സൈന്യത്തിനെതിരെ കല്ലെറിഞ്ഞാൽ ഇനി പാസ്‌പോർട്ടില്ല, സർക്കാർ ജോലിയിലും പരിഗണിക്കില്ല; ജമ്മു കശ്മീരിൽ കർശന നിർദേശം
ഇവരെ സർക്കാർ ജോലിയിലേക്കും പരിഗണിക്കേണ്ടെന്നാണ് തീരുമാനം
ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യത്തിനെതിരെ ഉൾപ്പടെ നടക്കുന്ന പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവക്കെതിരെ കർശന നടപടിയുമായി ഭരണകൂടം. സൈന്യത്തിനെതിരെ കല്ലെറിയുക, മറ്റ് അട്ടിമറി ശ്രമങ്ങളുടെ ഭാഗമാകുക എന്നിവ ചെയ്യുന്നവർക്ക് പാസ്പോർട്ട് ക്ലിയറൻസ് നൽകേണ്ടെന്ന് ജമ്മു കശ്മീർ ഭരണകൂടം ഉത്തരവിറക്കി. ഇവരെ സർക്കാർ ജോലിയിലേക്കും പരിഗണിക്കേണ്ടെന്നാണ് തീരുമാനം.

ശനിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ, കശ്മീരിലെ സീനിയർ പോലീസ് സൂപ്രണ്ട്, സിഐഡി, സ്പെഷ്യൽ ബ്രാഞ്ച് (എസ്ബി), എന്നിവരോട് ഇത്തരക്കാരെ മാറ്റി നിർത്താൻ നിർദേശിക്കുന്നു. പാസ്പോർട്ട് വേരിഫിക്കേഷൻ വരുമ്പോൾ ഇക്കാര്യം കർശനമായി പരിശോധിക്കണം. ഇതിനായി പൊലീസിന്റെ കൈവശമുള്ള സിസിടിവി ദൃശ്യങ്ങൾ, ചിത്രങ്ങൾ, ഓഡിയോ ക്ലിപ്പുകൾ തുടങ്ങിയ ഡിജിറ്റൽ തെളിവുകളും പരിശോധിക്കാം.
ഇനി മുതൽ സർക്കാർ ജോലിക്ക് പരിഗണിക്കുമ്പോഴും ഇക്കാര്യം ഉറപ്പുവരുത്തണം. പൊലീസിന്റെ പരിശോധനയിൽ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ സുരക്ഷാ ക്ലിയറൻസ് നൽകരുതെന്ന് ഉത്തരവിൽ പറയുന്നു. ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ശ്രീനഗർ മുനിസിപ്പൽ കോർപ്പറേഷൻ സെക്രട്ടറിയെ ജമ്മു കശ്മീർ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.












Click it and Unblock the Notifications