പട്ടേൽ വിഭാഗം തുണയ്ക്കില്ല; ഗുജറാത്തിൽ തലപുകഞ്ഞ് ബിജെപി, ഇനി ലക്ഷ്യം ഒബിസി വോട്ടുകൾ
ദില്ലി: ഗുജറാത്തിൽ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് ഒ ബി സി വോട്ടുകൾ ലക്ഷ്യം വെച്ച് തന്ത്രം മെനഞ്ഞ് ബി ജെ പി. ഗുജറാത്തിലെ ജനസംഖ്യയുടെ ഏകദേശം 52 ശതമാനം ഒ ബി സി വിഭാഗമാണ്. ഇതിലെ പ്രബലർ അല്ലാത്ത സമുദായങ്ങളിലാണ് ബി ജെ പി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഗുജറാത്തിൽ ഒ ബി സി വിഭാഗത്തിന് കീഴിൽ 146 സമുദായങ്ങളുണ്ട്.

ഒ ബി സി സമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കാനായി സംസ്ഥാനത്ത് ഉടനീളം 'സ്നേഹ മിലൻ ' സമ്മേളനങ്ങൾ ബി ജെ പി നടത്തുന്നുണ്ട്. മികച്ച പിന്തുണയാണ് പരിപാടികളിൽ ബി ജെ പിക്ക് ലഭിക്കുന്നതെന്നും സംസ്ഥാനത്ത് വൻ വിജയം നേടാൻ ഈ പിന്തുണ മാത്രം മതിയെന്നും പാർട്ടിയോട് അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു.

സംസ്ഥാനത്തെ പ്രബല വിഭാഗമായ പാട്ടീദാർ വിഭാഗത്തിന്റെ പിന്തുണ കുറഞ്ഞ് വരുന്ന സാഹചര്യത്തിലാണ് ഒ ബി സി വോട്ടുകൾ ലക്ഷ്യം വെച്ച് ബി ജെ പി നീങ്ങുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പി വലിയ തിരിച്ചടി നേരിട്ടതിന് കാരണം പാട്ടീദാർ സമുദായത്തിന്റെ പിന്തുണ ലഭിക്കാതിരുന്നതിനാലാണ്. പാട്ടീർദാർ വിഭാഗത്തിന് സംവരണം നൽകുന്നതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളിലായിരുന്നു ബി ജെ പിക്ക് കൈ പൊള്ളിയത്. ഇതേ അതൃപ്തികൾ സമുദായത്തിനിടയിൽ രൂക്ഷമാണെന്നാണ് റിപ്പോർട്ട്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത് പ്രകടമായിരുന്നു. സൂറത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബി ജെ പിയെ തഴഞ്ഞ് പാട്ടീദാർ വിഭാഗം പിന്തുണച്ചത് ആം ആദ്മിയെ ആണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആദ്യ പോരാട്ടത്തിന് ഇറങ്ങിയ ആപ് അന്ന് ഞെട്ടിക്കുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചത്.

പാട്ടിദാർമാരെ തൃപ്തിപ്പെടുത്താനുള്ള തന്ത്രമെന്ന നിലയിൽ വിജയ് രൂപാണിയെ മാറ്റി ഭൂപേന്ദ്ര പട്ടേലിനെ ബി ജെ പി മുഖ്യമന്ത്രിയാക്കിയെങ്കിലും ഇത് വലിയ രീതിയിൽ വിജയം കണ്ടേക്കില്ലെന്ന് തന്നെയാണ് പാർട്ടി വൃത്തങ്ങൾ അടക്കം പറയുന്നത്. എന്നിരുന്നാലും നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് ഇനി പുതിയ മുഖ്യമന്ത്രിയെ നിയമിക്കാനുള്ള സാധ്യത ഇല്ലെന്നാണ് ബി ജെ പി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 182 സീറ്റിൽ 150 സീറ്റുകൾ നേടി സംസ്ഥാന ഭരണം നിലനിർത്തണമെന്നാണ് ബി ജെ പി സ്വപ്നം കാണുന്നത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വെറും 99 സീറ്റുകൾ മാത്രമായിരുന്നു ബി ജെ പിക്ക് ലഭിച്ചത്. സംസ്ഥാന ഭരണം ലഭിച്ചതിന് ശേഷമുള്ള ബി ജെ പിയുടെ ഏറ്റവും കുറഞ്ഞ സീറ്റുകളായിരുന്നു ഇത്. പാട്ടീദാർ പ്രക്ഷോഭ നേതാവായ ഹർദിക് പട്ടേലിന് കീഴിൽ പട്ടേൽ സമുദായം കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതോടെയായിരുന്നു ഇത്. സൂറത്ത് അടക്കമുള്ള ബി ജെ പി കോട്ടകളിൽ പോലും പാർട്ടി കനത്ത പരാജയം രുചിച്ചു. അതേസമയം മറ്റൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ ഹാർദിക് ബി ജെ പി ക്യാമ്പിൽ എത്തി കഴിഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിൽ ഇത് ബി ജെ പിയെ തുണയ്ക്കുമോയെന്ന് കാത്തിരുന്ന് കാണാം.
അനുശ്രീ, ആരെങ്കിലും ഈ ഹൃദയത്തിൽ കയറിയോ? എജ്ജാതി എക്സ്പ്രഷൻസ് ആണ്?'; വൈറലായി ചിത്രങ്ങൾ












Click it and Unblock the Notifications