പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച: തൊഴിലില്ലായ്മയാണ് കാരണമെന്ന് രാഹുല്‍, 'ഉത്തരവാദി മോദി'
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയം മൂലമുള്ള തൊഴിലില്ലായ്മയാണ് പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയ്ക്ക് കാരണമെന്ന് കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദിയുടെ നയം കാരണം രാജ്യത്തെ പൗരന്മാര്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ല. തൊഴിലില്ലായ്മയാണ് സുരക്ഷാവീഴ്ചയ്ക്ക് കാരണമെന്ന് രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ത്യന്‍ ജനത ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്മയാണെന്നും അദ്ദേഹം പറഞ്ഞു.
'സുരക്ഷാ ലംഘനം ശരിക്കും സംഭവിച്ചു. പക്ഷേ, എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്? പ്രധാന പ്രശ്‌നം തൊഴിലില്ലായ്മയാണ്. മോദി ജിയുടെ നയങ്ങള്‍ കാരണം ഇന്ത്യയിലെ ജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ല,' രാഹുല്‍ കൂട്ടിച്ചേര്‍ത്തു. എന്‍ ഡി എയുടെ ഭരണത്തിന് കീഴില്‍ തൊഴിലില്ലായ്മയും വിലക്കയറ്റവും രാജ്യത്ത് രൂക്ഷമായി എന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

അതിനിടെ പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്തെത്തി. അമിത് ഷാ വിഷയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും എന്നാല്‍ സഭയില്‍ പ്രസ്താവനകള്‍ നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് സുരക്ഷാ ലംഘനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന അമിത് ഷായുടെ ആരോപണവും അദ്ദേഹം തള്ളി.
2001-ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷിക വേളയില്‍ ഡിസംബര്‍ 13-ന് ആണ് പാര്‍ലമെന്റില്‍ ഗുരുതരമായ സുരക്ഷാ വീഴ്ച ഉണ്ടായത്. രണ്ട് പേര്‍ സന്ദര്‍ശ ഗ്യാലറിയില്‍ നിന്ന് ലോക്‌സഭാ ചേംബറിലേക്ക് ചാടിക്കയറി കളര്‍ ഗ്യാസ് കാനിസ്റ്ററുകള്‍ പൊട്ടിക്കുകയായിരുന്നു. ഇതേസമയം മറ്റ് രണ്ട് പേര്‍ പാര്‍ലമെന്റിന് പുറത്തും കളര്‍ ഗ്യാസ് കാനിസ്റ്ററുകള്‍ പൊട്ടിച്ച് പ്രതിഷേധിക്കുന്നുണ്ടായിരുന്നു.
എം പിമാരും പാര്‍ലമെന്റ് സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ഇവരെ കീഴടക്കിയതോടെയാണ് സംഘര്‍ഷം അവസാനിച്ചത്. നാല് പേരേയും അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീടാണ് മുഖ്യ സൂത്രധാരനായ ലളിത് ഝായെ കസ്റ്റഡിയില്‍ എടുത്തത്. ലളിത് ഝാ ദല്‍ഹി പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ആറ് പേരാണ് നിലവില്‍ ഇതുവരെ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായിരിക്കുന്നത്.
അതേസമയം പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയെച്ചൊല്ലി കേന്ദ്രത്തിനെതിരെ പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. ബി ജെ പി എം പി പ്രതിപ് സിംഹയുടെ പേരില്‍ ആണ് കേസിലെ ആറ് പ്രതികളില്‍ രണ്ട് പേര്‍ക്ക് സന്ദര്‍ശക പാസ് നല്‍കിയത്. ഇത് ആയുധമാക്കിയാണ് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ബി ജെ പിയെ ആക്രമിക്കുന്നത്. പ്രതികള്‍ക്കെതിരെ യുഎപിഎ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.












Click it and Unblock the Notifications