കുല്‍ഭൂഷണ്‍ യാദവുമായി ബന്ധപ്പെട്ട് പാകിസ്താന്‍ നുണ പറയുന്നതായി ഇന്ത്യ
ദില്ലി: പാക് ജയിലില്‍ കഴിയുന്ന മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിനെ മോചിപ്പിക്കാന്‍ മറ്റൊരു ഭീകരനെ വെച്ചുമാറാന്‍ ഇന്ത്യ തയ്യാറായിരുന്നെന്ന വാദം കള്ളമാണെന്ന് ഇന്ത്യ. പാകിസ്താന്റെ ഇത്തരത്തിലൊരു വാദം നുണയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് റാവീഷ് കുമാര്‍ അറിയിച്ചു.
പാക് വിദേശകാര്യമന്ത്രി ഖ്വാജാ മുഹമ്മദ് ആസിഫാണ് ഇന്ത്യയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നത്. 2014ലെ പെഷവാര്‍ ആര്‍മി സ്‌കൂളില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരനെ കുല്‍ഭൂഷണ്‍ യാദവുമായി വച്ചുമാറാന്‍ തയ്യാറാണെന്ന വാഗ്ദാനം ലഭിച്ചെന്നായിരുന്നു പാകിസ്താന്റെ അവകാശവാദം.

ന്യൂയോര്‍ക്കില്‍ ഏഷ്യാ സൊസൈറ്റിയുടെ പരിപാടിയില്‍ സംസാരിക്കവെയാണ് ആസിഫ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍, ഈ വാഗ്ദാനം നല്‍കിയത് ആരാണെന്ന് അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നില്ല. പെഷവാര്‍ സ്‌കൂള്‍ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരന്‍ ഇപ്പോള്‍ അഫ്ഗാനിസ്താനിലെ ജയിലിലാണെന്നും ചൊവ്വാഴ്ച ആസിഫ് പറഞ്ഞിരുന്നു.
എന്നാല്‍, ഇത്തരമൊരു വാദം പാകിസ്താന്റെ പതിവ് കള്ളങ്ങളിലൊന്നാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് റാവീഷ് കുമാര്‍ അറിയിച്ചു. യു എന്‍ പൊതുസഭയില്‍ കശ്മീരിലേതെന്ന് അവകാശപ്പെട്ട് കാണിച്ച ചിത്രം മറ്റൊരു രാജ്യത്തില്‍നിന്ന് പകര്‍ത്തിയതാണെന്ന് തെളിഞ്ഞതുപോലുള്ള കള്ളമാണ് പാകിസ്താന്‍ പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യക്കു വേണ്ടി ചാരവൃത്തി ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുല്‍ഭൂഷണിന്റെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിട്ടുണ്ട്.












Click it and Unblock the Notifications