ആശങ്ക; രാജ്യത്ത് ഒമൈക്രോൺ വ്യാപനം വേഗത്തിൽ.. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 101 പേർക്ക്
ദില്ലി; രാജ്യത്ത് ആശങ്കയേറ്റി ഒമൈക്രോൺ കേസുകൾ ഉയരുന്നു. ഇതുവരെ 101 പേരിലാണ് ഒമൈക്രോൺ വകഭേദം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ലോകത്തിലെ 91 രാജ്യങ്ങളിലാണ് ഇതുവരെ ഒമൈക്രോൺ വകഭേദം സ്ഥിരീകരിച്ചത്. വ്യാപനം വളരെ കുറഞ്ഞ ദക്ഷിണാഫ്രിക്കയിലെ ഡെൽറ്റ വേരിയന്റിനേക്കാൾ വളരെ വേഗത്തിലാണ് ഒമൈക്രോൺ പടരുന്നതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
ഡെൽറ്റ വകഭേദത്തെക്കാൾ ഒമൈക്രോൺ സാമൂഹ്യ വ്യാപനത്തിന് കാരണമായേക്കുമെന്നാണ് ഡബ്ല്യു എച്ച് ഒ ചൂണ്ടിക്കാട്ടുന്നതെന്നും അഗർവാൾ പറഞ്ഞു. നിലവിൽ ഏറ്റവും കൂടുതൽ ഒമൈക്രോൺ കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇവിടെ 32 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഡൽഹിയിൽ 22, രാജസ്ഥാനിൽ 17, കർണാടകയിലും തെലങ്കാനയിലും 8 വീതവും ഗുജറാത്തിലും കേരളത്തിലും 5 വീതവും ആന്ധ്രാപ്രദേശ്, ചണ്ഡിഗഡ്, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ യഥാക്രമം ഓരോന്നുമാണ് ഇതുവരെ സ്ഥിരീകരിച്ച കേസുകൾ.
അതേസമയം ഒമൈക്രോൺ ഭീതി ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ഐ സി എം ആർ ഡയറക്ടർ ഡോ ബൽറാം ബാർഗവ പറഞ്ഞു. അത്യാവശ്യമല്ലാത്ത യാത്രകൾ, കൂട്ടംകൂടലുകൾ എന്നിവ ഒഴിവാക്കേണ്ട സമയമാണിത്, ചെറിയ ആഘോഷങ്ങൾ പോലും നിയന്ത്രിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതിനിടെ രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം വേഗത്തിലാണെന്നത് ആശ്വസിക്കാൻ വകനൽകുന്നുണ്ടെന്ന് വിദഗ്ദർ വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ത്യ കോവിഡ് -19 വാക്‌സിൻ ഡോസുകൾ വിതരണം ചെയ്യുന്നത്. യു എസ്‌എയിൽ നൽകിയ ഡോസിന്റെ 4.8 മടങ്ങും യുകെയിൽ വിതരണം ചെയ്ത ഡോസുകളുടെ 12.5 മടങ്ങും ഡോസുകളാണ് ദിനംപ്രതി രാജ്യത്ത് വിതരണം ചെയ്യുന്നതെന്നും അധികൃതർ പറഞ്ഞു. അതിനിടെ രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം 135 കോടി കവിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 70,46,805 ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 135.99 കോടി (1,35,99,96,267) പിന്നിട്ടു. 1,42,79,769 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്, സർക്കാർ പത്രകുറിപ്പിൽ അറിയിച്ചു.
അതേസമയം ബ്രിട്ടനിൽ കൊവിഡ് കേസുകളിൽ വലിയ വർധനവാണ് റിപ്പോര്ഡട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച മാത്രം 93,045 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. തുടർച്ചയായ മൂന്നാം ദിവസമാണ് റെക്കോർഡ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച 111 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 147,000 ആയി. വ്യാഴാഴ്ച 88,376 പേർക്കാണ് ബ്രിട്ടണിൽ രോഗബാധ സ്ഥിരീകരിച്ചത്. ഒമിക്രോൺ വകഭേദം വലിയ ഭീഷണിയായി തുടരുകയാണ്. വെള്ളിയാഴ്ച 111 പേരാണ് രാജ്യത്ത് മരിച്ചത്.
എന്താണ് ഒമിക്രോണ്‍ വകഭേദം?
സാര്‍സ് കൊറോണ വൈറസ്-2ന്റെ പുതിയ വകഭേദമാണ് ഒമിക്രോണ്‍ അഥവാ ബി. 1. 1. 529. കഴിഞ്ഞ നവംബര്‍ 22ന് ദക്ഷിണ ആഫ്രിക്കയിലാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വകഭേദത്തിന് 30 തവണയില്‍ കൂടുതല്‍ പ്രോട്ടീന്‍ വ്യതിയാനം സംഭവിച്ചിട്ടുണ്ട്. കൂടുതലായുള്ള പകര്‍ച്ചാശേഷി, പ്രതിരോധ ശക്തിയെ തകര്‍ക്കാനുള്ള കഴിവ്, ദക്ഷിണാഫ്രിക്കയില്‍ കേസുകളുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടായ വര്‍ദ്ധനവ് ഇവ പരിഗണിച്ചാണ് ലോകാരോഗ്യസംഘടന ഇതിനെ വേരിയന്റ് ഓഫ് കണ്‍സേണ്‍ ആയി പ്രഖ്യാപിച്ചത്.