ഉപതിരഞ്ഞെടുപ്പിന് രണ്ട് നാള്‍ മാത്രം: ജാർഖണ്ഡില്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ചു കൊന്നു
ഫെബ്രുവരി 16ന് രാംഗഢിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നിടത്ത് അജ്ഞാതരുടെ വെടിയേറ്റ് എ ജെ എസ് യു പാർട്ടി നേതാവും കൊല്ലപ്പെട്ടിരുന്നു.

രാംഗഡ്: നിർണ്ണായക ഉപതിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ച് കൊന്നു. ജാർഖണ്ഡിലെ രാംഗഢിലാണ് 35 കാരനായ കോൺഗ്രസ് നേതാവ് ക്രിമിനലുകളുടെ വെടിയേറ്റ് മരിച്ചത്. സംസ്ഥാന തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 50 കിലോമീറ്റർ അകലെ സൗന്ദ മേഖലയിലെ ഭുർകുന്ദ-പട്രതു റോഡിലെ പഴയ പെട്രോൾ പമ്പിന് സമീപം ശനിയാഴ്ച രാത്രി 8 മണിയോടെയാണ് കൊലപാതകകം നടന്നതെന്നാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
കോൺഗ്രസ് നേതാവ് രാജ് കിഷോർ ബൗരി എന്ന ബിറ്റ്ക ബൗരിയാണ് കൊല്ലപ്പെട്ടത്, ബർകഗാവിൽ നിന്നുള്ള കോൺഗ്രസ് എം എൽ എ അംബ പ്രസാദിന്റെ മണ്ഡലത്തിലെ പത്രാട്ടു ബ്ലോക്കിലെ ഭാരവാഹിയായിരുന്നു. വെടിയേറ്റ് വീണ ബൗരിയെ ബുർകുന്ദയിലെ സി സി എൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ വെച്ച് അദ്ദേഹം മരിച്ചതായി ഡോക്ടർ സ്ഥിരീകരിക്കുകയായിരുന്നു.
"ഞങ്ങൾ കൊലപാതകത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്താൻ ശക്തമായ തിരച്ചില്‍ നടക്കുകയാണ്," ഭുർകുന്ദ പോലീസ് സ്റ്റേഷൻ ഇൻചാർജ് അമിത് കുമാർ പറഞ്ഞു. പെട്രോൾ പമ്പിന് സമീപം ബൈക്കിലെത്തിയ മൂന്ന് ക്രിമിനലുകൾ അവിടെ ഇരുന്ന ബൗരിക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. എം എൽ എ അംബ പ്രസാദും മുൻ മന്ത്രി യോഗേന്ദ്ര സോയും ആശുപത്രിയിലെത്തി നേതാവിനെ സന്ദർശിച്ചു.
ഫെബ്രുവരി 16ന് രാംഗഢിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നിടത്ത് അജ്ഞാതരുടെ വെടിയേറ്റ് എ ജെ എസ് യു പാർട്ടി നേതാവും കൊല്ലപ്പെട്ടിരുന്നു. രാംഗഡ് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 27നും വോട്ടെണ്ണൽ മാർച്ച് രണ്ടിനുമാണ് നടക്കുന്നത്,












Click it and Unblock the Notifications