നിതീഷിന്റെ ആദ്യ ചുവടുവെപ്പ്; പ്രതിപക്ഷ സഖ്യത്തിനായി രാഹുലിന്റെ അടുത്തെത്തി
ദില്ലി: സംയുക്ത പ്രതിപക്ഷ സഖ്യത്തിനായി ആദ്യ ചുവടുവെച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അദ്ദേഹം ഇന്ന് കാണാനെത്തി. ഉപമുഖ്യമന്ത്രി തേജസ്വി യാദവും കൂടിക്കാഴ്ച്ചയിലുണ്ടായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ദില്ലിയിലെ ഖാര്‍ഗെയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.
യോഗത്തില്‍ ജെഡിയു പ്രസിഡന്റ് ലാലന്‍ സിംഗും പങ്കെടുത്തു. പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള ചരിത്രപരമായ നടപടിയാണിതെന്ന് രാഹുല്‍ പറഞ്ഞു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള പ്രതിപക്ഷത്തിന്റെ നിര്‍ണായക ചുവടുവെപ്പാണിത്. നിതീഷ് കുമാര്‍ ചൊവ്വാഴ്ച്ചയാണ് ദില്ലിയിലെത്തിയത്. രാഹുലിനെ കൂടാതെ പ്രതിപക്ഷത്തെ സുപ്രധാന നേതാക്കളെ നിതീഷ് കാണുമെന്നാണ് സൂചന.

ഇഡി കേസുമായി ബന്ധപ്പെട്ട് തേജസ്വി യാദവ് നേരത്തെ തന്നെ ദില്ലിയിലുണ്ട്. ഇഡി കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചോദ്യം ചെയ്യും. പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാനായി ചരിത്രപരമായ ചുവടുവെപ്പാണിതെന്ന് രാഹുല്‍ പറഞ്ഞു. ഇതൊരു നടപടി ക്രമമാണ്. പ്രതിപക്ഷത്തിന്റെ കാഴ്ച്ചപ്പാട് ജനങ്ങള്‍ക്കായി രൂപപ്പെടുത്തിയെടുക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. ഈ പ്രത്യയശാസ്ത്ര പോരാട്ടത്തില്‍ എല്ലാ പാര്‍ട്ടികളെയും ഞങ്ങള്‍ ഒന്നിച്ച് കൊണ്ടുപോകും. ഈ രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള ആക്രമണത്തെ ഒറ്റക്കെട്ടായി നേരിടുമെന്നും രാഹുല്‍ പറഞ്ഞു.
ചരിത്രപരമായ ഒരു യോഗമാണ് കഴിഞ്ഞത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഒന്നിപ്പിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. സാധ്യമായ അത്രയും പാര്‍ട്ടികളെ പ്രതിപക്ഷ നിരയില്‍ കോര്‍ത്തിണക്കാനാണ് ശ്രമം. ഭാവിയില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി. നേരത്തെ നിതീഷ് കുമാര്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെ കണ്ടിരുന്നു.
കന്നട രുചി അതൊന്ന് വേറെ തന്നെയാണ്, ബാംഗ്ലൂര്‍ മുതല്‍ മാംഗ്ലൂര്‍ വരെ, കഴിച്ചിരിക്കണം ഈ ഡിഷുകള്‍
ഈ യോഗത്തിലാണ് പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് സംസാരിച്ചത്. നിതീഷ് കുമാര്‍ നേരത്തെ തന്നെ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം വേണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടതാണ്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ചാല്‍, ബിജെപിയെ നൂറ് സീറ്റില്‍ താഴെയെത്തിക്കാന്‍ സാധിക്കുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. കോണ്‍ഗ്രസും ഇതിനൊപ്പം വേണമെന്നും നിതീഷ് വ്യക്തമാക്കിയിരുന്നു.
അതേസമയം കോണ്‍ഗ്രസുമായുള്ള അവസാന വട്ട ചര്‍ച്ചകള്‍ അവസാനിച്ചതായും, പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കുമെന്നും നിതീഷ് പറഞ്ഞു. അതേസമയം ഖാര്‍ഗെ വൈകാതെ തന്നെ പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ചകള്‍ ആരംഭിക്കും. നേരത്തെ സ്റ്റാലിനുമായും, ഉദ്ധവ് താക്കറെയുമായും അദ്ദേഹം സംസാരിച്ചിരുന്നു. ബിജെപി ഇതര പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ നിതീഷ് നേതൃത്വം നല്‍കുമെന്നാണ് സൂചന. അരവിന്ദ് കെജ്രിവാള്‍, അഖിലേഷ് യാദവ് അടക്കമുള്ളവരെയും അദ്ദേഹം കണ്ടേക്കും.












Click it and Unblock the Notifications