സ്വര്‍ണം വാങ്ങാന്‍ 1.20 ലക്ഷം കളയേണ്ട; 55000 രൂപയുടെ ആഭരണം പോരേ? ഈ വഴി പരീക്ഷിക്കാം
കൊച്ചി: സ്വര്‍ണവില ഉയര്‍ന്ന നിരക്കില്‍ തുടരുന്നത് സാധാരണ ഉപഭോക്താക്കളെ വലച്ചിട്ടുണ്ട്. ഇനിയും വില കുറയുമോ എന്നാണ് പലരും ജ്വല്ലറികളില്‍ വിളിച്ചു ചോദിക്കുന്നത്. എന്നാല്‍ ഇനി വലിയ തോതില്‍ വില കുറയുമെന്ന പ്രതീക്ഷ വേണ്ടെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് അര ലക്ഷത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട.
എന്നാല്‍ ഉയര്‍ന്ന വില കൊടുക്കാതെ തന്നെ സ്വര്‍ണം വാങ്ങാനുള്ള അവസരമുണ്ട്. അത് ഉപയോഗപ്പെടുത്തിയാല്‍ വലിയ തുക നമ്മുടെ അക്കൗണ്ടില്‍ തന്നെ കിടക്കുകയും ചെയ്യും. പറഞ്ഞു വരുന്നത് ഒമ്പത് കാരറ്റ് സ്വര്‍ണാഭരണങ്ങളെ കുറിച്ചാണ്. അടുത്ത കാലത്താണ് ഈ കാരറ്റിലുള്ള ആഭരണങ്ങള്‍ വിപണി പിടിച്ചടക്കാന്‍ തുടങ്ങിയത്. വലിയ തോതില്‍ ആവശ്യക്കാര്‍ എത്തുന്നുണ്ടെന്ന് പ്രമുഖ ജ്വല്ലറികളിലെ ജീവനക്കാര്‍ പറയുന്നു.

22 കാരറ്റ് സ്വര്‍ണമാണ് കേരളത്തില്‍ പൊതുവേ വില്‍ക്കപ്പെട്ടിരുന്നത്. ഇവയ്ക്ക് ഒരു പവന് 111720 രൂപയാണ് ഇന്നത്തെ വില. ആഭരണം വാങ്ങുമ്പോള്‍ ചില അധിക ചെലവുകളുണ്ടാകും. അതെല്ലാം ഉള്‍പ്പെടുത്തിയാല്‍ ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് 1.20 ലക്ഷം രൂപ ചുരുങ്ങിയത് ചെലവ് വരും. ഇതിന് പ്രയാസമുള്ളവര്‍ക്ക് മികച്ച ഒപ്ഷനാണ് ഒമ്പത് കാരറ്റ്.
ഒമ്പത് കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ ഗ്രാം വില 5765 രൂപയും പവന്‍ വില 43120 രൂപയുമാണ്. ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ കൂടി ഉപഭോക്താവ് നല്‍കണം. അതെല്ലാം ചേര്‍ക്കുമ്പോള്‍ ഒരു പവന്‍ സ്വര്‍ണാഭരണത്തിന് 55000 രൂപ ചുരുങ്ങിയത് ചെലവ് വരും. 22 കാരറ്റാണോ 9 കാരറ്റാണോ എന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയുകയുമില്ല.
9 കാരറ്റ് സ്വര്‍ണം വില കുറയാന്‍ കാരണം?
എന്തുകൊണ്ടാണ് 9 കാരറ്റ് സ്വര്‍ണത്തിന് വില കുറയുന്നത് എന്ന് അറിയാമോ. ഈ കാരറ്റില്‍ സ്വര്‍ണത്തിന്റെ അംശം കുറവാണ് എന്നതു തന്നെ കാരണം. 22 കാരറ്റില്‍ 916 ശതമാനമാണ് സ്വര്‍ണം. ബാക്കി മറ്റു ലോഹങ്ങള്‍ കൂടി ഉപയോഗിച്ചാണ് ആഭരണം നിര്‍മിക്കുക. എന്നാല്‍ 9 കാരറ്റില്‍ 375 ശതമാനം മാത്രമാണ് സ്വര്‍ണം. ബാക്കി മറ്റുലോഹങ്ങളും.
സ്വര്‍ണത്തിന്റെ അംശം കുറവും മറ്റു ലോഹങ്ങള്‍ കൂടുതലും ആയതിനാല്‍ രണ്ട് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. വേഗത്തില്‍ തിളക്കം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ആ വേളയില്‍ മഞ്ഞ പൂശേണ്ടി വരും. മറ്റൊന്ന്, ആഭരണത്തിന് കരുത്ത് കൂടും എന്നതാണ്. ആഭരണം നിര്‍മിക്കുമ്പോള്‍ മറ്റു ലോഹങ്ങള്‍ ചേര്‍ക്കുന്നത് കരുത്ത് വര്‍ധിക്കാനാണ്. 9 കാരറ്റില്‍ മറ്റു ലോഹങ്ങള്‍ കൂടുതല്‍ ആയതിനാല്‍ നല്ല ബലമുണ്ടാകും. ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ മാത്രമാണ് കിട്ടുക എന്നതും എടുത്തു പറയണം.
അതേസമയം, ഒമ്പത് കാരറ്റ് ആഭരണങ്ങള്‍ ബാങ്കുകളില്‍ വായ്പയ്ക്ക് ഈടായി നല്‍കാന്‍ സാധിക്കില്ല. 22 കാരറ്റ് ആഭരണങ്ങളും കോയിനും മാത്രമാണ് ബാങ്കുകള്‍ സ്വീകരിക്കുകയുള്ളൂ. സമ്പൂര്‍ണ സ്വര്‍ണമായ 24 കാരറ്റ് പോലും ബാങ്കുകള്‍ സ്വീകരിക്കില്ല. വില അടിക്കടി ഉയരുന്നതിനാല്‍ ഒരുപക്ഷേ ഭാവിയില്‍ 9 കാരറ്റും ബാങ്കുകള്‍ ഈടായി സ്വീകരിച്ചേക്കാം.
(Disclaimer- ഈ ആര്‍ട്ടിക്കിള്‍ 9 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ നിര്‍ബന്ധിക്കുന്നില്ല. വിപണിയിലെ വിവിധ തരം സ്വര്‍ണ വിലയെ പരിചയപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്)















Click it and Unblock the Notifications