ആരുടെയും പൗരത്വം കവർന്നെടുക്കാനല്ല പൗരത്വ നിയമ ഭേദഗതി, പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മോദി
കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമം മൂലം ആരുടെയും പൗരത്വം നഷ്ടമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. ബംഗാൾ സന്ദർശനത്തിന്റെ രണ്ടാം ദിനം ബേലൂർ മാതിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പൗരത്വ നിയമ ഭേദഗതി ആരുടെയും പൗരത്വം തട്ടിയെടുക്കാനല്ല, പൗരത്വം നൽകാനുള്ളതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കൊൽക്കത്ത തുറമുഖം ട്രസ്റ്റിന്റെ 150-ാം വാർഷിക ചടങ്ങുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കഴിഞ്ഞ ദിവസം കൊൽക്കത്തയിലെത്തിയ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പൗരത്വ നിയമ ഭേദഗതി, എൻസിആർ, ദേശീയ ജനസംഖ്യ രജിസ്റ്റർ തുടങ്ങിയ വിഷയങ്ങൾ പുന: പരിശോധിക്കണമെന്ന് മമതാ ബാനർജി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

എന്താണ് പൗരത്വ നിയമഭേദഗതിയെന്ന് ആവർത്തിച്ച് വിശദീകരിച്ചിട്ടും പ്രതിപക്ഷം ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താനാണ് ശ്രമിക്കുന്നത്. പാകിസ്താനിൽ ന്യൂനപക്ഷം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് ലോകം മുഴുവൻ അറിയാം. 70 വർഷമായി ന്യൂനപക്ഷങ്ങൾക്കെതിരെ അതിക്രമം നടത്തിയതിന് പാകിസ്താൻ ഉത്തരം നൽകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ പാരമ്പര്യത്തേയും സംസ്കാരത്തെയും കുറിച്ച് ഞങ്ങൾ അഭിമാനിക്കുന്നുണ്ട്. പൗരത്വ നിയമ ഭേദഗതി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ താൽപര്യങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ഉറപ്പ് നൽകുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് കൊൽക്കത്തയിൽ വ്യാപക പ്രതിഷേധങ്ങളാണ് നടന്നത്.












Click it and Unblock the Notifications