പെട്രോള്‍ വില ഇനിയും പിടിച്ചു നിര്‍ത്താന്‍ ആകില്ല; എക്‌സൈസ് നികുതി 10 രൂപ കുറച്ചിട്ടും നഷ്ടം കോടികള്‍
ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നത് കാരണം ഇന്ത്യന്‍ എണ്ണ കമ്പനികള്‍ വലിയ നഷ്ടം നേരിടുന്നു എന്ന് റിപ്പോര്‍ട്ട്. പെട്രോള്‍, ഡീസല്‍ വില വൈകാതെ വര്‍ധിപ്പിക്കുമെന്ന് സൂചന. തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ പിന്നാലെയാണ് ഈ വിവരം വന്നിരിക്കുന്നത്. ജനകീയ വികാരം എതിരാകുമെന്ന് കണ്ട് സര്‍ക്കാര്‍ വില വര്‍ധിപ്പിക്കാതിരിക്കുകയാണ് എന്ന് തിരഞ്ഞെടുപ്പ് വേളയില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
കഴിഞ്ഞ പത്ത് ആഴ്ചകള്‍ക്കിടെ ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമാണ് എണ്ണ കമ്പനികള്‍ക്ക് ഉണ്ടായതത്രെ. പശ്ചിമേഷ്യയിലെ യുദ്ധവും ഹോര്‍മുസ് പാത അടച്ചതുമാണ് ക്രൂഡ് ഓയില്‍ വില വര്‍ധിക്കാന്‍ കാരണം. റഷ്യയുടെ എണ്ണ ഇറക്കുമതിക്ക് അമേരിക്ക ഉടക്കിട്ടതും തിരിച്ചടിയായി. ഇതോടെ ഇന്ത്യയുടെ ഇറക്കുമതി ചെലവ് വന്‍തോതില്‍ കൂടിയിരിക്കുകയാണ്. പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുകയാണ് ഇനിയുള്ള ഏക മാര്‍ഗം എന്ന നിലപാടിലാണ് കമ്പനികള്‍.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ മൂന്ന് ഇന്ത്യന്‍ പൊതുമേഖലാ എണ്ണ കമ്പനികള്‍ ഓരോ ദിവസവും 1700 കോടി രൂപ വരെ നഷ്ടം നേരിട്ടുണ്ടത്രെ. ഉന്നതതല വൃത്തങ്ങളെ ഉദ്ധരിട്ട് പിടിഐ ആണ് ഈ വാര്‍ത്ത നല്‍കിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. എല്‍പിജി വില കഴിഞ്ഞ മാര്‍ച്ചില്‍ 60 രൂപ കൂട്ടിയിരുന്നു. ഇനിയും കൂട്ടിയേക്കുമെന്നാണ് വിവരം.
പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ ഇന്ത്യയുടെ 40 ശതമാനം ക്രൂഡ് ഓയില്‍ ഇറക്കുമതിയെ ബാധിച്ചിട്ടുണ്ട്. 90 ശതമാനം എല്‍പിജി ഇറക്കുമതിയും 65 ശതമാനം പ്രകൃതി വാതക ഇറക്കുമതിയും പ്രതിസന്ധിയിലായി. ഖത്തര്‍, യുഎഇ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായിരുന്നു ഇന്ത്യയുടെ പ്രധാന വാതക ഇറക്കുമതി. ഇതെല്ലാം വന്നിരുന്നത് ഹോര്‍മുസ് വഴിയാണ്. ഈ പാത അടച്ചതാണ് വെല്ലുവിളിയായത്.
എക്‌സൈസ് നികുതി കുറച്ചിട്ടും നഷ്ടം തന്നെ
എണ്ണ കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വാതകത്തിന്റെയും വില കൂട്ടണം എന്ന നിലപാടിലാണ്. എന്നാല്‍ സര്‍ക്കാരിന്റെ തീരുമാനം മാത്രമാണ് ഇനി ഉണ്ടാകേണ്ടത്. എത്ര രൂപ വര്‍ധിപ്പിക്കണം, എന്നു മുതല്‍ വര്‍ധിപ്പിക്കണം എന്നീ കാര്യങ്ങളില്‍ മാത്രം തീരുമാനം വന്നാല്‍ മതി എന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
പെട്രോള്‍, ഡീസല്‍ എക്‌സൈസ് നികുതിയില്‍ കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ വലിയ കുറവ് വരുത്തിയിരുന്നു. പെട്രോള്‍ ലിറ്ററിന് 13 രൂപയായിരുന്നു എക്‌സൈസ് നികുതി. ഇപ്പോള്‍ മൂന്ന് രൂപയാക്കി കുറച്ചു. ഡീസല്‍ ലിറ്ററിന് 10 രൂപയായിരുന്നു എക്‌സൈസ് നികുതി. ഇത് പൂര്‍ണമായും ഒഴിവാക്കുകയും ചെയ്തു. ഇതോടെ എണ്ണ കമ്പനികള്‍ക്ക് വലിയ ആശ്വാസമായി എങ്കിലും പ്രതിസന്ധി അയഞ്ഞിട്ടില്ലെന്നാണ് കമ്പനികള്‍ പറയുന്നത്.
എക്‌സൈസ് നികുതി കുറച്ചത് സര്‍ക്കാരിന്റെ വരുമാനം ഇടിച്ചിട്ടുണ്ട്. പ്രതിമാസ വരുമാനത്തില്‍ 14000 കോടി രൂപയുടെ കുറവാണ് വന്നിട്ടുള്ളത്. ഈ പ്രതിസന്ധി മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് എഥനോളിന്റെ അളവ് കൂട്ടാനുള്ള നിര്‍ദേശം. അതേസമയം, ഇറാന്‍-അമേരിക്ക സമാധാന കരാര്‍ ഒപ്പുവച്ചാല്‍ പ്രതിസന്ധി ഒരുപരിധി വരെ അവസാനിക്കും. ഇതിനുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ് എന്നാണ് വിവരം.















Click it and Unblock the Notifications