'തുടര്‍ച്ചയായി തോല്‍ക്കുന്നവരുടെ വേദന എനിക്ക് മനസ്സിലാകും'; പ്രതിപക്ഷത്തെ പരിഹസിച്ച് മോദി
ന്യൂഡല്‍ഹി: പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടര്‍ച്ചയായി തിരഞ്ഞെടുപ്പില്‍ തോറ്റ ചിലരുടെ വേദന തനിക്ക് മനസ്സിലാകും എന്ന് മോദി പറഞ്ഞു. ലോക്‌സഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയിലെ മറുപടി പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം പ്രധാനമന്ത്രി സംസാരിക്കുന്നതിനിടെ പ്രതിപക്ഷം സഭയില്‍ മുദ്രാവാക്യം വിളികളുമായി ബഹളം വെച്ചു.
'ഇന്നലെയും ഇന്നും രാവിലെയും നിരവധി എംപിമാര്‍ രാഷ്ട്രപതിയുടെ പ്രസംഗത്തെക്കുറിച്ച് തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പാണ് ഇതെന്ന് രാഷ്ട്രം ലോകത്തിന് കാണിച്ചുകൊടുത്തു. തുടര്‍ച്ചയായി കള്ളം പറഞ്ഞിട്ടും തിരഞ്ഞെടുപ്പില്‍ തോറ്റ ചിലരുടെ വേദന എനിക്ക് മനസ്സിലാകും. ഇന്ത്യയിലെ ജനങ്ങള്‍ തുടര്‍ച്ചയായി മൂന്നാം തവണയും അവരെ സേവിക്കാന്‍ ഞങ്ങള്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്,' മോദി പറഞ്ഞു.

രാജ്യത്തിന്റെ ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു സംഭവമാണ് ഇത് എന്നും തങ്ങളുടെ പത്ത് വര്‍ഷത്തെ ട്രാക്ക് റെക്കോര്‍ഡ് പൊതുജനങ്ങള്‍ കണ്ടു എന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരുപാട് കാലം പ്രീണനത്തിന്റെ രാഷ്ട്രീയത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഞങ്ങളുടെ തത്വം ആരെയും പ്രീണിപ്പിക്കരുത് എന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഴിമതിക്കെതിരായ തങ്ങളുടെ പോരാട്ടത്തെ ജനം അംഗീകരിച്ചു.
'ഇന്ത്യ ആദ്യം' എന്ന ആശയത്തിന് ശക്തമായ ജനപിന്തുണ തങ്ങള്‍ക്ക് ലഭിച്ചു എന്നും അഴിമതിയോട് സഹിഷ്ണുതയില്ലാത്ത നയത്തിന് രാജ്യം എന്‍ഡിഎയെ അനുഗ്രഹിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. ഇന്ന് ഇന്ത്യയുടെ വിശ്വാസ്യത ലോകമെമ്പാടും വര്‍ധിച്ചിരിക്കുന്നു. ഞങ്ങളുടെ എല്ലാ നയങ്ങളുടെയും, എല്ലാ തീരുമാനങ്ങളുടെയും, എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഏക ലക്ഷ്യം ആദ്യം ഇന്ത്യ എന്നതാണ് എന്നും മോദി പറഞ്ഞു.
'വികസിത ഭാരതം എന്നതാണ് ഞങ്ങളുടെ അജണ്ട. അത് നിറവേറ്റാന്‍ ഞങ്ങള്‍ ശ്രമിക്കുമെന്നും ഞങ്ങള്‍ അത് പൂര്‍ണ്ണ സമര്‍പ്പണത്തോടെയും സത്യസന്ധതയോടെയും ചെയ്യുമെന്നും ഞങ്ങളുടെ സമയത്തിന്റെ ഓരോ നിമിഷവും ചെലവഴിക്കുമെന്നും ഞാന്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു,' മോദി പറഞ്ഞു. 2014 ന് മുന്‍പ് നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു.
രാജ്യം നിരാശയുടെ പടുകുഴിയില്‍ മുങ്ങിപ്പോയിരുന്നു. രാജ്യത്തിനുണ്ടായ നഷ്ടം നാട്ടുകാരുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടതാണ്. വിശ്വാസവും ആത്മവിശ്വാസവും നഷ്ടപ്പെടുമ്പോള്‍ വ്യക്തിക്കും സമൂഹത്തിനും രാജ്യത്തിനും എഴുന്നേറ്റു നില്‍ക്കാന്‍ ബുദ്ധിമുട്ടാണ് എന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന തലയില്‍ വച്ച് നൃത്തം ചെയ്യുന്നവര്‍ ജമ്മു കശ്മീരില്‍ അത് നടപ്പാക്കാന്‍ തുനിഞ്ഞില്ലെന്നും ബിആര്‍ അംബേദ്കറെ അപമാനിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഞങ്ങളുടെ വിജയത്തെ ഞങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകും. പുരോഗതിയുടെ വേഗത വര്‍ധിപ്പിക്കുക എന്നതാണ് ഞങ്ങളുടെ വെല്ലുവിളി. ഈ സര്‍ക്കാര്‍ ദരിദ്രര്‍ക്കായി 4 കോടി വീടുകള്‍ നിര്‍മ്മിച്ചു. കൂടാതെ 3 കോടി വീടുകള്‍ കൂടി നിര്‍മ്മിക്കുമെന്നും ആരും വീടില്ലാത്തവരല്ലെന്ന് ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. അതേസമയം മണിപ്പൂര്‍, നീറ്റ് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.












Click it and Unblock the Notifications