പ്രായവും ദേശവും പലത്, ആകെയുള്ള ബന്ധം അതുമാത്രം! പ്രതികളിലൊരാള്‍ നേരത്തേയും പാര്‍ലമെന്റില്‍ എത്തി
ന്യൂദല്‍ഹി: ലോക്‌സഭാ ചേംബറില്‍ ചാടിക്കയറി കളര്‍ സ്‌മോക്ക് ക്യാനിസ്റ്ററുകള്‍ പൊട്ടിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതികളിലൊരാളായ മൈസൂര്‍ സ്വദേശിയായ മനോരഞ്ജന്‍ നേരത്തേയും പാര്‍ലമെന്റില്‍ എത്തിയതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. പാര്‍ലമെന്റിലെ സുരക്ഷാ നടപടികള്‍ മനസിലാക്കുന്നതിനായിരുന്നു ഇത്. പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുത്തതായി ചോദ്യം ചെയ്യലില്‍ മനോരഞ്ജന്‍ പറഞ്ഞു എന്നാണ് വിവരം.
ഇവിടത്തെ സുരക്ഷാ പരിശോധനകള്‍ മനസിലാക്കുന്നതിനായിരുന്നു ഇത്. ഈ സമയത്താണ് പാര്‍ലമെന്റിലെ സന്ദര്‍ശകരെ ഒന്നിലധികം തവണ പരിശോധിക്കുമ്പോഴും സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരുടെ ഷൂസ് പരിശോധിക്കുന്നില്ലെന്ന് അദ്ദേഹം മനസിലാക്കിയത്. ഇന്നലെ മനോരഞ്ജനും സാഗര്‍ ശര്‍മ്മയും ഷൂസിനുള്ളില്‍ കളര്‍ സ്‌മോക്ക് ക്യാനിസ്റ്ററുകള്‍ ഒളിപ്പിച്ചാണ് പാര്‍ലമെന്റിന് ഉള്ളിലേക്ക് എത്തിയത്.

തുടര്‍ന്ന് ബി ജെ പി എം പി പ്രതാപ് സിംഹയുടെ ഓഫീസില്‍ നിന്ന് നല്‍കിയ പാസുകളുമായി അവര്‍ സന്ദര്‍ശക ഗാലറിയിലേക്ക് എത്തി. സുരക്ഷാ പരിശോധനകള്‍ കഴിഞ്ഞ ശേഷം ഉള്ളിലെത്തിയ ഇരുവരും സന്ദര്‍ശക ഗാലറിയില്‍ നിന്ന് ചേമ്പറിലേക്ക് ചാടി കളര്‍ സ്‌മോക്ക് ക്യാനിസ്റ്ററുകള്‍ പൊട്ടിക്കുകയായിരുന്നു. അതേസമയം സന്ദര്‍ശക പാസിനായി തന്നെ സമീപിച്ചത് മനോരഞ്ജന്റെ പിതാവാണെന്ന് മൈസൂരു എംപി സ്പീക്കര്‍ക്ക് നല്‍കിയ മറുപടിയില്‍ വിശദീകരിച്ചു.
എംപിമാര്‍ അവരുടെ നിയോജക മണ്ഡലത്തിലുള്ളവര്‍ക്കായി പാസുകള്‍ നല്‍കാറുണ്ട്. ഇത് വഴി അവര്‍ക്ക് പാര്‍ലമെന്റ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് നേരിട്ടറിയാന്‍ സാധിക്കും. മണിപ്പൂരിലെ അശാന്തിയും തൊഴിലില്ലായ്മയും കര്‍ഷകരുടെ പ്രശ്നങ്ങളും ഉയര്‍ത്തിക്കാട്ടുകയാണ് തങ്ങളുടെ നീക്കത്തിന് പിന്നിലെന്ന് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാലുപേരും പൊലീസിനോട് പറഞ്ഞതായാണ് വിവരം.
ജൂലൈയില്‍ മണ്‍സൂണ്‍ സെഷനില്‍ സാഗര്‍ ശര്‍മ ദല്‍ഹിയില്‍ എത്തിയതായും പൊലീസ് ചോദ്യം ചെയ്യലില്‍ കണ്ടെത്തിയതായി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ പാര്‍ലമെന്റില്‍ പ്രവേശനം ലഭിക്കാത്തതിനാല്‍ പുറത്തുള്ള സുരക്ഷാ ക്രമീകരണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയതിന് നീലം ആസാദ്, അമോല്‍ ഷിന്‍ഡെ എന്നിവരേയും ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഭീകരവിരുദ്ധ നിയമം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) ആക്ട്, ഐപിസി എന്നിവ പ്രകാരമാണ് നാലുപേര്‍ക്കെതിരെയും കുറ്റം ചുമത്തിയിരിക്കുന്നത്. മറ്റൊരു പ്രതിയായ വിക്കി ശര്‍മ്മയെയും ഭാര്യ രേഖയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ലളിത് ഝാ ഇപ്പോഴും ഒളിവിലാണ്. ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ 2001ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷികമായിരുന്നു ഇന്നലെ.
പ്രതികള്‍ എല്ലാവരും വളരെ വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസ പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരും സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നുള്ളവരും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവരുമാണ്. ഇവരുടെ പ്രായവും വ്യത്യസ്തമാണ്. അതേസമയം ഇവരെല്ലാം 'ഭഗത് സിംഗ് ഫാന്‍ ക്ലബ്' എന്ന സോഷ്യല്‍ മീഡിയ പേജിലെ അംഗങ്ങളാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications