ആർഎസ്എസ് ആസ്ഥാനത്ത് എത്തി പ്രധാനമന്ത്രി; 'പ്രചോദനം നൽകുന്ന ഇടമെന്ന്'
മുംബൈ: നാഗ്പൂരിലെ ആർ എസ് എസ് ആസ്ഥാനത്ത് എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർ എസ് എസ് സ്ഥാപകൻ ഡോ കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റേയും സർസംഘചാലക് എം എസ് ഗോൾവാർക്കറിന്റേയും സ്മൃതി മന്ദിരത്തിൽ അദ്ദേഹം ആദരാജ്ഞലി അർപ്പിച്ചു. ആർ എസ് എസ് തലവൻ മോഹൻ ഭാഗവതും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
'ആരാധ്യനായ ഡോ ഹെഡ്‌ഗേവാർ ജിക്കും ബഹുമാന്യരായ ഗുരുജികൾക്കും എന്റെ ഹൃദയംഗമമായ ആദരാഞ്ജലികൾ . അവരുടെ ഓർമ്മകൾ സൂക്ഷിക്കുന്ന ഈ സ്മാരകം സന്ദർശിച്ചപ്പോൾ ഹൃദയത്തിന് അമിതഭാരം തോന്നുന്നു. ഇന്ത്യയുടെ സംസ്കാരത്തിന്റേയും ദേശീയതയുടേയും മൂല്യങ്ങൾക്കായി അർപ്പിച്ചിരിക്കുന്ന ഈ പുണ്യസ്ഥലം രാജ്യത്തെ സേവിക്കാൻ പ്രചോദിപ്പിക്കുന്നതാണ് '; പ്രധാനമന്ത്രി സന്ദർശക പുസ്തകത്തിൽ കുറിച്ചു.

ഈ സ്ഥലത്തെ എല്ലാ മഹാരഥൻമാരുടേയും സമർപ്പണവും കഠിനാധ്വാനവും രാഷ്ട്രസേവനത്തിൽ പ്രതിജ്ഞാബദ്ധരായ ദശലക്ഷക്കണക്കിന് യുവാക്കൾക്ക് ആത്മവീര്യവും ഊർജവും നൽകുന്നതാണ്. നമ്മുടെ ഈ പരിശ്രമങ്ങളിലൂടെ ഭാരതമാതാവിന്റെ മഹത്വം തുടർന്നും പ്രകാശിക്കട്ടെ', മോദി എഴുതി.
ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആർ എസ് എസ് ആസ്ഥാനത്ത് എത്തുന്നത്. ഹിന്ദു പുതുവത്സരത്തിൻ്റെ തുടക്കമായ ഗുഡി പദ്‌വയോടനുബന്ധിച്ചാണ് മോദി ആർ എസ് എസ് ആസ്ഥാനം സന്ദർശിച്ചത്. ആർ എസ് എസ് 100 വർഷം പൂർത്തിയാക്കുന്ന സന്ദർഭത്തിൽ കൂടിയാണ് സന്ദർശനം. ആർ എസ് എസ് നേതൃത്വത്തിലുള്ള മാധവ് നേത്രാലയം ആശുപത്രിയുടെ പുതിയ കെട്ടിടത്തിനും മോദി തറക്കല്ലിട്ടു.
അതേസമയം മോദിയുടെ സന്ദർശനം ചരിത്രപരമാണെന്ന് ആർ എസ് എസ് നേതാവ് അഷുതോഷ് അഡോണി പ്രതികരിച്ചു. 'വളരെ പ്രധാനപ്പെട്ടതും ചരിത്രപരവുമായ നിമിഷമാണിത്. പ്രധാനമന്ത്രി പദത്തിലുള്ള ഒരു പ്രവർത്തകനാണ് ഈ പ്രത്യേക ദിനത്തിൽ സ്മൃതി മന്ദിരത്തിൽ എത്തിയിരിക്കുന്നത്', അഡോണി പറഞ്ഞു. അതിനിടെ ബി ജെ പിക്കും ആർ എസ് എസിനുമിടയിൽ അതൃപ്തികൾ ഉണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ആർ എസ് എസ് നേതാക്കൾ തള്ളി. ' ഇരു സംഘടനകളും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളൊന്നും തന്നെ ഇല്ല. ഇതൊക്കെ രാഷ്ട്രീയ പ്രേരിതമായ പ്രചാരണങ്ങൾ മാത്രമാണ്',ആർ എസ് എസ് നേതാവ് ശേഷാദ്രി ചാരി പറഞ്ഞു.
അതേസമയം നാഗ്പൂർ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഛത്തീസ്ഗഡ് സന്ദർശിക്കും. അവിടെ 33,700 കോടിയിലധികം രൂപയുടെ വൈദ്യുതി, എണ്ണ, വാതകം, റെയിൽ, റോഡ്, വിദ്യാഭ്യാസം, ഭവന പദ്ധതികൾക്ക് മോദി തറക്കല്ലിടും.












Click it and Unblock the Notifications