സിബിഎസ്ഇ ചോദ്യങ്ങള്‍ക്കെതിരെ സോണിയ, ടിഎംസിയുടെ നോട്ടീസ്, പാര്‍ലമെന്റില്‍ ഇന്ന് സംഭവിച്ചത്
ദില്ലി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ പതിനൊന്നാം ദിനമായ ഇന്നും സംഭവബഹുലമായ കാര്യങ്ങളാണ് സഭയില്‍ നടന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സിബിഎസ്ഇയുടെ സ്ത്രീവിരുദ്ധമായ ചോദ്യങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ചു. പത്താം ക്ലാസ് പരീക്ഷാ പേപ്പറിലായിരുന്നു വിവാദമായ പരാമര്‍ശമുണ്ടായത്. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസായ രഞ്ജന്‍ ഗൊഗോയിക്കെതിരെ അവകാശലംഘന നോട്ടീസ് കൊണ്ടുവന്നതും ഇന്നത്തെ പ്രധാന വിഷയമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി അയോധ്യ വിധിയുമായി ബന്ധപ്പെട്ട് ഗൊഗോയ് നടത്തിയ പരാമര്‍സങ്ങള്‍ വലിയ വിവാദമായിരുന്നു.

അതേസമയം സസ്‌പെന്‍ഷനിലായ പന്ത്രണ്ട് പ്രതിപക്ഷ എംപിമാര്‍ ഇന്നും പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു. സോണിയയുടെ അതിരൂക്ഷ വിമര്‍ശനമാണ് ഇന്ന് പാര്‍ലമെന്റില്‍ ഉയര്‍ന്നത്. സ്ത്രീകളുടെ വിമോചനം കാരണം രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് മേലുണ്ടായിരുന്ന നിയന്ത്രണാധികാരം നഷ്ടമായതെന്നും, ഭര്‍ത്താവിന്റെ ഇംഗിതത്തിന് വഴങ്ങുന്നത് കൊണ്ട് മാത്രമാണ് കുട്ടികള്‍ക്ക് മേല്‍ അമ്മയ്ക്ക് അധികാരം നേടാന്‍ സാധിക്കൂ എന്നും ഇംഗ്ലീഷ് ചോദ്യ പേപ്പറില്‍ പറയുന്നുണ്ട്. ഇതിനെ ശൂന്യ വേളയിലാണ് സോണിയാ ഗാന്ധി ചോദ്യം ചെയ്തത്. മോദി സര്‍ക്കാര്‍ മാപ്പുപറയണമെന്നും സോണിയ ആവശ്യപ്പെട്ടു.
ചോദ്യം പിന്‍വലിക്കണമെന്നും, ഇത്രയും വലിയ പിഴവ് പുനപ്പരിശോധിക്കണമെന്നും സോണിയ ആവശ്യപ്പെട്ടു. വിഷയത്തില്‍ വ്യക്തത ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, ഡിഎംകെ, മുസ്ലീം ലീഗ്, എന്‍സിപി, നാഷണല്‍ കോണ്‍ഫറന്‍സ് എന്നിവര്‍ ലോക്‌സഭയില്‍ നിന്ന് ഇറങ്ങി പോയി. അതേസമയം തൃണമൂല്‍ അവകാശലംഘന നോട്ടീസും രാജ്യസഭയില്‍ കൊണ്ടുവന്നു. അദ്ദേഹത്തിന്റെ അഭിമുഖം സഭയുടെ അന്തസ്സിന് നിരക്കാത്തതാണെന്ന് തൃണമൂല്‍ ആരോപിക്കുന്നു. നേരത്തെ ജസ്റ്റിസ് ഫോര്‍ ദ ജഡ്ജ് എന്ന ആത്മകഥയില്‍ അയോധ്യാ വിധിയെ കുറിച്ച് അടക്കം പറയുന്നുണ്ട്. നേരത്തെ രാജ്യസഭാ നോമിനേഷന്‍ അദ്ദേഹത്തിന് ലഭിച്ചത് ഈ വിധിയെ തുടര്‍ന്നാണെന്ന് ആരോപണമുയര്‍ന്നിരുന്നു.
നാര്‍ക്കോട്ടിക്‌സ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള ബില്‍ ലോക്‌സഭയില്‍ ഇന്ന് കൊണ്ടുവന്നു. എന്നാല്‍ ബിജു ജനതാദള്‍ അംഗം ബ്രാര്‍തൃഹരി മഹ്തബ് ഈ ബില്ലിനെ എതിര്‍ത്തു. നിയമവിരുദ്ധമായ ബില്ലെന്നാണ് വിശേഷിപ്പിച്ചത്. ഒരു പിഴവിനെ ഇല്ലാതാക്കാന്‍ വേറൊരു പിഴവാണ് കൊണ്ടുവരുന്നത്. ഇത് തീര്‍ച്ചയായും കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നും മഹ്തബ് പറഞ്ഞു. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ 41177 ഒഴിവുകളുണ്ടെന്ന് ധനമന്ത്രി ലോക്‌സഭയില്‍ വ്യക്താക്കി. എസ്ബിഐയിലാണ് കൂടുതല്‍ ഒഴിവുകള്‍. അതേസമയം പാര്‍ലമെന്റ് ആക്രമണത്തിനിടെ ഭീകരരുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ച ധീരജവാന്മാരെ പാര്‍ലമെന്റിന്റെ ഇരുസഭകളും അനുസ്മരിച്ചു. ഇവര്‍ക്ക് ശ്രദ്ധാഞ്ജലിയും അര്‍പ്പിച്ചു.












Click it and Unblock the Notifications