പ്രധാനമന്ത്രിയുടെ റാലിയില്‍ പങ്കെടുക്കാന്‍ പോയവരുടെ വാഹനം അപകടത്തില്‍പ്പെട്ടു: 3 മരണം, 6 പേർക്ക് പരിക്ക്
റായ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയില്‍ പങ്കെടുക്കാന്‍ ആളുകളുമായി പോയ വാഹനം അപകടത്തില്‍പ്പെട്ട് 3 മരണം. ഛത്തീസ്ഗഡിലെ ബിലാസ്പൂർ ജില്ലയിൽ വെള്ളിയാഴ്ച പുലർച്ചയോടെയാണ് അപകടമുണ്ടായത്. റായ്പൂരില്‍ നടക്കുന്ന പ്രധാനമന്ത്രിയുടെ പരിപാടിയിലേക്ക് ബിജെപി പ്രവർത്തകരുമായി പോകുകയായിരുന്ന വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ 9 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.
അംബികാപൂരിൽ നിന്ന് 40 ലേറെ പാർട്ടി പ്രവർത്തകരുമായി വന്ന ബസ് അപകടത്തില്‍പ്പെടുകയായിരുന്നു. രണ്ട് ബിജെപി പ്രവർത്തകരും ബസ് ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. പുലർച്ചെ 4-5 മണിയോടെയായിരുന്നു സംഭവം. സജ്ജൻ, രൂപ്ദേവ്, അക്രം റാസ എന്നിവരാണ് മരിച്ചത്. കനത്ത മഴയായതിനാൽ രക്ഷാപ്രവർത്തനത്തിന് ഏറെസമയം വേണ്ടി വന്നുവെന്നും പരിക്കേറ്റവരെ ബിലാസ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുകയും പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പുലർച്ചെ വാഹനമോടിക്കുന്നതിനിടെ ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്നാണ് പ്രാഥമിക നിഗമനം.
മരിച്ചവരുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രി ബാഗേൽ നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
അതേസമയം, നരേന്ദ്ര മോദി ഇന്ന് റായ്പുരിൽ 7500 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിട്ടു. ഏകദേശം 6,400 കോടി രൂപയുടെ 5 ദേശീയ പാത പദ്ധതികളുടെ പ്രവർത്തി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി 750 കോടി രൂപ ചെലവിൽ ഇരട്ടിപ്പിക്കൽ പൂർത്തിയാക്കിയ 103 കിലോമീറ്റർ ദൈർഘ്യമുള്ള റായ്പുർ - ഖരിയാർ റോഡ് റെയിൽ പാത, 290 കോടി രൂപ ചെലവിൽ വികസിപ്പിച്ച 17 കിലോമീറ്റർ നീളമുള്ള ക്യോട്ടി - അന്താഗഢ് റെയിൽ പാത എന്നിവ രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു.
അടിസ്ഥാനസൗകര്യം, സമ്പർക്കസൗകര്യം തുടങ്ങിയ മേഖലകളിൽ 7000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ സംസ്ഥാനത്തിന് ലഭിക്കുന്നതിനാൽ ഛത്തീസ്ഗഢിന്റെ വികസന യാത്രയ്ക്ക് ഇന്നത്തെ ദിവസം വളരെ പ്രധാന്യം അർഹിക്കുന്നുവെന്ന് പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് തുടക്കംകുറിക്കുന്ന പദ്ധതികൾ ജനങ്ങളുടെ ജീവിതം സുഗമമാക്കുമെന്നും സംസ്ഥാനത്തെ ആരോഗ്യസംരക്ഷണ സംവിധാനം ശക്തിപ്പെടുത്തു. ഈ പദ്ധതികൾ സംസ്ഥാനത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം ഛത്തീസ്ഗഢിലെ നെൽകർഷകർക്കും ധാതു വ്യവസായത്തിനും വിനോദസഞ്ചാര വ്യവസായത്തിനും പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. "ഇന്നത്തെ പദ്ധതികൾ ഛത്തീസ്ഗഢിലെ ഗോത്രമേഖലകളിൽ വികസനത്തിന്റെയും സൗകര്യത്തിന്റെയും പുതിയ യാത്രയ്ക്കു നാന്ദികുറിക്കും" - പദ്ധതികൾക്ക് സംസ്ഥാനത്തെ ജനങ്ങളെ അഭിനന്ദിച്ചുകൊണ്ടു പ്രധാനമന്ത്രി പറഞ്ഞു












Click it and Unblock the Notifications