പുൽവാമ ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് പാകിസ്ഥാന്റെ കുറ്റസമ്മതം; 'അത് നമ്മുടെ തന്ത്രപരമായ മികവ്'
ഇസ്ലാമാബാദ്: പഹൽഗാം ആക്രമണത്തിന് പിന്നാലെ 2019-ൽ പുൽവാമയിൽ 40 അർധസൈനിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതിൽ തങ്ങളുടെ പങ്ക് തുറന്ന് സമ്മതിച്ച് പാകിസ്ഥാൻ. ഉന്നത സൈനിക ഉദ്യോഗസ്ഥരാണ് ഇക്കാര്യം സമ്മതിച്ചത്. വർഷങ്ങൾ നീണ്ട നിഷേധത്തിന് ശേഷമാണ് ഇന്ത്യ-പാക് സംഘർഷം രൂക്ഷമായ വേളയിൽ അവരീ കുറ്റസമ്മതം നടത്തിയ എന്നതാണ് ശ്രദ്ധേയമായ കാര്യം.
വിദേശ ലേഖകർ ഉൾപ്പെടെയുള്ള നിരവധി മാധ്യമപ്രവർത്തകരുടെ മുന്നിൽ വച്ചാണ് പുൽവാമ ഭീകരാക്രമണം പാകിസ്ഥാൻ സൈന്യത്തിന്റെ തന്ത്രപരമായ മികവായിരുന്നു എന്ന് സൈനിക ഉദ്യോഗസ്ഥൻ തുറന്നുസമ്മതിച്ചത്. പാകിസ്ഥാൻ വ്യോമസേനയുടെ (പിഎഎഫ്) ഡയറക്‌ടർ ജനറൽ പബ്ലിക് റിലേഷൻസ് ആയ എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദാണ് ഒരു പത്രസമ്മേളനത്തിൽ ഇക്കാര്യം എടുത്തു പറഞ്ഞത്.

ഇതോടെ പുൽവാമ ആക്രമണത്തിൽ പാകിസ്ഥാന്റെ മുൻ നിലപാടുകൾ തെറ്റാണെന്ന് തെളിയുക മാത്രമല്ല പഹൽഗാം ആക്രമണത്തിലെ അവരുടെ പങ്കിനെക്കുറിച്ചുള്ള സംശയം ഇരട്ടിക്കുകയാണ്. പഹൽഗാം ഭീകരാക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന പാകിസ്ഥാന്റെ അവകാശവാദത്തിനും, ഇന്ത്യയിൽ നിന്ന് തങ്ങളുടെ പങ്കാളിത്തത്തിന് തെളിവ് തേടുമെന്ന പ്രസ്‌താവനയ്ക്കും എതിരാണ് ഔറംഗസേബ് അഹമ്മദിന്റെ തുറന്നുപറച്ചിൽ.
'പാകിസ്ഥാന്റെ വ്യോമാതിർത്തി, കര, ജലാശയങ്ങൾ, ജനങ്ങൾ എന്നിവയ്ക്ക് ഭീഷണിയുണ്ടായാൽ, ഒരു വിട്ടുവീഴ്‌ചയും പാടില്ല. അത് ശ്രദ്ധിക്കപ്പെടാതെ പോകരുത്. നമ്മുടെ രാജ്യത്തോട് നമ്മൾ കടപ്പെട്ടിരിക്കുന്നു. പാകിസ്ഥാൻ ജനതയ്ക്ക് അവരുടെ സായുധ സേനയിലുള്ള അഭിമാനവും വിശ്വാസവും ഞങ്ങൾ എപ്പോഴും ഉയർത്തിപ്പിടിക്കുന്ന ഒന്നാണ്, അതും എന്തുവിലകൊടുത്തും. പുൽവാമയിലെ ഞങ്ങളുടെ തന്ത്രപരമായ മികവിലൂടെ ഞങ്ങൾ അത് ഒരിക്കൽ അറിയിക്കാൻ ശ്രമിച്ചു' എയർ വൈസ് മാർഷൽ ഔറംഗസേബ് പറഞ്ഞു.
വാർത്താ സമ്മേളനത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. ദൃശ്യത്തിൽ ഔറംഗസേബ് പുൽവാമയെ പരാമർശിക്കുമ്പോൾ നാവികസേനാ വക്താവിന്റെ മുഖത്ത് പരിഭ്രാന്തി ഉണ്ടാവുന്നത് വ്യക്തമായിരുന്നു. കഴിഞ്ഞ ആറ് വർഷത്തിൽ അധികമായി പാകിസ്ഥാൻ മൂടിവച്ച രഹസ്യമാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.
ജെയ്‌ഷെ മുഹമ്മദ് ചാവേർ ബോംബ് പൊട്ടിത്തെറിച്ച് 40 സിആർപിഎഫ് ജവാന്മാരുടെ മരണത്തിന് കാരണമായ പുൽവാമ ആക്രമണത്തിൽ പങ്കില്ലെന്ന് പാകിസ്ഥാൻ നിരന്തരം നിലപാട് സ്വീകരിച്ചിരുന്നു. അന്നത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആക്രമണത്തെ ആശങ്കാജനകമായ കാര്യമെന്ന് വിശേഷിപ്പിച്ചെങ്കിലും ആക്രമണത്തിൽ സൈന്യത്തിന്റെ പങ്കിനെ തള്ളികളഞ്ഞിരുന്നു.












Click it and Unblock the Notifications