രാജ്യത്തിന് ചരിത്ര നിമിഷം, കൊവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി
ദില്ലി: രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ദൗത്യത്തിനാണ് ഇന്ത്യ തുടക്കം കുറിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞു. ഇത്രയും നാള്‍ വാക്‌സിന്‍ എവിടെ എന്നായിരുന്നു എല്ലാവരും ചോദിച്ച് കൊണ്ടിരുന്നത്. ഇപ്പോള്‍ കുറഞ്ഞ സമയത്തിനുളളില്‍ തന്നെ രണ്ട് വാക്‌സിനുകള്‍ എത്തിയിരിക്കുകയാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു.
വാക്‌സിനേഷന്‍ യജ്ഞത്തെ ചരിത്രപരം എന്നാണ് നരേന്ദ്ര മോദി വിശേഷിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ പൗരന്മാരെയും കൊവിഡ് വാക്‌സിന് വേണ്ടി പ്രയത്‌നിച്ച ശാസ്ത്രജ്ഞരേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. മാസങ്ങളുടെ ഉറക്കമില്ലായ്മയും നീണ്ട പ്രയത്‌നവും വാക്‌സിന് പിന്നിലുണ്ടെന്ന് മോദി പറഞ്ഞു. ഇത് ഇന്ത്യയുടെ ശേഷിയുടേയും പ്രതിഭയുടേയും തെളിവാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കൊവിഡ് വാക്‌സിനേഷന്റെ ആദ്യ ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകരും കൊവിഡ് മുന്നണി പോരാളികളും ഹൈ റിസ്‌ക് ഗണത്തില്‍പ്പെടുന്നവരുമായ 3 കോടി ആളുകള്‍ക്കാണ് കുത്തിവെപ്പ് എടുക്കുക എന്ന് മോദി പറഞ്ഞു. കൊവിഡ് വാക്‌സിനേഷന്റെ ഘട്ടത്തിലും രാജ്യം ജാഗ്രത കൈവെടിയരുത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ വിലയിലാണ് ഇന്ത്യയില്‍ കൊവിഡ് വാക്‌സിനുകള്‍ ലഭ്യമാക്കുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് കാരണം രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുക എന്നത് ഒട്ടും എളുപ്പമായിരുന്നില്ല. മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും കൊറോണയ്ക്ക് എതിരെ നടത്തിയ പോരാട്ടം വരും തലമുറയ്ക്ക് മാതൃകയാണ്. ലോകം ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു മഹാമാരിയാണ് സംഭവിച്ചത്. വന്ദേ ഭാരത് ദൗത്യത്തിലൂടെ പ്രവാസികളെ നാട്ടില്‍ എത്തിക്കാന്‍ സാധിച്ചു. രാജ്യത്ത് മരണനിരക്ക് കുറയ്ക്കാനും സാധിച്ചുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.