ഹിന്ദി ഇതര സംസ്ഥാനങ്ങളിലെ ജനങ്ങൾ ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണം; അമിത് ഷാ
ഡൽഹി: ഹിന്ദി ഇതര സംസ്ഥാനങ്ങളിലെ ജനങ്ങൾ പരസ്പരം ആശയവിനിമയം നടത്തേണ്ടത് ഇംഗ്ലീഷിലല്ല, ഹിന്ദിയിലായിരിക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യാഴാഴ്ച നിർദ്ദേശിച്ചു. പാർലമെന്ററി ഔദ്യോഗിക ഭാഷാ സമിതിയുടെ 37-ാമത് യോഗത്തിൽ ആണ് ഷാ ഇക്കാര്യം പറഞ്ഞത്. ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഹിന്ദിയിൽ പ്രാഥമിക പരിജ്ഞാനം നൽകേണ്ടതിന്റെ ആവശ്യകതയും ഹിന്ദി അധ്യാപന പരീക്ഷകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകതയും ആഭ്യന്തര മന്ത്രി ഊന്നിപ്പറഞ്ഞു.
Recommended Video
"സർക്കാർ ഭരണത്തിന്റെ മാധ്യമം ഔദ്യോഗിക ഭാഷയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചു, ഇത് തീർച്ചയായും ഹിന്ദിയുടെ പ്രാധാന്യം വർദ്ധിപ്പിക്കും. ഇപ്പോൾ ഔദ്യോഗിക ഭാഷയെ രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രധാന ഭാഗമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മറ്റ് ഭാഷകൾ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പൗരന്മാർ പരസ്പരം ആശയവിനിമയം നടത്തുമ്പോൾ അത് ഇന്ത്യയുടെ ഭാഷയിലായിരിക്കണം," ഷാ പറഞ്ഞതായി ആഭ്യന്തര മന്ത്രാലയം ഉദ്ധരിച്ചു.

രാജ്യത്തിന്റെ ഐക്യത്തിന് വളരെ പ്രധാനമാണ് ഈ തീരുമാനം. എന്നാൽ പ്രാദേശിക ഭാഷ ഉയപോ ഗിക്കുന്നതിൽ അല്ല നിയന്ത്രണം വരുത്തേണ്ടത്. ഇം ഗ്ലീഷ് സംസാരിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ ഇം ഗ്ലീഷിന് പകരം ഹിന്ദി സംസാരിക്കാൻ ആണ് പ്രാധാന്യം നൽകേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റ് പ്രാദേശിക ഭാഷകളിലെ വാക്കുകൾ സ്വീകരിച്ച് ഹിന്ദി കൂടുതൽ അയവുള്ളതാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. നിലവിൽ ഔദ്യോഗിക ഭാഷാ സമിതിയുടെ ചെയർപേഴ്‌സൺ കൂടിയാണ് അമിത് ഷാ. മന്ത്രിസഭയുടെ അജണ്ടയുടെ 70 ശതമാനവും ഇപ്പോൾ ഹിന്ദിയിലാണ് തയ്യാറാക്കുന്നത്.
വടക്കുകിഴക്കൻ പ്രദേശങ്ങളിൽ എട്ട് സംസ്ഥാനങ്ങളിലായി 22,000 ഹിന്ദി അധ്യാപകരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും. മേഖലയിലെ ഒമ്പത് ആദിവാസി സമൂഹങ്ങൾ അവരുടെ ഭാഷകളുടെ ലിപികൾ ദേവനാഗരിയിലേക്ക് പരിവർത്തനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അധികാരികളും യുവാക്കളും ഹിന്ദി കൂടുതലായി ഉപയോഗിക്കുന്നതിന് ഷാ തുടർച്ചയായി പ്രേരിപ്പിച്ചിട്ടുണ്ട്, കൂടാതെ ഇന്ത്യയുടെ സംസ്കാരവും മൂല്യവ്യവസ്ഥകളും സംരക്ഷിക്കപ്പെട്ടത് പ്രാഥമികമായി ഭാഷ കാരണമാണെന്നും ഷാ പറഞ്ഞു.
2019-ൽ, ഹിന്ദി ദിവസിൽ "ഒരു രാഷ്ട്രം, ഒരു ഭാഷ" എന്ന ആശയം അദ്ദേഹം മുന്നോട്ടുവച്ചിരുന്നു. "ഇന്ത്യ വ്യത്യസ്ത ഭാഷകളുള്ള രാജ്യമാണ്. ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. എന്നാൽ മുഴുവൻ രാജ്യത്തിനും ഒരു ഭാഷ ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്, അത് ലോകത്തിലെ രാഷ്ട്രത്തിന്റെ ഐഡന്റിറ്റിയായി മാറുന്നു. രാജ്യത്തെ മുഴുവൻ ഒരു നൂലിൽ കെട്ടാൻ കഴിയുന്ന ഏതെങ്കിലും ഭാഷയുണ്ടെങ്കിൽ, അത് ഹിന്ദിയാണ് ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷ." എന്നാണ് ഷാ അന്ന് പറഞ്ഞത്. ഷായുടെ അന്നത്തെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് രൂക്ഷമായ പ്രതികരണമാണ് ഉണ്ടായത്. പിന്നീട് ഹിന്ദി മറ്റേതെങ്കിലും പ്രാദേശിക ഭാഷകളുമായും മത്സരിക്കുന്നില്ലെന്നും അവയെ പൂരകമാക്കുക മാത്രമാണ് ചെയ്യുന്നതെന്നും ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.












Click it and Unblock the Notifications