കോവിഡ് കേസുകൾ വർധിക്കുന്നു; പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്
ഒരാഴ്ചയ്ക്കിടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ 33 ശതമാനം വർധനവ് ഉണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു
ന്യൂഡൽഹി: രാജ്യത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് വ്യാപനം വീണ്ടും തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ഇടവേളയ്ക്ക് ശേഷം കർണാടകം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുകയാണ്. ഈ അവസരത്തിൽ രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് ഉച്ചയ്ക്കാണ് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ യോഗം ചേരുന്നത്. മൂന്നാം ഘട്ട വാക്സിൻ വിതരണവും യോഗത്തിൽ ചർച്ചയാകും.
വീൽചെയറിൽ പ്രചാരണത്തിനെത്തി മമത ബാനർജി- ചിത്രങ്ങൾ

ഒരാഴ്ചയ്ക്കിടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ 33 ശതമാനം വർധനവ് ഉണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. ഈ വര്‍ഷം ആദ്യത്തോടെ രാജ്യത്തെ പ്രതിദിന കോവിഡ് വ്യാപനത്തില്‍ കുറവുണ്ടായെങ്കിലും ഇപ്പോൾ കോവിഡ് കേസുകൾ വർധിക്കുകയാണ്. കഴിഞ്ഞ 85 ദിവസത്തിനിടയിലെ ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് രാജ്യത്ത് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ജനുവരിയോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 10,000-ല്‍ താഴെ വന്നിരുന്നു.
രോഗവ്യാപനം കുറഞ്ഞ് വന്നതോടെ ആളുകൾ സ്വമേദയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതാണ് കോവിഡ് കേസുകൾ വീണ്ടും ഉയരാൻ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ഈ സാഹചര്യത്തിൽ മുംബൈ നഗരത്തിലടക്കം ഭാഗിക ലോക്ക്ഡൗൺ പരിഗണനയിലെത്തിയിരുന്നു. കർണാടകയിലാണ് ഇപ്പോൾ കോവിഡ് രോഗവ്യാപനം വലിയ പ്രതിസന്ധിയും ആശങ്കയും സൃഷ്ടിക്കുന്നത്.
അതേസമയം രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ കർണാടക തീരുമാനിച്ചു. കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഇനി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാതിരിക്കണമെങ്കിൽ ജനങ്ങൾ കർശനമായി സാമൂഹിക അകലം പാലിക്കണമെന്നും മാസ്ക് നിർബന്ധമായി ധരിക്കണമെന്നും മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ പറഞ്ഞു.
Recommended Video
വീണ്ടും രോഗവ്യാപനം വർധിക്കാൻ കാരണം കോവിഡ് പ്രതിരോധത്തില്‍ ജനങ്ങളുടെ അനാസ്ഥയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. "ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് കോവിഡ് കേസുകള്‍ ഉയര്‍ന്നു നില്‍ക്കുന്നത്. രാജ്യത്തെ കോവിഡ് കേസുകളില്‍ 85 ശതമാനവും അഞ്ച്-ആറ് സംസ്ഥാനങ്ങളിലാണ്. രോഗബാധ ഇവിടങ്ങളില്‍ ഉയര്‍ന്നു നില്‍ക്കാന്‍ കാരണം ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കല്‍ അടക്കമുള്ള വൈറസ് പ്രതിരോധ മാര്‍ഗങ്ങള്‍ വേണ്ടവിധം സ്വീകരിക്കാത്തതാണ്," അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ പുതിയതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറവാണ്. സംസ്ഥാനത്ത് ഇന്നലെ 1970 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2884 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 26,127 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,63,444 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ് 19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4422 ആയി.












Click it and Unblock the Notifications