അരവിന്ദ് കെജ്രിവാളിനെ നേരിടാൻ പർവേശ് വെർമ; ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി
ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബി ജെ പി. 29 പേരടങ്ങുന്ന പട്ടികയാണ് പ്രഖ്യാപിച്ചത്. ന്യൂഡൽഹി മണ്ഡലത്തിൽ ആം ആദ്മി കൺവീനർ അരവിന്ദ് കെജ്രിവാളിനെതിരെ വെസ്റ്റ് ഡൽഹി എംപി പർവേഷ് വെർമയാണ് സ്ഥാനാർത്ഥി. മുഖ്യമന്ത്രി അതിഷിക്കെതിരെ കൽകജി മണ്ഡലത്തിൽ നിന്നും എംപി രമേശ് ബിദൂരി മത്സരിക്കും.
മുൻ ആം ആദ്മി നേതാവും മന്ത്രിയുമായിരുന്ന കൈലാഷ് ഗെഹ്ലോട്ടിനനെ ബിജ്വാസൻ മണ്ഡലത്തിൽ നിന്നാണ് മത്സരിപ്പിക്കുന്നത്. നേരത്തേ നജാഫ്ഗഡിൽ നിന്നാണ് കൈലാഷ് ഗെഹ്ലോട്ട് മത്സരിച്ചിരുന്നത്. അതേസമയം ഗാന്ധി നഗർ എംഎൽഎ അനിൽ ബാജ്‌പേയിക്ക് ഇക്കുറി സീറ്റ് നൽകിയല്ല. ഇദ്ദേഹത്തിന് പകരമായി മുൻ ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അരവിന്ദർ സിംഗ് ലൗലിക്ക് ആണ് പാർട്ടി ടിക്കറ്റ് നൽകിയത്. മുൻ ആം ആദ്മി നേതാവാണ് അനിൽ കുമാർ. 2020 ലാണ് ഇദ്ദേഹം പാർട്ടി വിട്ട് ബി ജെ പിയിലെത്തിയത്. തുടർന്ന് ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

അതേസമയം 2020 ൽ ബി ജെ പി വിജയിച്ച കർവാൾ നഗർ, ലക്ഷ്മി നഗർ എന്നീ മണ്ഡലങ്ങളിൽ നിന്നും ഇതുവരെ പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ചില മണ്ഡലങ്ങളിൽ ഇതുവരേയും സ്ഥാനാർത്ഥികളെ കണ്ടെത്താൻ ബി ജെ പിക്ക് സാധിച്ചിട്ടില്ലെന്നാണ് വിവരം. ഇതുമൂലമാണ് ഡിസംബറിൽ പ്രഖ്യാപിക്കുമെന്ന് കരുതിയ ബി ജെ പിയുടെ ആദ്യ പട്ടിക ഇത്രയും വൈകാൻ കാരണമായതെന്നാണ് കരുതപ്പെടുന്നത്.
അതിനിടെ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് സംസ്ഥാന ബി ജെ പി നേതൃത്വത്തിൽ വലിയ അഴിച്ചുപണി നേതൃത്വം നടത്തിയേകുമെന്നാണ് സൂചന. എസ് സി, എസ് ടി, അല്ലെങ്കിൽ ഒ ബി സി വിഭാഗങ്ങളിൽ നിന്നുള്ള നേതാവിനെയായിരിക്കും അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയെന്നാണ് വിവരം. മുതിർന്ന നേതാവിനായിരിക്കും നറുക്ക് വീഴുകയെന്നുള്ള റിപ്പോർട്ടുകളും ഉണ്ട്.
ഇത്തവണ അതിശക്തമായ പോരാട്ടത്തിനാണ് ഡൽഹിയിൽ കളമൊരുങ്ങിയിരിക്കുന്നത്. 2020 ലെ നിയമസഭ തിരഞ്ഞടെുപ്പിൽ 70 ൽ 62 സീറ്റുമായാണ് ആം ആദ്മി ഭരണം നിലനിർത്തിയത്. അന്ന് എട്ട് സീറ്റുകൾ മാത്രമേ ബി ജെ പിക്ക് നേടാൻ സാധിച്ചിരുന്നുള്ളൂ. കോൺഗ്രസ് സംപൂജ്യരായി. ആം ആദ്മിക്കെതിരായ അഴിമതിയാരോപണങ്ങൾ ഉയർത്തിയാണ് ഇത്തവണ ബി ജെ പി വോട്ട് തേടുന്നത്.












Click it and Unblock the Notifications