ബിജെപി സഖ്യത്തിന് പിണറായി വിജയന്റെ പൂർണ്ണ പിന്തുണ ലഭിച്ചു: വെളിപ്പെടുത്തലുമായി എച്ച് ഡി ദേവഗൗഡ
ബെംഗളരൂ: ജെ ഡി എസ് ദേശീയ നേതൃത്വത്തിന്റെ ബി ജെ പി സഖ്യത്തിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ലഭിച്ചിരുന്നുവെന്ന അവകാശവാദവുമായി ജെ ഡി എസ് അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ. പാർട്ടിയുടെ കേരള ഘടകവും നീക്കത്തെ പിന്തുണച്ചതായി അദ്ദേഹം പറഞ്ഞു. ബി ജെ പി സഖ്യത്തില്‍ എതിർപ്പ് അറിയിച്ച സിഎം ഇബ്രാഹിമിനെ സംസ്ഥാനാധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതറിയിച്ച വാർത്താ സമ്മേളനത്തിലായിരുന്നു ദേവഗൗഡയുടെ വെളിപ്പെടുത്തൽ.
കേരളത്തില്‍ ഭരണകക്ഷിയായ ഇടതുമുന്നണിക്കൊപ്പം നില്‍ക്കുന്ന പാർട്ടിയാണ് ജെ ഡി എസ്. ഞങ്ങള്‍ക്ക് അവിടെ രണ്ട് എം എല്‍ എമാരുണ്ട്. അതില്‍ ഒരാള്‍ മന്ത്രിയാണ്. ബി ജെ പിയുമായി ചേർന്നുപോകുന്നതിന്റെ കാരണം അവർ മനസ്സിലാക്കി. ഞങ്ങളുടെ മന്ത്രി ആ നീക്കത്തിന് സമ്മതം തന്നു. പാർട്ടിയെ രക്ഷിക്കാൻ ബി ജെ പിക്കൊപ്പം ചേരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനും പൂർണ സമ്മതം തന്നതാണെന്നും ദേവഗൗഡ പറഞ്ഞു.

ബി ജെ പിയുമായുള്ള സഖ്യത്തെ കേരളത്തിന് പുറമെ തമിഴ്‌നാട്, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാന ഘടകങ്ങൾ അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബി ജെ പി സഖ്യത്തില്‍ കേരള ഘടകം ശക്തമായ എതിർപ്പാണ് ഉയർത്തിയത്. കേരളത്തിൽ ഇടതുമുന്നണിയോടൊപ്പം നിന്നുകൊണ്ട് ദേശീയ നേതൃത്വത്തെ സംസ്ഥാന ഘടകം പരസ്യമായി തള്ളുകയും ചെയ്തു. ഇക്കാര്യം സംസ്ഥാനനേതാക്കൾ ദേവഗൗഡയെ നേരിൽ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദേവഗൗഡയുടെ വെളിപ്പെടുത്തല്‍ സംസ്ഥാന ഘടകത്തേയും സി പി എമ്മിനേയും പ്രതിസന്ധിയിലാക്കും എന്നതില്‍ സംശയമില്ല.
അതേസമയം, സംസ്ഥാന പ്രവർത്തക സമിതി പിരിച്ചുവിട്ട് പാർട്ടിയുടെ കർണാടക ഘടകം അധ്യക്ഷൻ സി എം ഇബ്രാഹിമിനെ പുറത്താക്കിയതായി ദേവഗൗഡ അറിയിച്ചു. അദ്ദേഹത്തിന് പകരം മകനും മുൻ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിയെ പാർട്ടിയുടെ സംസ്ഥാന ഘടകത്തിന്റെ അഡ്-ഹോക്ക് പ്രസിഡന്റായി നിയമിക്കുകയും ചെയ്തു.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിയുമായി സഖ്യമുണ്ടാക്കുന്നതിനെതിരെ ശക്തമായ നിലപാടായിരുന്നു സിഎം ഇബ്രാഹീം സ്വീകരിച്ചു. 'പാർട്ടി ഭരണഘടന അനുസരിച്ചാണ് ഇബ്രാഹിമിനെ പുറത്താക്കിയത്. ഇബ്രാഹിമിനെ പുറത്താക്കാനുള്ള തീരുമാനം അന്തിമമാണ്. കുമാരസ്വാമിയാണ് പുതിയ പാർട്ടി അധ്യക്ഷന്‍' ജെ ഡി എസ് ദേശീയ അധ്യക്ഷന്‍ വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഒക്‌ടോബർ 16-ന് ജെഡി(എസ്) ലെ സമാന ചിന്താഗതിക്കാരായ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ബി ജെ പിയുമായി സഖ്യം ചേരാനുള്ള പാർട്ടി തീരുമാനത്തിനെതിരെ ഇബ്രാഹിം ശക്തമായ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. കേരളം ഉള്‍പ്പെടേയുള്ള സംസ്ഥാന ഘടകങ്ങളും സമാനമായ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications