
പെട്രോള്‍ വില കുത്തനെ കുറയും; എണ്ണ വില 90ല്‍... വന്‍ പ്രഖ്യാപനത്തിന് കാതോര്‍ത്ത് രാജ്യം
മുംബൈ: രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില കുറയാന്‍ പോകുന്നു. ഇതുസംബന്ധിച്ച പ്രഖ്യാപനം വൈകാതെയുണ്ടാകും. മാസങ്ങള്‍ക്ക് മുമ്പ് നികുതി ഘടനയില്‍ വരുത്തിയ മാറ്റം വലിയ തോതില്‍ എണ്ണ വില കുറച്ചിയിരുന്നു. എന്നാല്‍ പിന്നീട് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴ്ന്നിട്ടും ഇന്ത്യയില്‍ പെട്രോള്‍ വില കുറയ്ക്കാന്‍ കമ്പനികള്‍ തയ്യാറായിരുന്നില്ല.
ഈ സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം വരാന്‍ പോകുന്നത്. നവംബര്‍ ഏഴ് മുതല്‍ അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നിട്ടില്ല. പെട്രോളിനും ഡീസിലിനും ലിറ്ററിന് 5 രൂപ കുറയുമെന്നാണ് വിലയിരുത്തല്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞുവരികയാണ്. ക്രൂഡ് വില ഉയര്‍ന്ന ഘട്ടത്തില്‍ ഈടാക്കിയ വില തന്നെയാണ് ഇന്ത്യയില്‍ ഇപ്പോഴും നില്‍ക്കുന്നത്. ഇപ്പോള്‍ ഒരു മാസത്തോളമായി ഒരു ബാരല്‍ ക്രൂഡിന് 90 ഡോളറാണ് വില. വലിയ ലാഭമാണ് ഇതുവഴി എണ്ണ കമ്പനികള്‍ കൊയ്യുന്നത്. ഈ സാഹചര്യത്തില്‍ വില കുറയ്ക്കുമെന്നാണ് പുതിയ വിവരം.

പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് അഞ്ച് രൂപ വരെ കുറയാന്‍ സാധ്യതയുണ്ട് എന്ന് വിപണി നിരീക്ഷകനായ സഞ്ജീവ് ഭാസിന്‍ പറയുന്നു. തിങ്കളാഴ്ച ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം പ്രവചിക്കുന്നു. പെട്രോള്‍-ഡീസല്‍ വിലയില്‍ ഏറ്റവും ഒടുവില്‍ കുറവ് വരുത്തിയത് കഴിഞ്ഞ മെയ് മാസത്തിലായിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് മെയ് മാസത്തില്‍ വില കുറഞ്ഞത്. പെട്രോളിന് 8 രൂപയും ഡീസലിന് ആറ് രൂപയും കുറയ്ക്കുകയാണ് അന്ന് ചെയ്തത്. എക്‌സൈസ് ഡ്യൂട്ടില്‍ വരുത്തിയ മാറ്റമാണ് വില കുറയാന്‍ ഇടയാക്കിയത്. എന്നാല്‍ പിന്നീട് നേരിയ തോതില്‍ എണ്ണ കമ്പനികള്‍ വിലയില്‍ മാറ്റം വരുത്തിയിരുന്നു.

ഇന്ത്യയ്ക്ക് ആവശ്യമുള്ള 85 ശതമാനം എണ്ണയും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുകയാണ്. അതുകൊണ്ടുതന്നെ ആഗോള വിപണിയിലെ വിലയിലുണ്ടാകുന്ന മാറ്റം വേഗത്തില്‍ ഇന്ത്യയിലും പ്രകടമാകും. കൂടാതെ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നികുതിയാണ് ഇത്രയും ഉയര്‍ന്ന വില നല്‍കാന്‍ മറ്റൊരു കാരണം. എക്‌സൈസ് ഡ്യൂട്ടിയില്‍ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ ഇന്ത്യയില്‍ എണ്ണവില ഇടിയും.

ഇന്ത്യയില്‍ പെട്രോള്‍ വില ലിറ്ററിന് നൂറ് രൂപയില്‍ മുകളിലാണ്. മഹാരാഷ്ട്രയില്‍ വലിയ തോതില്‍ നികുതി കുറയ്ച്ചിരുന്നു. കേന്ദ്രം നികുതി കുറച്ച പിന്നാലെയായിരുന്നു മഹാരാഷ്ട്രയിലും വില കുറച്ചത്. ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളും സമാനമായ രീതിയില്‍ വില കുറച്ചു. എന്നാല്‍ കേരളത്തില്‍ നികുതി കുറച്ചില്ല. കേരളം നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്നും കേന്ദ്രം കുറയ്ക്കുമ്പോള്‍ ആനുപാതികമായ കുറവ് കേരളത്തിലുമുണ്ടാകുമെന്നുമായിരുന്നു സര്‍ക്കാര്‍ വിശദീകരണം.

ഇന്ത്യ വന്‍തോതില്‍ എണ്ണ വാങ്ങുന്നത് മൂന്ന് രാജ്യങ്ങളില്‍ നിന്നാണ്. ഇറാഖ്, സൗദി അറേബ്യ, റഷ്യ എന്നിവയാണ് ഈ രാജ്യങ്ങള്‍. റഷ്യ വില കുറച്ച് എണ്ണ നല്‍കുന്നതിനാല്‍ ഇന്ത്യ വലിയ തോതില്‍ റഷ്യയില്‍ നിന്ന് ഇറക്കുന്നുണ്ട്. അമേരിക്ക ചുമത്തിയ ഉപരോധം മറികടക്കാന്‍ റഷ്യ എണ്ണ വില കുറച്ചു നല്‍കുകയാണ്. ഇന്ത്യയും ചൈനയും ഈ അവസരം നന്നായി മുതലെടുക്കുന്നുണ്ട്.
വിവാഹത്തിനൊരുങ്ങി ഫര്സീന് മജീദ്; വധു കെ എസ് യു നേതാവ്, വിവാഹചടങ്ങില്‍ സതീശനും സുധാകരനും

നേരത്തെ ഇന്ത്യ സൗദി അറേബ്യയില്‍ നിന്നായിരുന്നു കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍ ആഭ്യന്തര യുദ്ധം ഒഴിഞ്ഞ് ഇറാഖ് വിപണിയില്‍ ഇറങ്ങിയതോടെ ആ രാജ്യത്ത് നിന്ന് ഇന്ത്യ എണ്ണ വാങ്ങാന്‍ തുടങ്ങി. ഇപ്പോള്‍ റഷ്യയില്‍ നിന്നും. ഇതോടെ ഇന്ത്യന്‍ കമ്പനികള്‍ക്ക് കുറഞ്ഞ വിലയില്‍ എണ്ണ ലഭിക്കുന്നുണ്ട്. എന്നാല്‍ അതിന്റെ ഗുണം ജനങ്ങള്‍ക്ക് നല്‍കാന്‍ കമ്പനികള്‍ തയ്യാറായിട്ടില്ല. പുതിയ സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ വില കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.