അംബേദ്കർ വിവാദത്തിൽ പ്രതിഷേധം കനത്തു; പാർലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
ഡൽഹി: ഡോ ബിആർ അംബേദ്കറിനെ കുറിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരമാർശത്തിൽ പാർലമെന്റിൽ ഇന്നും പ്രതിഷേധം. സഭ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷ എംപിമാർ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങി. അമിത് ഷാ മാപ്പ് പറയണമെന്ന് ആവർത്തിച്ച് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ പാർലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
ഇന്ന് രാവിലെ തന്നെ പ്രിയങ്ക ഗാന്ധിയുടേയും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയുടേയും നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ പാർലമെന്റ് കവാടത്തിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. ഐആം അംബേദ്കർ എന്നെഴുതിയ പ്ലക്കാർഡുമായി വിജയ് ചൗക്കിൽ നിന്നും മാർച്ച് നടത്തിയാണ് നേതാക്കൾ പാർലമെന്റ് കവാടത്തിലെത്തിയത്. അംബേദ്കറിനെ അപമാനിച്ച അമിത് ഷാ മാപ്പ് പറയണമെന്ന് നേതാക്കൾ ആവർത്തിച്ചു.

വ്യാഴാഴ്ചയിലെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ പാർലമെന്റ് കവാടത്തിൽ ഒരുതരത്തിലുള്ള പ്രതിഷേധങ്ങളും പാടില്ലെന്ന സ്പീക്കർ ഓംബിർലയുടെ നിർദേശം തള്ളിയാണ് പ്രതിപക്ഷം ഇന്നും പ്രതിഷേധം സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത നടപടിക്കെതിരേയും പ്രതിപക്ഷം ആഞ്ഞടിച്ചു. പാർലമെന്റ് പിരിഞ്ഞതിന് ശേഷം സ്പീക്കർ വിളിച്ച് ചേർത്ത ചായ സത്കാരത്തിലും തങ്ങൾ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാക്കൾ അറിയിച്ചു.
പ്രതിപക്ഷ എംപിമാർക്കെതിരെ വധശ്രമത്തിനടക്കം കേസെടുത്തിരിക്കുകയാണെന്നും ഈ സാഹചര്യത്തിൽ സ്പീക്കർ സംഘടിപ്പിക്കുന്ന ചായസത്കാരത്തിൽ പങ്കെടുക്കേണ്ട കാര്യമെന്താണെന്നും നേതാക്കൾ തുറന്നടിച്ചു. സഭയിൽ സംസാരിക്കാൻ പോലുമുള്ള അവസരം ഭരണകക്ഷി തങ്ങൾക്ക് അനുവദിച്ചില്ലെന്നും നേതാക്കൾ പറഞ്ഞു.












Click it and Unblock the Notifications