വിവാഹത്തിന് പിന്നാലെ പീഡനക്കേസ്; സംവിധായകന്‍ ശങ്കറിന്റെ മരുമകന്‍ വെട്ടില്‍, പിതാവും പ്രതി
ചെന്നൈ: സിനിമാ രംഗത്തുള്ളവര്‍ക്ക് കഷ്ടകാലമാണെന്ന് തോന്നിപ്പോകും പുതിയ വാര്‍ത്തകള്‍ കേട്ടാല്‍. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ മയക്ക് മരുന്ന് കേസില്‍ പെട്ടത് കഴിഞ്ഞ കുറേ ദിവസമായി ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയാണ്. ആര്യന് ജാമ്യം നിഷേധിച്ചതോടെ ഇന്ന് രാവിലെ ഷാരൂഖ് ഖാന്‍ മകനെ മുംബൈയിലെ ജയിലിലെത്തി കണ്ടു. അറസ്റ്റിലായ ശേഷം ആദ്യമായിട്ടായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. തൊട്ടുപിന്നാലെ അന്വേഷണ സംഘം ഷാരൂഖ് ഖാന്റെ വീടായ മന്നത്തിലെത്തി പരിശോധന നടത്തി. മറ്റൊരു നടിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും ചെയ്തു.
അതിനിടെയാണ് സംവിധായകന്‍ എസ് ശങ്കറിന്റെ പേരില്‍ പുതിയ വാര്‍ത്ത വരുന്നത്. അദ്ദേഹത്തിന്റെ മരുമകന്‍ കാരണമാണ് ശങ്കറിന്റെ പേര് മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുന്നത്. മരുമകന്‍ ക്രിക്കറ്റ് കോച്ചിങിനെത്തിയ 16കാരിയെ പീഡിപ്പിച്ചിരിക്കുന്നുവെന്നാണ് വാര്‍ത്ത. മരുമകന്റെ അച്ഛനും കേസില്‍ പ്രതിയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

പ്രശസ്ത സംവിധായകനാണ് എസ് ശങ്കര്‍. അദ്ദേഹത്തിന്റെ മൂത്ത മകള്‍ ഐശ്വര്യയുടെ ഭര്‍ത്താവ് രോഹിത്ത് ദാമോദരനെതിരെയാണ് പുതിയ ആരോപണം. കഴിഞ്ഞ ജൂണിലായിരുന്നു ഇരുവരുടെയും വിവാഹം. ഇതിന് ശേഷമാണ് 16കാരിയെ പീഡിപ്പിച്ചത് എന്ന് പരാതിയില്‍ പറയുന്നു. പല തവണ പീഡനത്തിന് ഇരയായി എന്നാണ് ഇരയുടെ മൊഴി.

ശങ്കറിന്റെ മകളുടെ വിവാഹം ഗംഭീര ചടങ്ങായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിവാഹത്തിന് എത്തിയത് വാര്‍ത്തയായിരുന്നു. ഒരു ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ് രോഹിത്ത് ദാമോദരന്‍. പിതാവ് ദാമോദരന്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ സെക്രട്ടറിയാണ്. ഇരുവരെയും പ്രതി ചേര്‍ത്താണ് പെണ്‍കുട്ടിയുടെ പരാതി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. പോക്‌സോ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ കുടുംബം പുതുച്ചേരിയിലെ മേട്ടുപാളയം പോലീസ് സ്‌റ്റേഷനിലെത്തിയാണ് പരാതി നല്‍കിയതത്രെ. ചൊവ്വാഴ്ച രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അന്യന്‍, ജെന്റില്‍മാന്‍, ജീന്‍സ്, ഇന്ത്യന്‍ തുടങ്ങി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് എസ് ശങ്കര്‍. അന്യന്‍ എന്ന സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. അതിനിടെയാണ് മരുമകനെതിരെ കേസ് വന്നിരിക്കുന്നത്. കുടുംബവുമായി ശങ്കര്‍ സംസാരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാഥമിക അന്വേഷണമാണ് ഇപ്പോള്‍ പോലീസ് നടത്തുന്നത്.

ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത്ത് ദാമോദരന്‍, ക്ലബ്ബ് സെക്രട്ടറിയായ പിതാവ് ദാമോദരന്‍, ക്രിക്കറ്റ് കോച്ച് തമറായ് കണ്ണന്‍, മറ്റു രണ്ടുപേര്‍... ഇത്രയും പേരെ പ്രതികളാക്കിയാണ് കേസ് നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടി ക്ലബ്ബില്‍ കോച്ചിങിന് പോയിരുന്നു. ഈ വേളയിലാണ് പീഡനം നടന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. പ്രതികള്‍ തന്നെ പീഡിപ്പിച്ചു എന്നാണ് പരാതി. വിശദമായ അന്വേഷണത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കൂ എന്ന് പോലീസ് പറയുന്നു.

ക്രൂരമായി പീഡിപ്പിച്ച പ്രതികള്‍, പുറത്തുപറഞ്ഞാല്‍ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. തുടര്‍ന്ന് പെണ്‍കുട്ടിയും കുടുംബവും ശിശു ക്ഷേമ സമിതിയില്‍ പരാതി നല്‍കി. അവരാണ് പോലീസിന് പരാതി കൈമാറിയത്. പിന്നീട് ഇരയും കുടുംബവും പോലീസിനോട് കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. സംവിധായകന്‍ ശങ്കറിന് ഏറെ നാണക്കേടുണ്ടാക്കുന്ന സംഭവമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആഴ്ചകള്‍ക്ക് മുമ്പാണ് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ മയക്ക് മരുന്ന് കേസില്‍ അറസ്റ്റിലായത്. വിശദമായ ചോദ്യം ചെയ്യലില്‍ ആര്യന് മയക്ക് മരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് ബോധ്യമായി എന്നാണ് അന്വേഷണ സംഘം പറയുന്നത്. തുടര്‍ന്ന് ആര്യന്റെ ജാമ്യ ഹര്‍ജി കോടതി തള്ളി. ഈ പശ്ചാത്തലത്തിലാണ് ഷാരൂഖ് ഖാന്‍ ഇന്ന് ജയിലിലെത്തി മകനെ നേരിട്ട് കണ്ടത്. ഉടനെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നാണ് അഭിഭാഷകര്‍ പറയുന്നത്. ആര്യന് സംഭവത്തില്‍ പങ്കില്ലെന്നും അന്വേഷണ സംഘം ബോധപൂര്‍വം ചില ഇടപെടലുകള്‍ നടത്തുകയാണ് എന്നും വിമശര്‍ശനമുണ്ട്.












Click it and Unblock the Notifications