ജയലളിതയുടെ വിശ്വസ്തന്‍, പിന്നെ ശശികലയുടേയും, പളനിസ്വാമി എല്ലാം നേരത്തേ അറിഞ്ഞു?

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: എഐഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ശശികലയ്‌ക്കെതിരേ സുപ്രീം കോടതി വിധി വന്നതോടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വീണ്ടുമൊരു ട്വിസ്റ്റ്. മുഖ്യമന്ത്രി കസേരയ്ക്കായി ശശികലയും കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വ വുമായിരുന്നു ചൊവ്വാഴ്ച രാവിലെ വരെ പോരടിച്ചത്. എന്നാല്‍ ശശികലയ്ക്ക് തടവുശിക്ഷ വന്നതോടെ കളികള്‍ മാറിമറിഞ്ഞു. പനീര്‍ശെലവത്തെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ ശശികല തന്റെ വിശ്വസ്തന്‍ എടപ്പാടി പളനിസ്വാമിയെ നിയമസഭാ കക്ഷി നേതാവായും തിരഞ്ഞെടുത്തിരിക്കുകയാണ്.

ആരാണ് പളനിസ്വാമി

തമിഴ്‌നാട് രാഷ്ട്രീയത്തിന് പളനിസ്വാമി അത്ര അപരിചിതനല്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലു വട്ടം ജയിച്ച് കരുത്തുകാണിച്ച വ്യക്തിയാണ് അദ്ദേഹം. നിലവില്‍ സംസ്ഥാനത്തിന്റെ ഹൈവേ, തുറമുഖ വകുപ്പ് മന്ത്രി കൂടിയാണ് 63 കാരനായ പളനിസ്വാമി. ഏഴു കോടിയിലധികം വരുമാനമുള്ള പളനിസ്വാമി ബിഎസ്എസി അഗ്രിക്കള്‍ച്ചര്‍ ബിരുദദാരി കൂടിയാണ്.

എടപ്പാടി വിട്ടൊരു കളിയില്ല

എടപ്പാടി നിയമസഭാ മണ്ഡലം പളനിസ്വാമിക്ക് സ്വന്തം തറവാട് പോലെയാണ്. നാലു തവണയും ഇവിടെ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. എഐഡിഎംകെയ്ക്കു വേണ്ടിത്തന്നെയാണ് നാലു തവണയും അദ്ദേഹം മല്‍സരിച്ചത്. 1989, 1991, 2011, 2016 വര്‍ഷങ്ങളിലായിരുന്നു ഇത്.

ജയലളിതയ്ക്ക് പ്രിയപ്പെട്ടവന്‍

മുന്‍ മുഖ്യമന്ത്രി ജയലളിതയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തി കൂടിയാണ് പളനിസ്വാമി. ജയലളിതയുടെ വിയോഗത്തോടെ പാര്‍ട്ടി പനീര്‍ശെല്‍വം- ശശികല ഗ്രൂപ്പുകളായി മാറിയെങ്കിലും പളനിസ്വാമി ശശികലയ്‌ക്കൊപ്പം തന്നെ നിലകൊണ്ടു.

പളനിസ്വാമി ഭരണത്തിലേക്ക്

തികച്ചും അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് പളനിസ്വാമി തമിഴ് രാഷ്ട്രീയത്തിലെ നിര്‍ണാക സാന്നിധ്യമായി മാറിയത്. കോടതി വിധി വന്ന ശേഷം ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് ശശികല പളനിസ്വാമിയെ നേതാവായി പ്രഖ്യാപിച്ചത്.

നേരത്തേ കേട്ടത്

കോടതി വിധി തനിക്കെതിരേ വന്നാല്‍ ശശികലയ്ക്ക് മറ്റൊരു പദ്ധതിയാണ് നേരത്തേയുണ്ടായിരുന്നത്. സെങ്കോട്ടയ്യനെ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവരുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി ശശികല പളനിസ്വാമിയുടെ പേര് പ്രഖ്യാപിച്ചപ്പോള്‍ അണികള്‍ ഞെട്ടി.

പളനിസ്വാമിക്ക് പിന്തുണ

നേരത്തേ ശശികലയുടെ ക്യാംപിലുണ്ടായിരുന്ന എംഎല്‍എമാര്‍ പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനത്തേക്കു പിന്തുണച്ചു കഴിഞ്ഞു. 125 എംഎല്‍എമാര്‍ തനിക്കൊപ്പമാണെന്ന് പളനിസ്വാമി അറിയിച്ചു. ഇവരുടെ ഒപ്പോട് കൂടിയ കത്ത് അദ്ദേഹം ഗവര്‍ണര്‍ക്കു അയച്ചതായും മറുപടിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേയും പരിഗണിക്കപ്പെട്ടു

അസുഖത്തെ തുടര്‍ന്ന് ജയലളിത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ കാവല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കു ഒ പനീര്‍ശെല്‍വത്തിനൊപ്പം പളനിസ്വാമിയെയും പരിഗണിച്ചിരുന്നു. എന്നാല്‍ ജയലളിതയുമായി കൂടുതല്‍ അടുപ്പമുള്ളതിനാല്‍ പനീര്‍ശെല്‍വത്തിന് നറുക്കുവീഴുകയായിരുന്നു.

ഇനി പളനിസ്വാമി പനീര്‍ശെല്‍വം പോര്

ശശികല ചിത്രത്തില്‍ നിന്നു തന്നെ പുറത്തായതോടെ ഭരണത്തിനായി സംസ്ഥാനത്തെ രണ്ടു എംഎല്‍എമാര്‍ തന്നെ മുഖാമുഖം വരുമെന്ന് ഉറപ്പായിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട പനീര്‍ശെല്‍വം പളനിസ്വാമിയെ വീഴ്ത്താന്‍ എന്തായിരിക്കും അടുത്ത പദ്ധതിയിടുന്നത് എന്നാണ് ഇനി ഉറ്റുനോക്കുന്നത്.

English summary
Palaniswamy is aidmk's senior leader. He won four times from edappadi constituency.
Please Wait while comments are loading...