കെജരിവാളിന്‍റെ 'ആപി'ന്‍റെ അടിവേരിളിക്കാന്‍ ബിജെപി! മന്ത്രിക്ക് പിന്നാലെ വനിതാ നേതാവും ബിജെപിയില്‍
ദില്ലി: മോദി തരംഗത്തില്‍ ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും ബിജെപിയാണ് ദില്ലി തൂത്തുവാരിയത്. ഏഴില്‍ ഏഴ് സീറ്റും ബിജെപി പിടിച്ചടക്കിയപ്പോള്‍ ഭരണകക്ഷിയായ ആംആദ്മിക്കും കോണ്‍ഗ്രസിനും പിടിച്ച് നില്‍ക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഇനി വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പാണ് ബിജെപിയുടെ ലക്ഷ്യം. രാജ്യ തലസ്ഥാനത്ത് അധികാരം ഏറാന്‍ സാധിക്കാത്തതില്‍ ബിജെപിക്കുള്ള നിരാശ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തവണ 2014 ആവര്‍ത്തിക്കാതിരിക്കാനുള്ള തീവ്ര ശ്രമങ്ങള്‍ ബിജെപി നടത്തുന്നുണ്ട്.
പാര്‍ട്ടിയുടെ പ്രതീക്ഷ ഇരട്ടിയാക്കി ദില്ലിയില്‍ ഭരണകക്ഷിയായ ആംആദ്മിയില്‍ നിന്ന് ബിജെപിയിലേക്കുള്ള നേതാക്കളുടെ കുത്തൊഴുക്ക് തുടരുകയാണ്. ഏറ്റവും അവസാനമായി ആംആദ്മി വനിതാ വിഭാഗം നേതാവാണ് ബിജെപിയില്‍ എത്തിയത്. വിശദാംശങ്ങള്‍ ഇങ്ങനെ

ബിജെപിക്ക് ഗുണം ചെയ്തു
2014 ല്‍ ദില്ലിയിലെ മുഴുവന്‍ സീറ്റുകളും ബിജെപിയായിരുന്നു വിജയിച്ചത്. ഇത്തവണ ബിജെപിയെ പുറത്ത് നിര്‍ത്താന്‍ ആംആദ്മിയും കോണ്‍ഗ്രസും സഖ്യത്തിലെത്താന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ പല ഘട്ടങ്ങളിലായി നടന്ന ചര്‍ച്ചകളില്‍ എല്ലാം സീറ്റ് വിഭജനം കീറാമുട്ടിയായി. സഖ്യ സാധ്യതയും ഇല്ലാതായി. ഇതോടെ കോണ്‍ഗ്രസും ആംആദ്മിയും തനിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇരുപാര്‍ട്ടികളുടേയും തനിച്ചുള്ള പോരാട്ടം ബിജെപിക്ക് ഗുണം ചെയ്തു. 2014 ആവര്‍ത്തിക്കാന്‍ ബിജെപിക്ക് വീണ്ടും സാധിച്ചു.

55 സീറ്റുകള്‍
സംസ്ഥാനത്തെ 55 ശതമാനം വോട്ടുകളും ബിജെപി പെട്ടിയിലാക്കി. ആകെയുള്ള 70 നിയമസഭ മണ്ഡലങ്ങളില്‍ 5 ലും വ്യക്തമായ മുന്നേറ്റത്തോടെയായിരുന്നു ഇത്തവണ ബിജെപി വിജയിച്ച് കയറിയത്. ഈ 55 ശതമാനം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ നിയമസഭ ബിജെപിക്ക് സേഫ് ആകും. കുറഞ്ഞത് 36 സീറ്റുകള്‍ എങ്കിലും നേടിയാല്‍ ദില്ലി ഭരിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്ക് ലഭിക്കും. 55 സീറ്റുകള്‍ വരെ നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

കുത്തൊഴുക്ക് തുടരുന്നു
വലിയ രീതിയിലുള്ള അംഗത്വ കാമ്പെയ്നാണ് ബിജെപി സംസ്ഥാനത്ത് നടത്തുന്നത്. ഇതുവരെ 2.20 കോടി പുതിയ അംഗങ്ങള്‍ ബിജെപിയില്‍ എത്തികഴിഞ്ഞു. പാര്‍ട്ടിയുടെ പ്രതീക്ഷ വീണ്ടും ഇരട്ടിയാക്കി ആംആദ്മിയില്‍ നിന്നുള്ള കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്കേറ് ചേക്കേറുകയാണ്.
ഏറ്റവും അവസാനമായി ആംആദ്മി വിട്ട് ബിജെപിയില്‍ ചേര്‍ന്നത് ആംആദ്മിയുടെ വനിതാ വിഭാഗം നേതാവ് റിച്ചാ പാണ്ഡേ മിശ്രയാണ്. സംസ്ഥാന ബിജെപി അധ്യക്ഷന്‍ മനോജ് തിവാരിയുടേയും ബിജെപി രാജ്യസഭ എംപി വിജയ് ഗോയലിന്‍റേയും സാന്നിധ്യത്തിലായിരുന്നു റിച്ച ബിജെപിയില്‍ ചേര്‍ന്നത്.

അംഗീകരിക്കാനാവില്ലെന്ന് റിച്ച
'താന്‍ പൂര്‍വാഞ്ചലില്‍ നിന്നുള്ള ഒരു സാധാരണ സ്ത്രീയാണ്. അന്നാ ഹസാരയുടെ രാഷ്ട്രീയത്തില്‍ തത്പരയായാണ് താന്‍ ആംആദ്മിയില്‍ എത്തിയത്. എന്നാല്‍ താന്‍ തേടുന്ന ബദല്‍ രാഷ്ട്രീയം ആംആദ്മിയുടേതല്ല മറിച്ച് ബിജെപിയുടേതാണെന്ന് തിരിച്ചറിയുകയാണ്, റിച്ച പറഞ്ഞു.
രാജ്യവിരുദ്ധ നയങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. പ്രകാശ് രാജിനെ പോലുള്ള ജിഗ്നേഷ് മേവാനിയെ പോലുള്ള നേതാക്കളെയാണ് ആംആദ്മി തങ്ങളുടെ താരപ്രചാരകരായി അവതരിപ്പിക്കുന്നത്. പാര്‍ട്ടിയുടെ ഇത്തരം നടപടികളോട് യോജിക്കാന്‍ കഴിയില്ലെന്നും റിച്ച പറഞ്ഞു.

മുന്‍ മന്ത്രിയും
കഴിഞ്ഞ ദിവസം അരവിന്ദ് കെജരിവാള്‍ സര്‍ക്കാരിലെ മുന്‍ മന്ത്രി കപില്‍ മിശ്രയും ബിജെപിയില്‍ ചേര്‍ന്നിരുന്നു. കൂറുമാറ്റ നിരോധന നിയമ പ്രകാരം ദില്ലി നിയമസഭ അയോഗ്യനാക്കിയ നേതാവാണ് കപില്‍ മിശ്ര. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി നേതാക്കളായ മനോജ് തിവാരി , കേന്ദ്ര മന്ത്രി വിജയ് ഗോയൽ എന്നിവരോടൊപ്പം വേദി പങ്കിട്ടതിനാണ് കപിൽ മിശ്രയെ ആംആദ്മിയിൽ നിന്ന് പുറത്താക്കിയത്. അതേസമയം തന്നെ അയോഗ്യനാക്കിയ നടപടിക്കെതിരെ കപില്‍ മിശ്ര സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതിയുടെ പരിഗണനയിലാണ്.