രാഷ്ട്രീയ പാര്‍ട്ടി നയിക്കേണ്ടത് കരാറുകാരനല്ല, പ്രശാന്ത് കിഷോറിനെതിരെ തുറന്നടിച്ച് തൃണമൂല്‍ എംപി
ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രശാന്ത് കിഷോറിനെതിരെയുള്ള പ്രശ്‌നങ്ങള്‍ കടുക്കുന്നു. പ്രമുഖ എംപി കല്യാണ്‍ ബാനര്‍ജിയാണ് കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ നയിക്കേണ്ടത് കരാറുകാരനല്ലെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ഒരു മേഖലയില്‍ നിന്നുള്ള എംപിയാണ്. എന്നാല്‍ തന്റെ മണ്ഡലത്തിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ നിയമനങ്ങളൊന്നും തന്നോട് ചോദിക്കുക പോലും ചെയ്യാതെയാണ് നടത്തുന്നതെന്ന് കല്യാണ്‍ ബാനര്‍ജി പറയുന്നു. ഐപാക്ക് നിരവധി പേരെ ഭരണകാര്യ സമിതികളില്‍ നിയമിച്ചിട്ടുണ്ട്. ഇത് തനിക്ക് വേണ്ടപ്പെട്ടവരെ പറഞ്ഞ് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ വീണ്ടും വിജയിപ്പിക്കുന്നതില്‍ നിര്‍ണായക റോളുണ്ടായിരുന്നു പ്രശാന്തിന്. സര്‍ക്കാരിനെ വീടുകളില്‍ എത്തിക്കുക, മമതയെ ബംഗാളിന്റെ മകളാക്കി മാറ്റിയത്, തുടങ്ങിയ തന്ത്രങ്ങള്‍ വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നു. ഇതുവരെ ഐപാക്ക് ഒരുക്കിയ തന്ത്രങ്ങള്‍ കാരണം തൃണമൂലിന് നഷ്ടപ്പെട്ട കോട്ടകളെല്ലാം തിരിച്ചുപിടിക്കാന്‍ സാധിച്ചിരുന്നു. അതേസമയം പ്രശാന്ത് വലിയ അധികാര കേന്ദ്രമായി വളരുന്നത് ഒട്ടും താല്‍പര്യമില്ലാത്തത് തൃണമൂല്‍ നേതാക്കള്‍ക്കാണ്. ഇവരുടെ കാര്യങ്ങളിലെല്ലാം ഐപാക്ക് ഇടപെടുന്നുണ്ട്. സോഷ്യല്‍ മീഡിയ അക്കൗണ്ട് വരെ അനുമതിയില്ലാതെ ഐപാക്ക് ഉപയോഗിക്കുന്നുവെന്നാണ് പരാതി.
ഗോവയിലും ഐപാക്കിനെതിരെ പരാതി ഉയര്‍ന്നിട്ടുണ്ട്. ഗോവ തൃണമൂല്‍ അധ്യക്ഷന്‍ കിരണ്‍ കണ്ഡോല്‍ക്കര്‍ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. ഐപാക്ക് തൃണമൂലിന്റെ പ്രചാരണത്തെ ഉപേക്ഷിച്ചത് പോലെയായിരുന്നു. സ്ഥാനാര്‍ത്ഥികള്‍ക്കായി അവര്‍ ഒന്നും ചെയ്തിട്ടില്ലെന്നും കണ്ഡോല്‍ക്കര്‍ കുറ്റപ്പെടുത്തി. അതേസമയം താന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കുന്നില്ല. പക്ഷേ ഐപാക്കിന്റെ പ്രവര്‍ത്തനത്തില്‍ താന്‍ അതൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു. ഗോവയില്‍ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയാണ് തൃണമൂല്‍ മത്സരിച്ചത്. എന്നാല്‍ ഗോവയിലെ സാഹചര്യം തൃണമൂലിന് അനുകൂലമല്ലെന്നാണ് വിലയിരുത്തല്‍.
ജയിക്കുന്ന പാര്‍ട്ടികള്‍ക്കൊപ്പം നില്‍ക്കുന്ന സ്റ്റൈലാണ് എപ്പോഴും പ്രശാന്തിനുണ്ടാവാറുള്ളത്. ഗോവയില്‍ തൃണമൂലിനെ പ്രശാന്ത് കൈവിട്ടത് അതുകൊണ്ടാണെന്നും സൂചനയുണ്ട്. തൃണമൂലിന്റെ ദേശീയ പ്ലാനിന് തല്‍ക്കാലം തിരിച്ചടിയുണ്ടായിരിക്കുകയാണ്. അഭിഷേക് ബാനര്‍ജിയുമായുള്ള പ്രശ്‌നങ്ങളും വലിയ വെല്ലുവിളിയാണ്. പ്രശാന്തും അഭിഷേകും തമ്മിലുള്ള ബന്ധമാണ് തൃണമൂലില്‍ പ്രശ്‌നങ്ങള്‍ വഷളാക്കിയതെന്ന് സീനിയര്‍ നേതാക്കള്‍ കരുതുന്നു. നേരത്തെ പ്രശാന്ത് കിഷോറും തൃണമൂലുമായുള്ള കരാര്‍ തുടങ്ങാന്‍ താല്‍പര്യമില്ലെന്ന് അദ്ദേഹം തന്നെ മമത ബാനര്‍ജിയെ അറിയിച്ചെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രശ്‌നങ്ങള്‍ക്കിടെ അഭിഭേഷകിനെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മമത മാറ്റിയിരുന്നില്ല.












Click it and Unblock the Notifications