സപ്തംബര്‍ ഏഴിന് പുലര്‍ച്ചെ 1.55; ഐഎസ്ആര്‍ഒ ഉറ്റുനോക്കുന്നു... ആത്മവിശ്വാസമുണ്ടെന്ന് കെ ശിവന്‍
ബെംഗളൂരു: ഇന്ത്യന്‍ ചാന്ദ്രദൗത്യ പേടകമായ ചന്ദ്രയാന്‍ 2 ചാന്ദ്രഭ്രമണപഥത്തില്‍ വിജയകരമായി പ്രവേശിച്ചതില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍. ഭ്രമണപഥത്തിലേക്ക് പേടകം കടക്കുന്ന വേളയില്‍ തങ്ങളുടെ ഹൃദയം അല്‍പ്പനേരം നിലച്ചുപോയെന്ന് അദ്ദേഹം വിശദീകരിച്ചു. ലക്ഷ്യം വിജയം കണ്ടതോടെയാണ് ശ്വാസം നേരെ വീണതെന്നും അദ്ദേഹം പറഞ്ഞു.

പേടകത്തിലെ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുക സപ്തംബര്‍ ഏഴിനാണ്. അന്ന് പുലര്‍ച്ചെ 1.55നാണ് ലാന്‍ഡര്‍ പേടകത്തില്‍ നിന്ന് വേര്‍പ്പെട്ട് ഉപരിതലത്തില്‍ ഇറങ്ങുക. ഈ സമയം ദൃശ്യങ്ങള്‍ കാണുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഐഎസ്ആര്‍ഒ ആസ്ഥാനത്തേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ദൗത്യം വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും കെ ശിവന്‍ പറഞ്ഞു.
ചന്ദ്രയാന്‍ 2 പേടകത്തിന്റെ യാത്ര എല്ലാം ആസൂത്രണം ചെയ്ത പോലെ നടന്നുവെന്നും ലക്ഷ്യം കണ്ടുവെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 9.02നാണ് ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്. ജൂലൈ 22നാണ് ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും ചന്ദ്രയാന്‍ 2 വിക്ഷേപിച്ചത്.
29 ദിവസമായി ഭൂമിയുടെ ഭ്രമണപഥത്തിലായിരുന്നു പേടകം. ഈ മാസം 14നാണ് ഭൂമിയുടെ ഭ്രമണപഥം വിട്ടതും ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി ചന്ദ്രയാന്‍ 2 നീങ്ങിയതും. ഐഎസ്ആര്‍ഒയുടെ ചാന്ദ്രദൗത്യത്തിലെ നിര്‍ണായക ഘട്ടമാണ് ഇപ്പോള്‍ പിന്നിട്ടിരിക്കുന്നത്. വേഗത നിയന്ത്രിച്ച് ദ്രവ എന്‍ജിന്‍ ജ്വലിപ്പിച്ച് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കുക എന്നത് ദൗത്യത്തിലെ നിര്‍ണായക ഘട്ടമായിരുന്നു.
ഇപ്പോള്‍ ചന്ദ്രന്റെ ഏറ്റവും അകലെയുള്ള ഭ്രമണപഥത്തിലാണ് പേടകം. ഇനി ഘട്ടങ്ങളായി സഞ്ചാരപഥം മാറ്റി ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തിലെത്തണം. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ 13 ദിവസമാണ് പേടകം കറങ്ങുക. ശേഷം ദക്ഷിണ ധ്രുവത്തിലേക്ക് പ്രവേശിക്കും.












Click it and Unblock the Notifications