്ക്‌സാധിച്ചിട്ടില്ല. പോലീസ് യുവതിയുടെ സഹോദരനെ വിളിച്ച് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് യുവതി എങ്ങനെ ഇവിടെ എത്തി എന്ന് കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.












Click it and Unblock the Notifications