എന്തുകൊണ്ടാണ് പഹൽഗാമിൽ പട്ടാളക്കാർ ഇല്ലാതിരുന്നതെന്ന് പ്രതിപക്ഷം; കേന്ദ്രത്തിന്റെ മറുപടി..
ഡൽഹി: 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിൽ വ്യാഴാഴ്ച നടന്ന സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങൾ ഉയർത്തി പ്രതിപക്ഷം. പാകിസ്ഥാനെതിരെ സർക്കാര് നടപടികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പിന്നാലെയാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ആഭ്യന്തരമന്ത്രി അമിത് ഷായും യോഗം വിളിച്ചത്.
ആക്രമണം നടന്ന പഹൽഗാമിനടുത്തുള്ള വിനോദസഞ്ചാര പുൽമേടായ ബൈസാരനിൽ സുരക്ഷാ സേനയുടെ അഭാവത്തെക്കുറിച്ച് യോഗത്തിൽ പ്രതിപക്ഷം ചോദിച്ചത്.കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് ചോദ്യം ഉന്നയിച്ചത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ആംആദ്മി പാർട്ടി എം പി സഞ്ജയ് സിംഗ് എന്നിവരുൾപ്പെടെ നിരവധിപേർ ചോദ്യത്തെ പിന്തുണച്ചു. ജൂണിൽ ആരംഭിക്കുന്ന വാർഷിക അമർനാഥ് യാത്രയ്ക്ക് മുന്നോടിയായാണ് ബൈസാരൻ പ്രദേശം പതിവ് പോലെ സുരക്ഷിതമാക്കുന്നതെന്ന് സർക്കാർ പറഞ്ഞു.

അമർനാഥ് ഗുഹാ ക്ഷേത്രത്തിലേക്കുള്ള യാത്രാ മധ്യേ ബൈസാരനിൽ വിശ്രമിക്കുന്ന തീർത്ഥാടകകരുടെ സുരക്ഷ ഉറപ്പാക്കാൻ പാത ഔദ്യോഗികമായി തുറക്കുകയും സുരക്ഷാ സേനയെ വിന്യസിക്കുകയും ചെയ്യുന്നു. കേന്ദ്രം പറയുന്നതിനനുസരിച്ച് തീർത്ഥാടന സീസണിൽ സുരക്ഷാ സംവിധാനങ്ങൾ അണിനിരത്തുന്നതിന് മുൻപ് തന്നെ പ്രാദേശിക ടൂർ ഓപ്പറേറ്റർമാർ ഏപ്രിൽ 20 മുതൽ ഈ മേഖലയിലേക്ക് വിനോദ സഞ്ചാരികളെ കൊണ്ടുപോകാൻ തുടങ്ങിയിരുന്നു. ടൂറിസ്റ്റ് സന്ദർശനങ്ങൾ നേരത്തെ ആരംഭിക്കുന്നതിനെക്കുറിച്ച് പ്രാദേശിക ഭരണകൂടത്തെ അറിയിച്ചിട്ടില്ലെന്നും അതിനാൽ സൈനിക വിന്യാസം നടന്നിട്ടില്ലെന്നും യോഗത്തിൽ സർക്കാർ പ്രതിനിധികൾ ഊന്നിപ്പറഞ്ഞു.
ഇന്ത്യയ്ക്ക് സംഭരണശേഷി കുറവാണെങ്കിൽ എന്തിനാണ് സിന്ധു നദീജല കരാർ കേന്ദ്രം താൽക്കാലികമായി നിർത്തിവെച്ചതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ മറ്റൊരു ചോദ്യം. എന്നാൽ ഈ നീക്കം പ്രതീകാത്മകവും തന്ത്രപരവുമായ നടപടിയാണെന്നാണ് പറഞ്ഞത്.
" കർശന നടപടി സ്വീകരിക്കാനുള്ള സർക്കാരിന്റെ ഉദ്ദേശ്യം കാണിക്കുന്നതിനാണ് കരാർ താത്ക്കാലികമായി നിർത്തിവെച്ചത്. ശക്തമായ സന്ദേശം നൽകാനാണ് ഇത് ചെയ്തത്. ഭാവിയിൽ സർക്കാരിന്റെ നിലപാട് എന്തായിരിക്കുമെന്ന് ഈ തീരുമാനം പറയുന്നു, " സർക്കാർ പറയുന്നു.
നിലവിലെ സുരക്ഷാ സാഹചര്യങ്ങളുടെ അവലോകനവുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് യോഗം ആരംഭിച്ചു. ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ ദേവക പഹൽഗാം ആക്രമണത്തിന്റെ ക്രമം, ഇന്റലിജൻസ് ഇൻപുട്ടുകൾ, സംഭവത്തിന് ശേഷം സ്വീകരിച്ച നടപടികൾ എന്നിവ ഉൾക്കൊള്ളുന്ന 20 മിനിട്ട് അവതരണം നടത്തി. സമ്മേളനത്തിൽ വിവിധ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു. ഖാർഗെ, രാഹുൽ ഗാന്ധി എന്നിവർക്ക് പുറമെ ബിജെപി അധ്യക്ഷനും രാജ്യസഭയിലെ സഭാ നേതാവുമായ ജെ പി നദ്ദയും പങ്കെടുത്തു












Click it and Unblock the Notifications