പിഎഫ് തുക എടിഎം വഴി പിന്‍വലിക്കാം; യുപിഐ ഉപയോഗിക്കാനും അവസരം, വന്‍ മാറ്റത്തിന് കേന്ദ്രം
ന്യൂഡല്‍ഹി: പ്രൊവിഡന്റ് ഫണ്ടിലെ പണം എടിഎം വഴി പിന്‍വലിക്കാന്‍ അവസരം വരുന്നു. യുപിഐ വഴി പണം പിന്‍വലിക്കാനും അവസരം ഒരുക്കും. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ബാങ്കുകളുമായി ചര്‍ച്ച നടത്തുകയും പരീക്ഷണം നടത്തുകയും ചെയ്യുന്നു എന്ന് തൊഴില്‍ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി പ്രോഫിറ്റ് റിപ്പോര്‍ട്ട് ചെയ്തു.
വരുന്ന ഏപ്രില്‍ മുതല്‍ ആയിരിക്കും പുതിയ മാറ്റം നിലവില്‍ വരിക. ഇപിഎഫില്‍ നിന്ന് പണം പിന്‍വലിക്കുന്നത് നേരത്തെ സങ്കീര്‍ണമായ നടപടിയായിരുന്നു. അടുത്ത കാലത്ത് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാന്‍ അനുമതി ലഭിച്ചതോടെ നടപടികള്‍ ലഘൂകരിച്ചിട്ടുണ്ട്. ഇനിയും കൂടുതല്‍ ലഘൂകരിക്കല്‍ നടപടികളുടെ ഭാഗമാണ് എടിഎം വഴിയുള്ള പണം പിന്‍വലിക്കല്‍.

സംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് വിരമിക്കല്‍ കാലത്ത് സഹായകമാകുന്നതാണ് പിഎഫ്. കേന്ദ്ര സര്‍ക്കാരാണ് ഈ ഫണ്ട് നിയന്ത്രിക്കുന്നത്. തൊഴിലാളിയുടെ ശമ്പളത്തിന്റെ 12 ശതമാനവും ഉടമയുടെ ഭാഗത്തു നിന്ന് അത്ര തന്നെ തുകയും ഓരോ മാസവും നിക്ഷേപിച്ചാണ് ഫണ്ട് ഒരുക്കുന്നത്. ഇതിന്റെ ഒരു ഭാഗം പെന്‍ഷന്‍ ഫണ്ടാക്കി മാറ്റും. ഓരോ വര്‍ഷവും നിശ്ചിത ശതമാനം പലിശ സര്‍ക്കാര്‍ നിശ്ചയിക്കും. വരുന്ന സാമ്പത്തിക വര്‍ഷം 8.25 ശതമാനമാണ് പലിശ തീരുമാനിച്ചിട്ടുള്ളത്.
പിഎഫില്‍ നിന്ന് പണം നേരത്തെ പിന്‍വലിക്കാം
വിരമിക്കുന്നതിന് മുമ്പ് അടിയന്തര ഘട്ടങ്ങളില്‍ പിഎഫില്‍ നിന്ന് പണം പിന്‍വലിക്കാന്‍ അനുമതിയുണ്ട്. വിദ്യാഭ്യാസം, വിവാഹം, രോഗം, വീട് നിര്‍മാണം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ലഭിക്കുന്ന തുകയിലും മാറ്റമുണ്ടാകും. ജോലി നഷ്ടമാകുന്ന തൊഴിലാളിക്ക് പിഎഫ് തുകയുടെ 75 ശതമാനം പിന്‍വലിക്കാന്‍ സാധിക്കും. ബാക്കി 25 ശതമാനം ഒരു വര്‍ഷം കഴിഞ്ഞാല്‍ പിന്‍വലിക്കാം. പെന്‍ഷന്‍ ഫണ്ടിലെ തുക 3 വര്‍ഷം കഴിഞ്ഞാല്‍ പിന്‍വലിക്കാനും അനുമതിയുണ്ട്.
സമ്പൂര്‍ണ പിന്‍വലിക്കല്‍ സംബന്ധിച്ച് അടുത്തിടെയാണ് സര്‍ക്കാര്‍ ചട്ടങ്ങള്‍ മാറ്റിയത്. നേരത്തെ ജോലി നഷ്ടമായി രണ്ട് മാസം കഴിഞ്ഞാല്‍ പെന്‍ഷന്‍ ഫണ്ടിലെ തുക ഒഴികെ ബാക്കി എല്ലാ പണവും പിന്‍വലിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് പിന്നീട് ജോലി ലഭിക്കുമ്പോള്‍ പിഎഫില്‍ പുതിയ രജിസ്‌ട്രേഷന്‍ ആവശ്യമായി വരുന്നുണ്ട്. സീനിയോരിറ്റി നഷ്ടമാകുകയും ചെയ്യും. ഇതൊഴിവാക്കാനാണ് പെന്‍ഷന്‍ ഫണ്ട് പിന്‍വലിക്കുന്നതിന് മൂന്ന് വര്‍ഷം വരെ സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം, കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ നടപ്പാക്കിയ നാല് തൊഴില്‍ ചട്ടങ്ങള്‍ തൊഴിലാളി വിരുദ്ധമാണ് എന്ന വിമര്‍ശനം ശക്തമാണ്. തൊഴിലാളി സംഘനകള്‍ ഇതിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുകയാണ്. തൊഴില്‍ ചട്ടങ്ങളെ എതിര്‍ത്ത് 13 തൊഴിലാളി സംഘടനകളാണ് രംഗത്തുവന്നത്. കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ ചട്ടങ്ങളാണ് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത് എന്നാണ് വിമര്‍ശനം. ഏപ്രില്‍ ഒന്ന് മുതലാണ് ചട്ടങ്ങള്‍ നിലവില്‍ വരിക.












Click it and Unblock the Notifications