ഗുസ്തി താരം ഒളിമ്പ്യൻ യോഗേശ്വര്‍ ദത്ത് ബിജെപിയിലേക്ക്, ഹരിയാന തിരഞ്ഞെടുപ്പിൽ മത്സരിക്കും
ദില്ലി: ഇന്ത്യന്‍ ഗുസ്തി താരവും ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവുമായ യോഗേശ്വര്‍ ദത്ത് ബിജെപിയില്‍ ചേരുന്നതായി റിപ്പോര്‍ട്ടുകള്‍. ഹരിയാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ബിജെപിയിലേക്ക് യോഗേശ്വര്‍ ദത്തിന്റെ വരവ്. ഹരിയാന തിരഞ്ഞടുപ്പില്‍ ബിജെപി ടിക്കറ്റില്‍ യോഗേശ്വര്‍ ദത്ത് മത്സരിച്ചേക്കും എന്നാണ് കരുതുന്നത്.
കഴിഞ്ഞ ദിവസം യോഗേശ്വര്‍ ദത്ത് ഹരിയാന ബിജെപി ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ബരള അടക്കമുളള പ്രധാനനേതാക്കളുമായി യോഗേശ്വര്‍ ദത്ത് ചര്‍ച്ച നടത്തുകയുണ്ടായി.

നിലവില്‍ ഹരിയാന പോലീസില്‍ ഡിസിപിയായി ജോലി ചെയ്യുകയാണ് യോഗേശ്വര്‍ ദത്ത്. 2008ലാണ് സംസ്ഥാന സര്‍ക്കാര്‍ യോഗേശറിനെ സംസ്ഥാന പോലീസില്‍ നിയമിച്ചത്. ജോലി രാജി വെച്ചതിന് ശേഷമായിരിക്കും യോഗേശ്വര്‍ ബിജെപിയില്‍ ചേരുക എന്ന് സുഭാഷ് ബരാല വ്യക്തമാക്കി. സോണിപറ്റ് ജില്ലയിലെ ഭൈന്‍സ്വാള്‍ സ്വദേശിയാണ് യോഗേശ്വര്‍ ദത്ത്. സോണിപറ്റിലെ തന്നെ ഏതെങ്കിലും ഒരു നിയമസഭാ സീറ്റായിരിക്കും ബിജെപി യോഗേശ്വറിന് വേണ്ടി മാറ്റി വെക്കുക.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തും യോഗേശ്വറിനെ ബിജെപിയില്‍ എത്തിക്കാനും മത്സരിപ്പിക്കാനും നീക്കം നടന്നിരുന്നു. പാര്‍ട്ടി സംസ്ഥാന ഘടകകമാണ് അന്ന് യോഗേശ്വറിനെ നിര്‍ദേശിച്ചത്. 2012ലെ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവാണ് യോഗേശ്വര്‍ ദത്ത്. 2014ലെ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം സ്വന്തമാക്കിയിട്ടുണ്ട്. 2013ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. ഒക്ടോബർ 21നാണ് ഹരിയാനയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബർ 24ന് വോട്ടെണ്ണൽ നടക്കും. പ്രതിപക്ഷം ചിതറിപ്പോയ ഹരിയാനയിൽ അനായാസ വിജയം നേടാനാവും എന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്.












Click it and Unblock the Notifications